25 April Thursday
കെ ഫോൺ കേരളത്തിന്റെ മുക്കിലും മൂലയിലും 
ഇന്റർനെറ്റ്‌ ഉറപ്പാക്കും

കുട്ടികൾക്ക് 
ഇതാ, ലാപ്‌ടോപ്‌ ; 14 ജില്ലയിലായി 200 പേർക്ക്‌; വിദ്യാശ്രീ പദ്ധതി തുടങ്ങി

സ്വന്തം ലേഖകൻUpdated: Saturday Feb 20, 2021

‘വിദ്യാശ്രീ’ പദ്ധതിയുടെ ഉദ്‌ഘാടന ചടങ്ങിൽ ലാപ്‌ ടോപ് ലഭിച്ച സന്തോഷത്തിൽ വൈപ്പിൻ സ്വദേശികളായ 
ആശ മാധവും സി ബി രഞ്ജനയും  ഫോട്ടോ: സുനോജ് നൈനാൻ മാത്യു

തിരുവനന്തപുരം

എല്ലാ വിദ്യാർഥികൾക്കും ലാപ്‌ടോപ് ലഭ്യമാക്കാനുള്ള സംസ്ഥാനത്തിന്റെ അഭിമാന ചുവടുവെയ്‌പായ വിദ്യാശ്രീ പദ്ധതി തുടങ്ങി.  ആദ്യഘട്ട ലാപ്‌ടോപ് വിതരണ ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.  14 ജില്ലയിലായി 200 പേർക്ക്‌ വെള്ളിയാഴ്‌ച ‌ വിതരണംചെയ്‌തു.

എല്ലാവരിലേക്കും അവരുടെ ബജറ്റിൽ ഒതുങ്ങുന്ന ലാപ്‌ടോപ് ലഭ്യമാക്കി ഡിജിറ്റൽ അന്തരം ഇല്ലാതാക്കാനുള്ള സർക്കാർ പരിശ്രമത്തിന്റെ ഭാഗമാണ്‌ വിദ്യാശ്രീ പദ്ധതി. സാമ്പത്തികമായി ബുദ്ധിമുട്ടുന്നവർക്ക്‌ സർക്കാർ ആനുകൂല്യം നൽകിയും കെഎസ്‌എഫ്‌ഇ ചിട്ടി വഴിയും കുടുംബശ്രീയുമായി സഹകരിച്ചും‌ ലാപ്‌ടോപ് സ്വന്തമാക്കാൻ സർക്കാർ വഴിയൊരുക്കുകയാണ്‌. ഇതുവരെ  1,44,000 പേർ പദ്ധതിയിൽ ചേർന്നു. ഇതിൽ 60,816 അംഗങ്ങൾ ലാപ്‌ടോപ്പിന്‌ അപേക്ഷിച്ചിട്ടുണ്ട്‌.

വിദ്യാശ്രീ പദ്ധതിവഴി 10 ലക്ഷം കുടുംബത്തിലേക്ക്‌ ലാപ്‌ടോപ് എത്തുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോവിഡ്‌ സൃഷ്ടിച്ച പഠന തടസ്സത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത്‌ നടക്കുന്ന മാതൃകാ പദ്ധതിയാണിതെന്നും  സംസ്ഥാനതല ഉദ്‌ഘാടനം ഓൺലൈനായി നിർവഹിച്ച്‌  മുഖ്യമന്ത്രി പറഞ്ഞു.

ഓൺലൈൻ പഠനം സാർവത്രികമായ സാഹചര്യത്തിൽ സാധാരണക്കാരുടെ കുട്ടികൾക്ക്‌ വിദ്യാഭ്യാസ സൗകര്യത്തിനുതകുന്ന ലാപ്‌ടോപ് കുറഞ്ഞ വിലയ്‌ക്ക്‌ ലഭ്യമാക്കുക ഏറ്റവും പ്രധാനമാണ്‌. സാർവത്രിക ഇന്റർനെറ്റ്‌ അവകാശം കൂടിയാകുന്നതോടെ വിജ്ഞാന സമൂഹമായി മുന്നേറാനുള്ള പശ്‌ചാത്തലം സമ്പൂർണമായി ഒരുങ്ങും. കെ ഫോൺ കേരളത്തിന്റെ മുക്കിലും മൂലയിലും ഇന്റർനെറ്റ്‌ ഉറപ്പാക്കും. വിദ്യാഭ്യാസത്തിലും വിജ്ഞാന രൂപീകരണത്തിലും തൊഴിൽ സൃഷ്ടിയിലും അതുവഴി നാടിന്റെ പുരോഗതിയിലും വിവര വിനിമയ സാങ്കേതികവിദ്യയെ സമ്പൂർണമായി വിളക്കിച്ചേർക്കുന്ന വിപുലമായ പരിപാടിയിലെ കണ്ണിയാണ്‌ വിദ്യാശ്രീ പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. 

മന്ത്രി തോമസ്‌ ഐസക്‌ അധ്യക്ഷനായി. മന്ത്രിമാരായ എ സി മൊയ്‌തീൻ, സി രവീന്ദ്രനാഥ്, വി കെ പ്രശാന്ത് എംഎൽഎ, കെഎസ്എഫ്ഇ എംഡി വി പി സുബ്രഹ്മണ്യൻ, കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ഡോ. ഷമീന, കുടുംബശ്രീ എക്‌സിക്യൂട്ടീവ്‌ ഡയറക്ടർ എസ്‌ ഹരികിഷോർ, തദ്ദേശഭരണ‌ സെക്രട്ടറി ശാരദ മുരളീധരൻ, ഐടി  അഡീഷണൽ സെക്രട്ടറി മുഹമ്മദ്‌ വൈ സഫീറുള്ള എന്നിവർ സംസാരിച്ചു. ലാപ്‌ടോപ് ലഭിച്ച വിദ്യാർഥികൾ ചടങ്ങിൽ ആ ലാപ്‌ടോപ് വഴി മുഖ്യമന്ത്രിയുമായി സംവദിച്ചു.

ഇനിയും പദ്ധതിയിൽ ചേരാം
ലാപ്‌ടോപ്പിനായി കുടുംബശ്രീ അംഗങ്ങൾക്ക്‌ കെഎസ്‌എഫ്‌ഇ ചിട്ടിയിൽ ഇനിയും ചേരാം. മാസം 500 രൂപവീതം 30 മാസം പണം അടയ്‌ക്കണം. തവണ മുടങ്ങാതെ പണം അടയ്‌ക്കുന്നവർക്ക്‌ ഇളവു നൽകും. മൂന്നു മാസം പണം അടച്ചാൽ ലാപ്‌ടോപ് ലഭിക്കും. ആശ്രയ കുടുംബങ്ങൾക്ക് 7000 രൂപയ്ക്ക് ലാപ്ടോപ് ലഭിക്കും. വായ്പയുടെ അഞ്ചു ശതമാനം പലിശ സർക്കാരും നാല് ശതമാനം പലിശ കെഎസ്എഫ്ഇയും വഹിക്കും. പട്ടികജാതി പട്ടികവർഗ, മത്സ്യബന്ധന കുടുംബങ്ങൾക്ക് ബന്ധപ്പെട്ട വകുപ്പ് നിശ്ചയിക്കുന്ന സബ്സിഡി വേറെ ലഭിക്കും. പിന്നോക്ക–-മുന്നോക്ക കോർപറേഷനുകളും സബ്സിഡി നൽകും.
കൊക്കോണിക്‌സ്‌, ലെനോവ, എച്ച്‌പി, ഏസർ എന്നീ കമ്പനികളുടെ ലാപ്‌ടോപ്പുകളിൽ ഇഷ്ടമുള്ളത്‌ തെരഞ്ഞെടുക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top