25 April Thursday

മൂന്നാർ കുണ്ടള എസ്‌റ്റേറ്റിൽ ഉരുൾപൊട്ടൽ; കടകളും ക്ഷേത്രവും മണ്ണിനടിയിലായി

വെബ് ഡെസ്‌ക്‌Updated: Saturday Aug 6, 2022

മൂന്നാർ > മൂന്നാർ കുണ്ടള പുതുക്കുടി എസ്റ്റേറ്റിൽ വൻ മണ്ണിടിച്ചിൽ. ആളപായമില്ല. രണ്ട് കടകളും ഒരു ക്ഷേത്രവും ഒരു ഓട്ടോറിക്ഷയും മണ്ണിനടിയിലായി. രാത്രി 12മണിയ്ക്ക് ശേഷമാണ് മണ്ണിടിച്ചിലുണ്ടായത്.അതിനാൽ പ്രദേശത്ത് ആളുകളുണ്ടായിരുന്നില്ല. പുതുക്കുടി ഡിവിഷനിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. നാട്ടുകാർ അറിയിച്ചതനുസരിച്ചെത്തിയ പൊലീസ് ഫയർഫോഴ്സ് സംഘം 141 കുടുംബങ്ങളിലെ 450 പേരെ മാറ്റിപ്പാർപ്പിച്ചു.

പെട്ടിമുടി ദുരന്തത്തിന്റെ രണ്ടാം വാർഷികത്തിൽ ഉണ്ടായ ഉരുൾപൊട്ടലിൽ തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് 450 ജീവനുകൾ. ഉരുൾപൊട്ടി വന്ന് മൂന്നാർ-വട്ടവട പാതയിലേക്ക് തങ്ങി നിൽക്കുകയും താഴോട്ട് പതിക്കാതിരിക്കുകയും ചെയ്‌തതാണ് വൻ ദുരന്തമൊഴിവാക്കിയത്. നിരവധി എസ്റ്റേറ്റുകളാണ് താഴെയുണ്ടായിരുന്നത്.

രാത്രി ഇതുവഴി വാഹനത്തിൽ വന്ന ആളുകളാണ് ഉരുൾപൊട്ടി റോഡിലേക്ക് പതിച്ചിരിക്കുന്നത് കണ്ടത്. ഇവർ അറിയിച്ചതിനെ തുടർന്ന് കുടുംബങ്ങളെ പൂർണമായും അടുത്തുള്ള സ്‌കൂളുകളിലേക്കും മറ്റും മാറ്റി. സ്ഥലത്തെ രണ്ട് കടകളും ക്ഷേത്രവും പൂർണമായും മണ്ണിനടിയിലായിട്ടുണ്ടെന്നും ആളപായമില്ലെന്നും ദേവികുളം എംഎൽഎ എ രാജ പറഞ്ഞു.

വട്ടവട - മൂന്നാർ റോഡിൽ മണ്ണും കല്ലും വന്ന് നിറഞ്ഞതിനാൽ റോഡ് പൂർണമായും ഇല്ലാതായിട്ടുണ്ട്. ഇതോടെ വട്ടവട പൂർണമായും ഒറ്റപ്പെട്ട നിലയിലാണ്. മണ്ണ് നീക്കാനുള്ള നടപടി ആരംഭിച്ചതായും റോഡിന്റെ അവസ്ഥ ഇതിന് ശേഷം മാത്രമേ പറയാൻ കഴിയുകയുള്ളൂവെന്നും എംഎൽഎ അറിയിച്ചു. എല്ലാവരും നല്ല ഉറക്കസമയത്തായതിനാൽ ഉരുൾപൊട്ടിയ കാര്യം ആരും അറിഞ്ഞിരുന്നില്ല. 2020 ഓഗസ്റ്റ് 6-ന് രാത്രിയിലായിരുന്നു മലമുകളിൽ നിന്നും ഇരച്ചെത്തിയ ഉരുൾ പെട്ടിമുടിക്ക് മേൽ പതിച്ചത്. നാല് ലയങ്ങളിൽ ഉറങ്ങിക്കിടന്ന കുഞ്ഞുങ്ങളും ഗർഭിണികളുമടക്കം 70 പേരുടെ ജീവൻ നഷ്‌ട‌പ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top