29 March Friday

ലക്ഷദ്വീപിലെ ഉപതെരഞ്ഞെടുപ്പ്‌ പ്രഖ്യാപനം : തെരഞ്ഞെടുപ്പ്‌ കമീഷന്റേത്‌ 
അസാധാരണ നീക്കം

മിൽജിത്‌ രവീന്ദ്രൻUpdated: Saturday Jan 21, 2023


തിരുവനന്തപുരം
ലക്ഷദ്വീപിൽനിന്നുള്ള പാർലമെന്റ്‌ അംഗം അയോഗ്യനാക്കപ്പെട്ട്‌ ഏഴു ദിവസത്തിനകം ഉപതെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ച കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമീഷന്റെ നടപടി അസാധാരണം. എൻസിപി അംഗം മുഹമദ്‌ ഫൈസലിനെ വധശ്രമക്കേസിൽ ജില്ലാ സെഷൻസ്‌ കോടതി ശിക്ഷിച്ചതിനെത്തുടർന്നാണ്‌ അയോഗ്യനാക്കിയത്‌. സെഷൻസ്‌ കോടതി വിധിക്കെതിരായ അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ്‌ അസാധാരണമായി ഉപതെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചത്‌. ഉപതെരഞ്ഞെടുപ്പ്‌ തടയണമെന്ന്‌ ആവശ്യപ്പെട്ട്‌ മുഹമദ്‌ ഫൈസൽ വെള്ളിയാഴ്‌ച സുപ്രീംകോടതിയെ സമീപിച്ചു.

കേന്ദ്ര സർക്കാർ ലക്ഷദ്വീപിൽ തുടർച്ചയായി ഇടപെടുന്ന പശ്ചാത്തലത്തിൽ, തെരഞ്ഞെടുപ്പ്‌ കമീഷന്റെ നീക്കത്തിൽ അസ്വാഭാവികത ആരോപിക്കുന്നവരുണ്ട്‌. അംഗത്തിന്റെ പദവി നഷ്ടമായാലോ മരണപ്പെട്ടാലോ ആറു മാസത്തിനകം ഉപതെരഞ്ഞെടുപ്പ്‌ നടത്തണമെന്നാണ്‌ നിയമം. ആറു മാസം ഉണ്ടെന്നിരിക്കെ അയോഗ്യനായി ഏഴാം ദിവസമാണ്‌ ഉപതെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചത്‌.

ഈ മാസം 11നാണ്‌ കവരത്തി ജില്ലാ സെഷൻസ്‌ കോടതി ഫൈസലിനെ 10 വർഷത്തെ തടവിന്‌ ശിക്ഷിച്ചത്‌. ക്രിമിനൽ കേസിൽ ജനപ്രതിനിധിയെ രണ്ടു വർഷത്തിൽ കൂടുതൽ ശിക്ഷിച്ചാൽ അയോഗ്യനാക്കാം. തുടർന്ന്‌ ഫൈസലിനെ അയോഗ്യനാക്കി ലോക്‌സഭാ സെക്രട്ടറിയറ്റ്‌ വിജ്ഞാപനവും പുറപ്പെടുവിച്ചു. ഇതിനു പിന്നാലെയാണ്‌ 18ന്‌ ഉപതെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചത്‌. പഞ്ചാബിലെ ജലന്ധറിൽനിന്നുള്ള എംപി കുഴഞ്ഞുവീണ്‌ മരിച്ചത്‌ 14നായിരുന്നു. 18ന്‌ പ്രഖ്യാപിച്ച ഉപതെരഞ്ഞെടുപ്പിൽ ജലന്ധർ ഉൾപ്പെട്ടിട്ടുമില്ല. 

സെഷൻസ്‌ കോടതി വിധിക്കെതിരായ ഫൈസലിന്റെ രണ്ട്‌ ഹർജിയാണ്‌ ഹൈക്കോടതിയിലുള്ളത്‌. ശിക്ഷ റദ്ദാക്കണമെന്നും ശിക്ഷ നടപ്പാക്കുന്നത്‌ തടഞ്ഞ്‌ ജാമ്യത്തിൽ വിടണമെന്നും ആവശ്യപ്പെട്ടുള്ളവയാണത്‌. സെഷൻസ്‌ കോടതി വിധി ഹൈക്കോടതി സ്‌റ്റേ ചെയ്‌താൽ ഫൈസലിന്റെ അയോഗ്യത ഒഴിവാകും.

കേന്ദ്രത്തിൽ ബിജെപി സർക്കാർ വന്നശേഷം മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ലക്ഷദ്വീപിൽ അസ്വാരസ്യം സൃഷ്ടിക്കുന്ന രീതിയിൽ തുടരെ ഇടപെടുകയാണ്‌. തീരദേശ സംരക്ഷണ നിയമത്തിന്റെ മറവിൽ മത്സ്യത്തൊഴിലാളികളുടെ ഷെഡുകൾ പൊളിക്കുകയും തദ്ദേശീയരായ ജീവനക്കാരെ ടൂറിസംവകുപ്പിൽനിന്ന്‌ പരിച്ചുവിടുകയും ചെയ്‌തു. സ്‌കൂൾ ഉച്ചഭക്ഷണത്തിൽനിന്ന്‌ മാംസാഹാരം ഒഴിവാക്കാനുള്ള നീക്കവും വൻ പ്രതിഷേധത്തിന് ഇടയായി. ഏറ്റവും ഒടുവിൽ 34 സ്‌കൂകൾ പൂട്ടാൻ തീരുമാനിച്ചിട്ടുണ്ട്‌.

ലക്ഷദ്വീപ്‌ ഉപതെരഞ്ഞെടുപ്പ്‌: ഹർജി 
സുപ്രീംകോടതി 27ന്‌ പരിഗണിക്കും
ലക്ഷദ്വീപ്‌ ലോക്‌സഭാ സീറ്റിൽ ഉപതെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ച്‌ തെരഞ്ഞെടുപ്പ്‌ കമീഷൻ പുറപ്പെടുവിച്ച വാർത്താക്കുറിപ്പിനെതിരെ എംപിയായിരുന്ന മുഹമദ്‌ ഫൈസൽ സമർപ്പിച്ച റിട്ട്‌ ഹർജി സുപ്രീംകോടതി 27ന്‌ പരിഗണിക്കും. ഹർജി അടിയന്തരമായി കേൾക്കണമെന്ന്‌ ചീഫ്‌ ജസ്റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ അധ്യക്ഷനായ ബെഞ്ചുമുമ്പാകെ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ പരാമർശിച്ചു.  വധശ്രമ കേസിൽ ഫൈസലിന്‌ 10 വർഷം തടവ്‌ വിധിച്ച ലക്ഷദ്വീപ്‌ സെഷൻസ്‌ കോടതി വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചിട്ടുണ്ടെന്ന്‌ സിബൽ അറിയിച്ചു. ഹൈക്കോടതി അത്‌ വേഗത്തിൽ കേൾക്കേണ്ടതുണ്ട്. അതല്ലെങ്കിൽ തെരഞ്ഞെടുപ്പ്‌ വിജ്ഞാപനം പുറത്തുവരും–- സിബൽ ചൂണ്ടിക്കാട്ടി.

ശിക്ഷ സ്‌റ്റേ ചെയ്യണമെന്ന ഫൈസലിന്റെ അപേക്ഷ കേരള ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ്‌ തെരഞ്ഞെടുപ്പു കമീഷൻ ഉപതെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചത്‌. ജനുവരി 11നാണ്‌ സെഷൻസ്‌ കോടതി 10 വർഷം തടവ്‌ വിധിച്ചത്‌. 13ന്‌ ലോക്‌സഭാ സെക്രട്ടറി ജനറൽ ഫൈസലിനെ അയോഗ്യനാക്കി. 18ന്‌ തെരഞ്ഞെടുപ്പ്‌ കമീഷൻ ഉപതെരഞ്ഞെടുപ്പ്‌ പ്രഖ്യാപിക്കുകയുംചെയ്‌തു.

ലക്ഷദ്വീപ് മുൻ എംപിയുടെ 
അപ്പീൽ വിശദവാദത്തിന് മാറ്റി
വധശ്രമക്കേസിൽ തങ്ങൾ കുറ്റക്കാരാണെന്ന സെഷൻസ് കോടതിയുടെ കണ്ടെത്തൽ മരവിപ്പിക്കണമെന്ന ആവശ്യത്തെത്തുടർന്ന് ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസൽ അടക്കമുള്ള പ്രതികളുടെ അപ്പീൽ ഹർജി ഹൈക്കോടതി വിശദമായ വാദത്തിന് മാറ്റി. ലക്ഷദ്വീപ് ഭരണകേന്ദ്രത്തെയും കേസിലെ പരാതിക്കാരനെയും ഇക്കാര്യത്തിൽ കേൾക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് എ ബദറുദീൻ, ഹർജി തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റുകയായിരുന്നു. പരാതിക്കാരനെയും ഹർജിയിൽ കക്ഷി ചേർത്തു.

മുൻ കേന്ദ്രമന്ത്രി പി എം സെയ്‌ദിന്റെ മരുമകൻ മുഹമ്മദ് സ്വാലിഹിനെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ മുഹമ്മദ് ഫൈസൽ, സയിദ് മുഹമ്മദ് നൂറുൽ അമീൻ, മുഹമ്മദ് ഹുസൈൻ തങ്ങൾ, മുഹമ്മദ് ബഷീർ എന്നിവർക്കാണ് കവരത്തി സെഷൻസ് കോടതി 10 വർഷം തടവും ഒരുലക്ഷം രൂപവീതം പിഴയും ശിക്ഷ വിധിച്ചത്. തുടർന്ന് പ്രതികളെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയിരുന്നു. ശിക്ഷ സസ്പെൻഡ് ചെയ്യണമെന്ന്‌ ആവശ്യപ്പെട്ടാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ടെന്ന കാരണത്താൽ മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കി ലക്ഷദ്വീപിൽ ഫെബ്രുവരി 27ന് തെരഞ്ഞെടുപ്പ്‌ നടത്താൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ വിജ്ഞാപനമിറക്കി. ഇതിനെതിരെ സുപ്രീംകോടതിയിൽ മുഹമ്മദ് ഫൈസൽ നൽകിയ ഹർജി 27ന് പരിഗണിക്കാൻ മാറ്റി. ഈ സാഹചര്യത്തിലാണ്, കുറ്റക്കാരെന്ന് കണ്ടെത്തിയ കവരത്തി സെഷൻസ്  കോടതി ഉത്തരവും സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം പ്രതികൾ ഉന്നയിച്ചത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top