15 September Monday

ലക്ഷദ്വീപിലെ ഉദ്യോഗസ്ഥ അഴിമതി; സിബിഐ താൽക്കാലിക യൂണിറ്റ്‌ തുറന്നു

സ്വന്തം ലേഖകൻUpdated: Monday Nov 29, 2021

കൊച്ചി > ലക്ഷദ്വീപിലെ ഉദ്യോഗസ്ഥ അഴിമതി ഉൾപ്പെടെ കേസുകൾ അന്വേഷിക്കാൻ കവരത്തി ദ്വീപിൽ  സിബിഐ താൽക്കാലിക യൂണിറ്റ്‌ തുടങ്ങി. ഉദ്യോഗസ്ഥ അഴിമതി കേസുകളുടെ ആധിക്യം മൂലം മുൻ യുപിഎ സർക്കാരിന്റെ കാലത്ത്‌  ലക്ഷദ്വീപിൽ സിബിഐ യൂണിറ്റും അനുബന്ധ കോടതിയും സ്ഥാപിക്കാൻ തീരുമാനിച്ചിരുന്നു. പത്തംഗങ്ങളാണ്‌ താൽക്കാലിക യൂണിറ്റിലുള്ളത്‌.

സാധാരണക്കാരായ ദ്വീപുവാസികൾ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങളോ കേസുകളോ ലക്ഷദ്വീപിൽ കുറവാണ്‌. എന്നാൽ കേന്ദ്രഭരണപ്രദേശമെന്ന നിലയിൽ ദൈനംദിന ഭരണനിർവ്വഹണം നടത്തുന്ന ഉദ്യോഗസ്ഥ തലത്തിൽ അഴിമതി വ്യാപകമാണ്‌. കേന്ദ്ര സർക്കാർ ഫണ്ട്‌ ദുരുപയോഗവും കേന്ദ്ര പദ്ധതികളിലെ നിർവ്വഹണ വീഴ്‌ചയും നിരന്തരം പരാതിയായി ഉയരുന്നു. തെരഞ്ഞെടുക്കപ്പെട്ട തദ്ദേശഭരണ സംവിധാനങ്ങളുണ്ടെങ്കിലും അഡ്‌മിനിസ്‌ട്രേറ്ററും കലക്‌ടറും മുതലുള്ള ഉദ്യോഗസ്ഥർക്കാണ്‌ കൂടുതൽ അധികാരം.

ദ്വീപിലേക്ക്‌ പ്രധാനകരയിൽ നിന്ന്‌ ഭക്ഷണസാധനങ്ങൾ ഉൾപ്പെടെ എത്തിക്കുന്നതിൽ മുതൽ വിവിധ വികസന പദ്ധതികളിൽ വരെ വലിയ സാമ്പത്തിക ക്രമക്കേടുകളാണുണ്ടാകുന്നത്‌. ഇപ്പോൾ അഡ്‌മിനിസ്‌ട്രേറ്ററുടെ ചുമതലയുള്ള പ്രഫുൽ കെ പട്ടേലിനെതിരെയും കലക്‌ടർ എസ്‌ അസ്‌കർ അലിക്കെതിരെയും ഉൾപ്പെടെ സാമ്പത്തിക ക്രമക്കേടിന്റെ പേരിൽ പരാതികളുണ്ട്‌. പ്രഫുൽ കെ പട്ടേൽ അഡ്‌മിനിസ്‌ട്രേറ്ററായ എത്തിയ ശേഷം ലക്ഷദ്വീപിലെ ത്രിതല പഞ്ചായത്ത്‌ സംവിധാനത്തിൽ നിന്ന്‌ കൂടുതൽ അധികാരങ്ങൾ എടുത്തുമാറ്റിയിരുന്നു. അതോടെ ദ്വീപിലെ പൊതുഭരണം അടിമുടി ഉദ്യോഗസ്ഥരുടെ കൈയിലാണ്‌.

ലക്ഷദ്വീപിലെ ഉദ്യോഗസ്ഥതല അഴിമതി  കേസുകൾ സിബിഐയുടെ  കൊച്ചി യൂണിറ്റാണ്‌ അന്വേഷിച്ചുവരുന്നത്‌. വർഷന്തോറും അഞ്ചു ആറും പുതിയ കേസുകൾ രജിസ്‌റ്റർ ചെയ്യുന്നുണ്ട്‌.  കേസുകളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കൊച്ചി ആസ്ഥാനമായുള്ള അന്വേഷണം   പ്രയാസകരമാണ്‌. അന്വേഷണ ഉദ്യോഗസ്ഥരും കേസിൽ ഉൾപ്പെട്ട കക്ഷികളും നിരന്തരം കൊച്ചിയിലേക്കോ ദ്വീപിലേക്കോ യാത്ര ചെയ്യേണ്ടിവരുന്നു. ഇപ്പോൾ തുറന്നിട്ടുള്ള താൽക്കാലിക ഓഫീസ്‌ വൈകാതെ സ്ഥിരം സംവിധാനമാക്കി മാറ്റാനാണ്‌ തീരുമാനം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top