26 April Friday
പട്ടികജാതി പട്ടിക വർഗവകുപ്പും റിപ്പോർട്ട് തേടി

കാണിക്കാരുടെ പുരസ്‌കാര തുക തട്ടിയ സംഭവം: പട്ടികജാതി പട്ടിക ഗോത്രവർഗ കമീഷൻ സ്വമേധയാ കേസെടുത്തു

എസ് കിരൺബാബുUpdated: Saturday Jun 10, 2023

യുഎൻഡിപി അവാർഡ്ദാന ചടങ്ങിൽ കുട്ടിമാത്തൻ കാണി

തിരുവനന്തപുരം> ആദിവാസി വിഭാഗമായ കാണിക്കാരെ കബളിപ്പിച്ച് യുഎൻഡിപി ഇക്വേറ്റർ ഇനിഷ്യേറ്റീവ് പുരസ്‌കാര തുക തട്ടിയ സംഭവത്തിൽ പട്ടികജാതി പട്ടിക ഗോത്രവർഗ കമീഷൻ സ്വമേധയാ കേസെടുത്തു. ജൂൺ നാലിന് ദേശാഭിമാനി വാരാന്തപതിപ്പിൽ 'കാണികളാക്കി അവരെ ചതിച്ചു' എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കുട്ടിമാത്തൻ കാണി

കുട്ടിമാത്തൻ കാണി

ജെഎൻടിബിജിആർഐ മുൻ ഡയറക്‌ടർ പി പുഷ്‌പാംഗദന് കമീഷൻ നോട്ടീസ് അയച്ചു. പത്ത് ദിവസത്തിനുള്ളിൽ മറുപടി നൽകണമെന്ന് നോട്ടീസിൽ പറയുന്നു.  2002-ൽ ജോഹന്നാസ് ബർഗിൽ  നടന്ന യുഎൻഡിപി ഇക്വേറ്റർ ഇനിഷ്യേറ്റീവ് ഉച്ചകോടിയിൽ 15 ലക്ഷം രൂപയുടെ (30,000 യുഎസ് ഡോളർ) പുരസ്‌കാരമാണ് കാണി സമുദായ ക്ഷേമ ട്രസ്റ്റിന് ലഭിച്ചത്. എന്നാൽ ഈ തുക ട്രസ്റ്റിനോ അവാർഡ്‌ദാന ചടങ്ങിൽ പങ്കെടുത്ത കുട്ടിമാത്തൻ കാണിക്കോ ലഭിച്ചില്ല. വ്യക്തിഗത വിഭാഗത്തിൽ തനിക്കാണ് പുരസ്‌കാരം ലഭിച്ചതെന്നാണ് ഡോ. പി പുഷ്‌പാംഗദന്റെ അവകാശവാദം. എന്നാൽ യുഎൻഡിപി ഇക്വേറ്റർ ഇനിഷ്യേറ്റീവ് വെബ്സൈറ്റിൽ പുരസ്‌കാരം ട്രസ്റ്റിനാണെന്ന് വ്യക്തമായി പറയുന്നുണ്ട്.

വിശദാംശങ്ങൾ തേടി കുട്ടിമാത്തൻ കാണിക്കും നോട്ടീസ് അയച്ചിട്ടുണ്ട്. മറുപടിയുടെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടി. സംഭവത്തിൽ സംസ്ഥാന പട്ടികജാതി പട്ടിക വർഗവകുപ്പും റിപ്പോർട്ട് തേടിയിട്ടുണ്ട്. പുരസ്‌കാരം വാങ്ങാൻ പുഷ്‌പാംഗദനൊപ്പമാണ് കുട്ടിമാത്തൻ 2002 ൽ ജോഹന്നസ്‌ബർഗിലെത്തിയത്. അന്ന് പുഷ്‌പാംഗദൻ കേരള കാണി സമുദായ ട്രസ്റ്റിന്റെ പങ്കാളിയാണെന്ന് പറഞ്ഞ് സ്വന്തം അക്കൗണ്ടിലേക്ക് തുക വാങ്ങുകയായിരുന്നെന്നാണ് യുഎൻഡിപി അധികൃതർ പറയുന്നത്.

ദേശാഭിമാനി വാരാന്ത്യത്തിൽ പ്രസിദ്ധീകരിച്ച വാർത്ത കാണാൻ
https://www.deshabhimani.com/special/kuttimathan-kaani-at-un-programme/1095908


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top