19 September Sunday
പതിറ്റാണ്ടിന്റെ കുരുക്കഴിച്ച്‌ കുതിരാൻ തുരങ്കം തുറന്നപ്പോൾ നാട്‌ ഓർക്കുന്നത്‌ മുഖ്യമന്ത്രി 
പിണറായി വിജയന്റെ വാക്കുകൾ

"ചെയ്യുന്നതേ പറയൂ, പറയുന്നത്‌ ചെയ്യും' ; തെളിഞ്ഞത്‌ എൽഡിഎഫ്‌ സർക്കാരിന്റെ പ്രതിബദ്ധത

വെബ് ഡെസ്‌ക്‌Updated: Sunday Aug 1, 2021


തൃശൂർ
"ചെയ്യുന്നതേ പറയൂ, പറയുന്നത്‌ ചെയ്യും': മുഖ്യമന്ത്രി പിണറായി വിജയന്റെ ഈ വാക്കിൽ തെളിയുന്ന എൽഡിഎഫ്‌ സർക്കാരിന്റെ പ്രതിബദ്ധതയാണ്‌ കുതിരാനിൽ പാലിക്കപ്പെട്ടത്‌. മരണക്കുരുക്ക്‌ പരിഹരിക്കണമെന്ന വർഷങ്ങളായുള്ള ജനങ്ങളുടെ ആവശ്യമാണ്‌ സർക്കാർ സാക്ഷാൽക്കരിച്ചത്‌. ഉദ്‌ഘാടനമില്ലാതെ തുരങ്കം അടിയന്തരമായി തുറന്ന്‌  ജനങ്ങളുടെ ദുരിതത്തിന്‌ പരിഹാരംകാണുകയായിരുന്നു ലക്ഷ്യം. ഒരു തുരങ്കം മാത്രം തുറക്കുമ്പോൾ ഉദ്‌ഘാടനം വേണ്ടതില്ലെന്ന്‌ നേരത്തെ അവലോകനയോഗത്തിൽ  മന്ത്രി പി എ മുഹമ്മദ്‌റിയാസ്‌ വ്യക്തമാക്കിയിരുന്നു. രണ്ട്‌ തുരങ്കവും പൂർത്തിയാക്കിയശേഷം ഉദ്‌ഘാടനമാകാമെന്നാണ്‌ സർക്കാർ നിലപാട്‌.

ജൂൺ എട്ടിന്‌ ചേർന്ന ഉന്നതയോഗത്തിൽ ആഗസ്‌ത്‌‌ ഒന്നിനകം തുരങ്കം തുറക്കണമെന്ന്‌ മുഖ്യമന്ത്രി നിർദേശിച്ചു. തൃശൂരിൽനിന്ന്‌ സ്ഥലം മാറിയെങ്കിലും കലക്ടറായിരുന്ന എസ്‌ ഷാനവാസിന്‌  കുതിരാന്റെ പ്രത്യേകം ചുമതല നൽകി. നിർമാണപുരോഗതി വിലയിരുത്താൻ ചേർന്ന 14 യോഗത്തിൽ ഏഴിലും മന്ത്രി മുഹമ്മദ്‌ റിയാസ്‌ പങ്കെടുത്തു. എസ്‌ ഷാനവാസുമായി നിരന്തരം ബന്ധപ്പെട്ടു. മൂന്നുതവണ കുതിരാനിലെത്തി സ്ഥിതി വിലയിരുത്തി. അഗ്‌നിരക്ഷാ അനുമതി, വൈദ്യുതി എന്നിവയ്‌ക്കായി ഇടപെട്ടു.

ശനിയാഴ്‌ച വൈകിട്ടാണ്‌ തുരങ്കം തുറക്കാൻ ദേശീയപാതാ അതോറിറ്റിയുടെ അന്തിമ അനുമതിയായത്‌. വൈകിട്ട്‌ അഞ്ചിന്‌ തുറക്കുമെന്ന്‌ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയവും അറിയിച്ചു. മന്ത്രിമാരായ മുഹമ്മദ്‌ റിയാസും കെ രാജനും മുഖ്യമന്ത്രിയെ കണ്ട്‌ വിവരം ധരിപ്പിച്ചു. തുടർന്ന്‌, ഒട്ടും വൈകാതെ ക്രമീകരണം ഒരുക്കാനായി കലക്‌ടർ ഹരിത വി കുമാറിനും കമീഷണർ ആർ ആദിത്യക്കും നിർദേശം നൽകി. ഇവർ അതിവേഗം ഇക്കാര്യം നിർവഹിച്ചതിനാലാണ്‌ തുരങ്കം ശനിയാഴ്‌ച  തുറക്കാനായത്‌. രണ്ടാം തുരങ്കം പൂർത്തീകരിക്കാനും സംസ്ഥാന സർക്കാർ ഇടപെടൽ തുടരുകയാണ്‌. കഴിഞ്ഞ സർക്കാരിന്റെ കാലത്ത്‌ മന്ത്രി ജി സുധാകരന്‍ പല തവണ നിർമാണവുമായി ബന്ധപ്പെട്ട്‌ കുതിരാനിൽ എത്തി.  എം പിമാരായിരുന്ന പി കെ ബിജു, സി എന്‍ ജയദേവന്‍ എന്നിവരും നിരന്തരം ഇടപ്പെട്ടു.

 

തുറന്നത്‌ എൻജിനിയറിങ് വിസ്‌മയം
കുതിരാൻ ഇരട്ടതുരങ്കം തുറക്കുന്നത്‌ ആധുനിക സാങ്കേതികവിദ്യയും ശാസ്‌ത്രീയ നിർമാണരീതിയും ചേർന്ന എൻജിനിയറിങ് വിസ്‌മയലോകത്തിലേക്ക്‌. അണുവിട പിഴക്കാത്ത സ്‌ഫോടനം വഴി ഒരു ദിവസം തുരന്നത് അഞ്ചു മീറ്റർ. കേരളത്തിലാദ്യമായി മലതുരക്കാൻ മുംബൈയിൽനിന്ന് ബൂമർ യന്ത്രവും കൊണ്ടുവന്നു. രണ്ട് ഷിഫ്റ്റിലായി 24 മണിക്കൂറും 250 തൊഴിലാളികൾ നിർമാണത്തിൽ പങ്കാളികളായി.

ദക്ഷിണേന്ത്യയിൽ ദേശീയ പാതയിലെ ആദ്യ ഇരട്ടതുരങ്കമാണിത്‌. മുകൾഭാഗത്ത് കോൺക്രീറ്റും കട്ടിയുള്ള പാറകളുള്ള ഭാഗത്ത് ഷീറ്റ്ക്രീറ്റുമാണ് ഉപയോഗിച്ചിരിക്കുന്നത്.  ഇരു തുരങ്കത്തെയും ബന്ധിപ്പിച്ച്‌ 300, 600 മീറ്ററിനുള്ളിൽ ഓരോ തുരങ്കം. ഒരുഭാഗത്ത് ഗതാഗതം തടസ്സപ്പെട്ടാൽ ഇതിലൂടെ വാഹനം കടത്തിവിടും. ഇത് എപ്പോഴും തുറന്നിടും. തുരങ്കത്തിന് ഇരുവശത്തും അഴുക്കുചാലിന്റെ മുകൾഭാഗം നടപ്പാതയായും ഉപയോഗിക്കാം.

നിർമാണത്തിനിടെ ഒരു തൊഴിലാളിയുടെ ജീവനും പൊലിഞ്ഞു. ഹൈദരാബാദ് ആസ്ഥാനമായ പ്രഗതി കൺസ്ട്രക്ഷൻ കമ്പനിയാണ് നിർമാണം ഉപകരാർ എറ്റെടുത്തത്. അവസാനഘട്ടത്തിൽ സാമ്പത്തിക തർക്കത്തെതുടർന്ന്‌  ദേശീയപാത കരാർ എടുത്ത കെഎംസി കമ്പനി തുരങ്കനിർമാണവും ഏറ്റെടുത്താണ്‌ പൂർത്തീകരിച്ചത്‌. 200 കോടിക്കായിരുന്നു കരാർ. 2014ലാണ്‌ നിർമാണത്തിന്‌ തുടക്കമിട്ടത്‌.

സുരക്ഷാസംവിധാനം
തുരങ്കത്തിന്റെ  ഇരുഭാഗങ്ങളിലും കുതിരാൻ മല ഉരുക്കു വല ഘടിപ്പിച്ച് ബലപ്പെടുത്തി  കോൺക്രീറ്റിട്ടു.
● തീ അണക്കാൻ രണ്ട് ലക്ഷം ലിറ്റർ ജലസംഭരണശേഷിയുള്ള ടാങ്ക്  
● കാർബൺ ഡൈ ഓക്സൈഡിന്റെ അളവ്, ചൂട്, വെളിച്ചം എന്നിവ അളക്കുന്നതിനുള്ള സെൻസർ
● 24 മണിക്കൂറും തടസ്സമില്ലാതെ വൈദ്യുതി
● 150 വാട്ട്സിന്റെ 1200 ലൈറ്റ്‌
● അടിയന്തര സാഹചര്യത്തിൽ ബന്ധപ്പെടാൻ ടെലിഫോൺ കേബിൾ  
● സുരക്ഷാ ക്യാമറ

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top