23 April Tuesday

സംസ്ഥാനത്തെ വ്യാപാരരംഗത്ത് മുതൽക്കൂട്ടായ്‌ കുതിരാൻ തുരങ്കം : ചരക്കുഗതാഗതത്തിന്‌ വേഗമേറും

വെബ് ഡെസ്‌ക്‌Updated: Sunday Aug 1, 2021


വടക്കഞ്ചേരി
സംസ്ഥാനത്തെ വ്യാപാരരംഗത്ത് മുതൽക്കൂട്ടായ്‌ കുതിരാൻ തുരങ്കം. തുരങ്കം തുറന്നതോടെ പാലക്കാട്‌–- തൃശൂർ പാതയിലെ കുതിരാനിലെ കുരുക്ക് പഴങ്കഥയായി. ഇതോടെ സംസ്ഥാനത്തേക്കുള്ള ചരക്ക്‌ നീക്കത്തിനും വേഗം കൈവരും. ഉപഭോക്‌തൃ  സംസ്ഥാനമായ കേരളത്തിലേക്ക് അവശ്യസാധനങ്ങളും മറ്റും എത്തുന്നത് തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്നാണ്. വാളയാർ, പൊള്ളാച്ചി, ഗോവിന്ദാപുരം ചെക്‌ പോസ്‌റ്റുകൾ വഴിയാണ് പ്രധാനമായും സംസ്ഥാനത്തേക്ക് ചരക്കെത്തുന്നത്. ഇതിനുള്ള ഏക മാർഗമാണ്‌ കുതിരാൻ വഴിയുള്ള ദേശീയപാത. കോയമ്പത്തൂർ –-കൊച്ചി വ്യവസായ ഇടനാഴിക്കും കുതിരാൻ തുരങ്കം സഹായകമാകും.

സാധാരണ തൃശൂർ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ കൊമ്പഴ കഴിഞ്ഞ് ഇരുമ്പുപാലം വഴി കുതിരാൻ മലയിലൂടെ യാത്ര ചെയ്ത് വഴുക്കുംപാറയിലെത്താൻ അര മണിക്കൂറിലേറെ സമയമെടുക്കും. ഗതാഗതക്കുരുക്കുണ്ടായാൽ അത്‌ മണിക്കൂറുകൾ നീളും. തുരങ്കം തുറന്നതോടെ രണ്ട് കിലോമീറ്റർ ലാഭിക്കാനാവും. ഇരുപത് കിലോമീറ്റർ സ്പീഡിൽ പോയാലും മൂന്ന് മിനിറ്റ് കൊണ്ട് കുതിരാൻ കടക്കാം. നിലവിലുള്ള കുതിരാനിലെ പഴയ  പാതയിലൂടെ പാലക്കാട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ മാത്രമാകും സഞ്ചരിക്കുക.

വൈകിയെത്തിയ ഗുണം
2014 നാണ് തുരങ്കം നിർമാണ പ്രവൃത്തി ആരംഭിച്ചത്. 2016 മെയ് 13ന് തുരങ്കം വെടിമരുന്ന് നിറച്ച് പൊട്ടിക്കൽ ആരംഭിച്ചു. ആദ്യം ഇടതുതുരങ്കമാണ് പണി ആരംഭിച്ചത്. പിന്നീട് വലത് തുരങ്കവും ഇതേ മാതൃകയിൽ നിർമാണം ആരംഭിച്ചു. 2017 ഫെബ്രുവരി 20-ന് ഇടത് തുരങ്കവും ഏപ്രിൽ 21 ന് വലത് തുരങ്കവും കൂട്ടിമുട്ടി. കല്ല് പൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട് നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് രണ്ട് മാസം പണി നിർത്തി. പ്രദേശവാസികൾക്ക് നഷ്ടപരിഹാരമായി മൂന്ന് കോടി രൂപ കരാർ കമ്പനി നൽകിയ ശേഷമാണ്  പണി പുനരാരംഭിച്ചത്. ഒരു വർഷത്തിനകം തുരങ്കം തുറക്കുമെന്നാണ് ആദ്യം പറഞ്ഞത്. കരാർ കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് നിർമാണം നിലച്ചു. തുരങ്ക നിർമാണം ഉപകരാറെടുത്ത പ്രഗതി കമ്പനി നിർമാണത്തിൽനിന്ന്‌ പിന്മാറിയതോടെ കൂടുതൽ പ്രതിസന്ധിയിലായി. പിന്നീട് ദേശീയപാത കരാറെടുത്തിരിക്കുന്ന കെഎംസി തന്നെ നിർമാണം ഏറ്റെടുത്തു. 2018 ആഗസ്‌ത്‌ 16 ന് കുതിരാൻ തുരങ്കത്തിന് മുകളിലുണ്ടായ വൻ മണ്ണിടിച്ചിൽ നിർമാണം വീണ്ടും പ്രതിസന്ധിയിലാക്കി. ലോക്ക്‌ഡൗണും നിർമാണം മന്ദഗതിയിലാക്കി. പത്ത് തവണയെങ്കിലും തുരങ്കം തുറക്കുമെന്ന് കേന്ദ്രം പ്രഖ്യാപനം നടത്തിയെങ്കിലും നടന്നില്ല.  സംസ്ഥാന സർക്കാരിന്റെ ഇടപെടലിനെ തുടർന്നാണ്‌ തുരങ്കപാത യാഥാർഥ്യമായത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top