08 December Friday

അഗതിരഹിത കേരളം: കുടുംബശ്രീ നൽകി 19.5 കോടി

സ്വന്തം ലേഖികUpdated: Saturday Sep 30, 2023
മലപ്പുറം > നിരാശ്രയരായ കുടുംബങ്ങളുടെ സംരക്ഷണത്തിന്‌ ജില്ലയിൽ കുടുംബശ്രീ നൽകിയത്‌ 19.5 കോടി രൂപ. ‘അഗതിരഹിത കേരളം’ പദ്ധതി ഭാഗമായി അംഗീകാരം ലഭിച്ച പദ്ധതികൾക്കാണ്‌ ഫണ്ട്‌ നൽകിയത്‌.  നിരാലംബരും നിർധനരുമായ കുടുംബങ്ങളുടെ സംരക്ഷണം ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച പദ്ധതിയാണ് അഗതിരഹിത കേരളം. 
 
കുടുംബശ്രീയുമായി സംയോജിച്ച് തദ്ദേശ സ്ഥാപനങ്ങൾ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലയിൽ 106 ജനറൽ പദ്ധതികളും 12 എസ്‌ടി സ്‌പെഷ്യൽ പദ്ധതികളിലുമായി 15,302 കുടുംബങ്ങൾക്ക്‌ കുടുംബശ്രീ സഹായം ലഭ്യമാക്കുന്നുണ്ട്‌. ജനറൽ പദ്ധതിയിൽ 14,903 കുടുംബങ്ങളും എസ്‌ടി സ്‌പെഷ്യൽ പദ്ധതിയിൽ 399 കുടുംബങ്ങളുമുണ്ട്‌. 
 
അതിദാരിദ്ര്യ 
നിർമാർജനത്തിന്‌ 47 ലക്ഷം

കുടുംബശ്രീ അതിദാരിദ്ര്യ നിർമാർജന പദ്ധതിക്കായി 47 ലക്ഷം രൂപയും ഓരോ തദ്ദേശസ്ഥാപനത്തിനും നൽകുന്നുണ്ട്‌. അതിജീവന ആവശ്യങ്ങൾക്കാണ് തുക വിനിയോഗിക്കുക. ഭക്ഷ്യധാന്യം, പോഷക കിറ്റ് നൽകൽ, ആരോഗ്യമേഖലയിൽ ഹെൽത്ത് റെക്കോഡ് തയ്യാറാക്കൽ, മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കൽ, മരുന്ന് നൽകൽ, രോഗികളുടെ കൂടെനിന്ന് പരിചരിക്കുന്നവർക്കുള്ള വേതനം, റഫറൽ ആശുപത്രിയിലേക്കുള്ള യാത്രാചെലവ്‌, വസ്ത്രം, വിദ്യാർഥികൾക്ക്‌ പഠനോപകരണം, യൂണിഫോം എന്നിവയ്‌ക്ക്‌ ഫണ്ട്‌ ഉപയോഗിക്കും.  
 
സേവനം ഉറപ്പാക്കാൻ 
റിസോഴ്‌സ്‌ പേഴ്‌സൺ

ഗുണഭോക്താക്കൾക്ക് ആനുകൂല്യം ലഭ്യമാക്കാൻ കുടുംബശ്രീ കമ്യൂണിറ്റി റിസോഴ്‌സ് പേഴ്‌സൺമാരെ നിയമിച്ചിട്ടുണ്ട്‌. ഒക്ടോബർ ആദ്യവാരം ഇവരുടെ സേവനം ലഭ്യമായിത്തുടങ്ങും. നാല് പഞ്ചായത്തുകൾക്കായി ഒരു കമ്യൂണിറ്റി ആർപി എന്ന രീതിയിലാണ്  പ്രവർത്തനം. ആദ്യഘട്ടത്തിൽ ജില്ലയിൽ 24 പേരെയാണ് നിയമിക്കുക. അഗതിരഹിതം കേരളം പദ്ധതിക്ക് പുറമേ അതിദരിദ്ര അംഗങ്ങൾ, ബഡ്‌സ് സ്‌കൂൾ, വയോജന അയൽക്കൂട്ടങ്ങൾ എന്നിവരിലേക്കും പദ്ധതികൾ എത്തിക്കും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
-----
-----
 Top