09 December Saturday
ജില്ലാതല പരിശീലനത്തിന് ചൊവ്വാഴ്ച തുടക്കം

'തിരികെ സ്കൂളിൽ': 46 ലക്ഷം കുടുംബശ്രീ വനിതകൾ വിദ്യാലയങ്ങളിലേക്ക്

വെബ് ഡെസ്‌ക്‌Updated: Monday Sep 18, 2023

കൊച്ചി > വർഷങ്ങൾക്ക് മുമ്പ് പടിയിറങ്ങിയ വിദ്യാലയ മുറ്റത്തേക്ക് 46 ലക്ഷം അയൽക്കൂട്ട വനിതകൾ വീണ്ടുമെത്തുന്നു. വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് ഒക്ടോബർ ഒന്നു മുതൽ ഡിസംബർ പത്തു വരെ കുടുംബശ്രീയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'തിരികെ സ്കൂളിൽ' സംസ്ഥാനതല ക്യാമ്പയിന്റെ ഭാഗമായാണ് അയൽക്കൂട്ട വനിതകൾ വീണ്ടും വിദ്യാലയങ്ങളിലേക്കെത്തുന്നത്. കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും പുതിയ കാല സാധ്യതകൾക്കനുസൃതമായി നൂതന പദ്ധതികൾ ഏറ്റെടുക്കാൻ അയൽക്കൂട്ടങ്ങളെ പ്രാപ്തമാക്കുക ലക്ഷ്യത്തോടെയാണ് ക്യാമ്പയിൻ നടപ്പിലാക്കുന്നത്. ഒക്ടോബർ ഒന്നു മുതൽ ഡിസംബർ 30 വരെയാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.

ഓരോ സി.ഡി.എസിനു കീഴിലുമുള്ള  വിദ്യാലയങ്ങളിലാകും അയൽക്കൂട്ടങ്ങൾ പങ്കെടുക്കുക.  അവധി ദിനങ്ങളിൽ സംഘടിപ്പിക്കുന്ന ക്യാമ്പെയ്നു വേണ്ടി സംസ്ഥാനത്ത് രണ്ടായിരത്തിലേറെ സ്കൂളുകൾ അനുവദിച്ചിട്ടുണ്ട്. അയൽക്കൂട്ടങ്ങളിലെ സൂക്ഷ്മസാമ്പത്തിക ഉപജീവന പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക, ഡിജിറ്റൽ സാങ്കേതിക വിദ്യയെ കുറിച്ച് അവബോധം സൃഷ്ടിക്കുക, സ്ത്രീപദവി ഉയർത്തുന്നതിന് സഹായകമാകുന്ന കാഴ്ചപ്പാട് സൃഷ്ടിക്കുക എന്നിവയും ക്യാമ്പയിലൂടെ ലക്ഷ്യമിടുന്നു. വിജ്ഞാന സമ്പാദനത്തിൻറെ ഭാഗമായി 46 ലക്ഷം അയൽക്കൂട്ട വനിതകൾ പഠിതാക്കളായി എത്തുന്നു എന്നതാണ് ക്യാമ്പെയ്ൻറെ മുഖ്യ സവിശേഷത. 2,0000 ഏരിയ ഡെവലപ്മെൻറ് സൊസൈറ്റികൾ, 1071 സി.ഡി.എസുകൾ, 15,000 റിസോഴ്സ് പേഴ്സൺമാർ, കുടുംബശ്രീ സ്നേഹിത, വിവിധ പരിശീലന ഗ്രൂപ്പിലെ അംഗങ്ങൾ, സംസ്ഥാന ജില്ലാ മിഷൻ ജീവനക്കാർ എന്നിവർ ഉൾപ്പെടെ അര കോടിയിലേറെ പേരാണ് കാമ്പയിനിൽ പങ്കാളിത്തം വഹിക്കുക.  

സ്കൂൾ വിദ്യാഭ്യാസ കാലത്തെ അനുസ്മരിപ്പിക്കുന്ന വിധമാണ് ക്യാമ്പെയ്ൻ പ്രവർത്തനങ്ങൾ ആവിഷ്ക്കരിച്ചിട്ടുള്ളത്.  രാവിലെ 9.30 മുതൽ 4.30 വരെയാണ് ക്ളാസ് സമയം. 9.30 മുതൽ 9.45 വരെ അസംബ്ളിയാണ്. ഇതിൽ കുടുംബശ്രീയുടെ മുദ്രഗീതം ആലപിക്കും. അതിനു ശേഷം ക്ളാസുകൾ ആരംഭിക്കും. സംഘശക്തി അനുഭവ പാഠങ്ങൾ, അയൽക്കൂട്ടത്തിൻറെ സ്പന്ദനം കണക്കിലാണ്, സംഘഗാനം-ജീവിതഭദ്രത ഞങ്ങളുടെ സന്തോഷം, ഉപജീവനം-ആശയങ്ങൾ പദ്ധതികൾ, ഡിജിറ്റൽ കാലം എന്നിവയാണ് പാഠ്യ വിഷയങ്ങൾ. ഇവയോരോന്നും അഞ്ചു പാഠങ്ങളായി തിരിച്ചാണ് പരിശീലനം നൽകുക. പരിശീലനം ലഭിച്ച 15000ത്തോളം റിസോഴ്സ് പേഴ്സൺമാരാണ് അധ്യാപകരായി എത്തുന്നത്.  ഉച്ചയ്ക്ക് മുമ്പ് പതിനഞ്ച് മിനിട്ട് ഇടവേളയുണ്ട്. ഒന്നു മുതൽ ഒന്നേ മുക്കാൽ വരെയാണ് ഉച്ചഭക്ഷണത്തിനുള്ള സമയം. എല്ലാവരും ഒരുമിച്ചിരുന്നാകും ഭക്ഷണം കഴിക്കുക. കൂടാതെ ഈ സമയത്ത് ചെറിയ കലാപരിപാടികളും നടത്തും. ഓരോ പീരിയഡ് കഴിയുമ്പോഴും ബെല്ലടിക്കും. താൽപര്യമുള്ള അയൽക്കൂട്ടങ്ങൾക്ക് യൂണിഫോമും ധരിക്കാം.

ക്യാമ്പയിനിന്റെ മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ജില്ലാതല റിസോഴ്സ് പേഴ്സൺമാർക്കുള്ള പരിശീലന പരിപാടിക്ക് ചൊവ്വാഴ്ച തുടക്കമാകും. എറണാകുളം ജില്ലയിലെ പരിപാടി ചൊവ്വാഴ്ച രാവിലെ 9.30ന് ചൂർണിക്കര പഞ്ചായത്ത് ഹാളിൽ നടക്കും. അസിസ്റ്റന്റ് കളക്ടർ നിഷാന്ത് സിഹാര ഉദ്ഘാടനം ചെയ്യും. ജില്ലയിലെ ഇരുപത്തി ഒൻപതിനായിരത്തോളം വരുന്ന അയൽക്കൂട്ടങ്ങളിൽ നാലു ലക്ഷത്തോളം വരുന്ന അംഗങ്ങളും പഠന പ്രക്രിയയിൽ പങ്കെടുക്കും. കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ സിഡിഎസിന്റെ പരിധിയിലുളള സ്കൂളുകളിൽ തദ്ദേശസ്വയംഭരണ ജനപ്രതിനിധികളുടെയും സ്കൂൾ പിടിഎ, സ്കൂളിലെ അദ്ധ്യാപകർ തുടങ്ങിയവരുടെ കൂട്ടായ പ്രവർത്തനത്തിലൂടെയുമാണ് പരിപാടി നടക്കുക. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
-----
-----
 Top