20 April Saturday

കുടുംബശ്രീ രജതജൂബിലി 
ആഘോഷങ്ങൾക്ക്‌ സമാപനം

വെബ് ഡെസ്‌ക്‌Updated: Wednesday May 17, 2023


തിരുവനന്തപുരം  
മൂന്നു ദിവസമായി തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തെ ആവേശത്തിലാക്കിയ കുടുംബശ്രീ രജതജൂബിലി ചടങ്ങുകൾക്ക്‌ ബുധനാഴ്ച സമാപനം. കുടുംബശ്രീദിന പ്രഖ്യാപനവും സമാപന സമ്മേളനവും കുടുംബശ്രീ റേഡിയോ ആയ "റേഡിയോശ്രീ'യുടെ ഉദ്‌ഘാടനവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. മന്ത്രി എം ബി രാജേഷ്‌ അധ്യക്ഷനായി.

തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി ഏഴ്‌ സമകാലിക വിഷയങ്ങളിൽ പാനൽ ചർച്ച നടത്തി. ദേശീയതലത്തിൽനിന്നടക്കം പ്രമുഖരായ വനിതകൾ ചർച്ചകളുടെ ഭാഗമായി. ബുധൻ വൈകിട്ട്‌ നടന്ന മഹാസമ്മേളനത്തിൽ പതിനായിരക്കണക്കിന്‌ കുടുംബശ്രീ പ്രവർത്തകരാണ്‌ പങ്കാളികളായത്‌. കുടുംബശ്രീയുടെ പുതുക്കിയ ലോഗോ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനും 25–-ാം വാർഷികത്തോടനുബന്ധിച്ച്‌ തപാൽ വകുപ്പ്‌ പുറത്തിറക്കിയ പോസ്റ്റൽ കവർ മന്ത്രി ആന്റണി രാജുവും "നിലാവ്‌ പൂക്കുന്ന വഴികൾ' പുസ്തകം മന്ത്രി വി ശിവൻകുട്ടിയും കുടുംബശ്രീ മുദ്രാഗീതം മന്ത്രി ജി ആർ അനിലും പ്രകാശിപ്പിച്ചു.

സംസ്ഥാനത്തെ മികച്ച സിഡിഎസിനുള്ള പുരസ്കാരം ആലപ്പുഴ കഞ്ഞിക്കുഴി സിഡിഎസിനും നഗരസഭ ഒപ്പം ക്യാമ്പയിനിൽ ഒന്നാമതെത്തിയ കോഴിക്കോട്‌ കോർപറേഷനുമുള്ള പുരസ്കാരങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിച്ചു. പുതിയ ലോഗോ ഒരുക്കിയ ദേശാഭിമാനി ഇൻഫോഗ്രാഫിക്‌ ഡിസൈനർ എസ്‌ നിതിൻ മന്ത്രി എം ബി രാജേഷിൽനിന്ന്‌ പുരസ്കാരം ഏറ്റുവാങ്ങി. വിവിധ പദ്ധതികൾ മികച്ച രീതിയിൽ നടപ്പാക്കിയ സിഡിഎസുകൾ, നഗരസഭകൾ, പഞ്ചായത്തുകൾ എന്നിവർക്കുള്ള പുരസ്കാരങ്ങളും മന്ത്രി സമ്മാനിച്ചു. മന്ത്രി ആർ ബിന്ദു, മേയർ ആര്യ രാജേന്ദ്രൻ, ഡി സുരേഷ്‌ കുമാർ, സുഭാഷിണി അലി, പി കെ ശ്രീമതി, ശാരദ മുരളീധരൻ, ഡോ. ഷർമിള മേരി ജോസഫ്‌, കെ വാസന്തി തുടങ്ങിയവർ സംസാരിച്ചു.

ഇനി മെയ്‌ 17 കുടുംബശ്രീദിനം
കേരളത്തിലെ അരക്കോടി സ്‌ത്രീജീവിതങ്ങളിൽ സാമൂഹിക, സാമ്പത്തിക മുന്നേറ്റം ഉണ്ടാക്കിയ കുടുംബശ്രീക്ക്‌ ഇനി മെയ്‌ 17 സ്ഥാപിതദിനം. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത്‌ പതിനായിരങ്ങളെ സാക്ഷിയാക്കി മുഖ്യമന്ത്രി പിണറായി വിജയൻ മെയ്‌ 17 കുടുംബശ്രീദിനമായി പ്രഖ്യാപിച്ചു. 1998 മെയ്‌ 17 നാണ്‌ കുടുംബശ്രീ പിറന്നത്‌. കുടുംബശ്രീയുടെ രജതജൂബിലി ആഘോഷങ്ങളുടെ സമാപനച്ചടങ്ങും റേഡിയോശ്രീ പ്രവർത്തനവും മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്‌തു. പുതുക്കിയ ലോഗോ പ്രതിപക്ഷനേതാവ്‌ വി ഡി സതീശൻ പ്രകാശിപ്പിച്ചു. മന്ത്രി എം ബി രാജേഷ്‌ ചടങ്ങിൽ അധ്യക്ഷനായി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top