19 April Friday

‘റെഡി ടു ഈറ്റ്‌' 
വിപണിയിലേക്ക്‌ ; ബജറ്റിൽ കുടുംബശ്രീക്ക്‌ 260 കോടി


സ്വന്തം ലേഖികUpdated: Monday Feb 6, 2023


തിരുവനന്തപുരം
കുടുംബശ്രീ ഇനി "റെഡി ടു ഈറ്റ്‌' ഭക്ഷ്യ ഉൽപ്പന്നങ്ങളും വിപണിയിലെത്തിക്കും. പായ്ക്കറ്റുകളിലാക്കിയ, പാകം ചെയ്യേണ്ടാത്ത ആഹാരമാണ്‌ റെഡി ടു ഈറ്റ്‌ വിഭാഗത്തിൽപ്പെടുന്നത്‌. നിലവിൽ കുടുംബശ്രീയുടെ മസാലപ്പൊടികൾ, പലഹാരങ്ങൾ, ചിപ്‌സ്‌ എന്നിവയടക്കം നിരവധി ഉൽപ്പന്നങ്ങൾ വിപണിയിലുണ്ട്‌. പുറമെയാണ്‌ റെഡി ടു ഈറ്റ്‌ വിഭാഗത്തിലേക്കും  കടക്കുന്നത്‌. ഇതിന്‌ അംഗങ്ങൾക്ക്‌ പരിശീലനം നൽകും. ബജറ്റിൽ കുടുംബശ്രീക്കായി വകയിരുത്തിയ 260 കോടിയിൽനിന്നാണ്‌ പദ്ധതിവിഹിതം കണ്ടെത്തുക.

സംഘടനാ സംവിധാനം ശക്തിപ്പെടുത്തലും കാര്യശേഷി വർധിപ്പിക്കലും പ്രാദേശിക സാമ്പത്തികവികസനം, സൂക്ഷ്‌മ സംരംഭങ്ങൾ, കൃഷി, മൃഗസംരക്ഷണം, വിപണനവും വാണിജ്യവികസനവും  സാമൂഹ്യവികസനം, ബഡ്‌സ്‌ സ്ഥാപനങ്ങളുടെ വികസനം, ബാലസഭ, ജെൻഡർ, പട്ടികവർഗ വികസനപദ്ധതികൾ എന്നിവയ്ക്കായാണ്‌ ബജറ്റിൽ  കുടുംബശ്രീക്ക്‌ തുക വകയിരുത്തിയത്‌.

റെഡി ടു ഈറ്റ്‌ ഉൽപ്പന്നനിർമാണത്തിന്‌ താൽപ്പര്യമുള്ള അംഗങ്ങൾക്ക്‌ പരിശീലനത്തിനൊപ്പം മൂലധന സബ്‌സിഡി നൽകൽ, ഉൽപ്പാദനപ്രക്രിയ വികസനം, ബ്രാൻഡിങ്‌, ഹോം ഡെലിവറി ശൃംഖല വികസനത്തിനുള്ള പിന്തുണയും കുടുംബശ്രീ നൽകും. കൂടാതെ കേരള ചിക്കന്‌ കൂടുതൽ ഫാം, സെയിൽ ഔട്ട്‌ലെറ്റുകൾ തുടങ്ങാൻ സബ്‌സിഡി നൽകുക, ആട്‌, പശു ഫാമുകൾക്ക്‌ പിന്തുണ, മൃഗ പ്രജനന നിയന്ത്രണപരിപാടി (എബിസി) യുടെ കാര്യക്ഷമത വർധിപ്പിക്കുക, ഇതിന്‌ സാമ്പത്തികസഹായവും പരിശീലനവും നൽകുക, ബഡ്‌സ്‌ സ്ഥാപനങ്ങൾക്ക്‌ സാമ്പത്തിക സഹായം ഉറപ്പാക്കുക, സ്‌നേഹിത ജെൻഡർ ഡെസ്ക്‌, സിഡിഎസുകളിൽ ജെൻഡർ വികസനപരിപാടികൾ, ക്രൈം മാപ്പിങ്‌, ട്രാൻസ്‌ജെൻഡർ അടക്കമുള്ള ലൈംഗിക ന്യൂനപക്ഷങ്ങൾക്ക്‌ സഹായം എന്നിവയും   കുടുംബശ്രീയുടെ പുതിയ കാൽവയ്‌പ്പുകളാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top