28 March Thursday

കൂടല്ലൂരില്‍ മഹാശിലായുഗത്തിലെ ചെങ്കൽ ഗുഹ

സി കെ ഉണ്ണികൃഷ്ണൻUpdated: Saturday May 28, 2022
കൂറ്റനാട് > ആനക്കര പഞ്ചായത്തിലെ കൂടല്ലൂരില്‍ മഹാശിലായുഗ കാലത്തെ ചെങ്കൽഗുഹ കണ്ടെത്തി. കൂടല്ലൂര്‍- പട്ടിപ്പാറ റോഡില്‍ പറക്കുളം കുടിവെള്ള പദ്ധതിക്ക്‌ പൈപ്പിടാൻ മണ്ണുമാന്തി ഉപയോഗിച്ച് ചാലുകീറുമ്പോഴാണ് ഗുഹ കണ്ടെത്തിയത്. പണി ആരംഭിച്ചപ്പോൾത്തന്നെ പ്രദേശത്തുനിന്ന്‌ ആറ്‌ മണ്‍പാത്രങ്ങള്‍ നാട്ടുകാര്‍ കണ്ടെത്തിയിരുന്നു. ഗുഹ കണ്ടതോടെ പണി നിർത്തിവച്ചു.
 
ഗുഹയ്‌ക്ക്‌ രണ്ടായിരത്തിലേറെ വര്‍ഷം പഴക്കമുണ്ടെന്നും കൂടുതൽ പരിശോധന നടത്തണമെന്നും പട്ടാമ്പി സംസ്‌കൃത കോളേജിലെ ചരിത്ര വിഭാഗം തലവന്‍ പ്രൊഫ. കെ രാജന്‍ പറഞ്ഞു. ശനിയാഴ്‌ച പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിക്കും.നിളയുടെ തീരത്ത്‌ കണ്ടെത്തിയ ഗുഹ നദീതട സംസ്‌കാരത്തിന്റെ ഭാഗമാണെന്ന്‌ കരുതുന്നു. അര്‍ധഗോളാകൃതിയിലുള്ള ഗുഹയില്‍ രണ്ട് അറകളുണ്ട്‌. ഒരാള്‍ക്ക് ഇരുന്നുപോകാന്‍ കഴിയുന്ന ഉയരവും ആറടിയോളം നീളവുമാണുള്ളത്‌.
 
വര്‍ഷങ്ങള്‍ക്കുമുമ്പ് ചരിത്രകാരന്‍ ഡോ. രാജന്‍ ഗുരുക്കളുടെ നേതൃത്വത്തില്‍ ആനക്കര പൊന്നത്താൻനിര കുന്നിൽ നടന്ന ഗവേഷണത്തില്‍ മഹാശിലായുഗത്തിലെ വിവിധ ശേഷിപ്പുകള്‍ കണ്ടെത്തിയിരുന്നു. ഇവിടെയും വലിയ ചെങ്കല്ല് നിർമിത ഗുഹ കണ്ടെത്തിയിട്ടുണ്ട്‌. വര്‍ഷങ്ങള്‍ നീണ്ട ഗവേഷണമാണ് ഇവിടെ നടത്തിയത്. ആദിമ മനുഷ്യര്‍ താമസിച്ച മേഖലയായാണ് ഇതിനെ കണ്ടത്. മഹാശിലായുഗ സംസ്‌കാരത്തിന്റെ ശേഷിപ്പുകളാണ് ചെങ്കല്‍ ഗുഹകള്‍. ഇത്തരത്തിലുള്ള ഗുഹകള്‍ നേരത്തേ തിരുനാവായക്കുസമീപം കൊടക്കല്ലില്‍ കണ്ടെത്തിയിരുന്നു. കടുപ്പമേറിയ ചെങ്കല്ല് വെട്ടിയുണ്ടാക്കിയ അര്‍ധഗോളാകൃതിയിലുള്ളതാണ് ഗുഹ. മഹാശിലായുഗ കാലത്ത്‌ മൃതദേഹാവശിഷ്‌ടങ്ങള്‍ മറവുചെയ്യാന്‍ ഉപയോഗിച്ചവയാകാമെന്നാണ് കരുതുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top