29 March Friday

കെടിയു സിൻഡിക്കേറ്റ്‌ തീരുമാനം സസ്‌പെൻഡ്‌ ചെയ്‌ത ഗവർണറുടെ നടപടി ഹൈക്കോടതി റദ്ദാക്കി

വെബ് ഡെസ്‌ക്‌Updated: Friday Mar 17, 2023

കൊച്ചി
കേരള സാങ്കേതിക സർവകലാശാല (കെടിയു) യുടെ ഭരണനടപടി സുതാര്യമാക്കാൻ സിൻഡിക്കറ്റും ബോർഡ്‌ ഓഫ്‌ ഗവർണേഴ്‌സും എടുത്ത തീരുമാനം സസ്‌പെൻഡ്‌ ചെയ്‌ത ഗവർണറുടെ നടപടി ഹൈക്കോടതി റദ്ദാക്കി.

സർവകലാശാലയുടെ നടത്തിപ്പിൽ വിസിയെ സഹായിക്കാൻ സിൻഡിക്കറ്റ് ഉപസമിതി രൂപീകരിച്ചിരുന്നു.  ഗവർണർക്ക് വിസി അയക്കുന്ന കത്തുകൾ സിൻഡിക്കറ്റിന് റിപ്പോർട്ട് ചെയ്യണമെന്ന്‌ നിർദേശിച്ചതിനു പുറമെ, നിയമവിരുദ്ധമായി ജീവനക്കാരെ മാറ്റിയ വിസിയുടെ നടപടി റദ്ദാക്കാനും സിൻഡിക്കേറ്റ്‌ തീരുമാനിച്ചിരുന്നു. ഈ  തീരുമാനങ്ങളാണ് ഗവർണർ അസാധുവാക്കിയത്‌. ഇത്‌ ചോദ്യം ചെയ്‌ത്‌ സിൻഡിക്കറ്റ്‌ അംഗം ഐ ബി സതീഷ്‌ എംഎൽഎ നൽകിയ ഹർജി പരിഗണിച്ചാണ്‌ ജസ്‌റ്റിസ്‌ സതീഷ്‌ നൈനാന്റെ ഉത്തരവ്‌. കാരണംകാണിക്കൽ നോട്ടീസ് നൽകാതെയുള്ള ഗവർണറുടെ  നടപടി നിലനിൽക്കില്ലെന്ന്‌ കോടതി വ്യക്തമാക്കി. 

സർവകലാശാല നിയമത്തിന്‌ വിരുദ്ധമായി  ഉദ്യോഗസ്ഥരോ, ഭരണസമിതികളോ എടുക്കുന്ന തീരുമാനം ഗവർണർക്ക്‌ റദ്ദാക്കാൻ അവകാശമുണ്ട്‌. എന്നാൽ, അതിനുമുമ്പ്‌ ചാൻസലർ സർവകലാശാലയിൽനിന്ന്‌ വിശദീകരണം തേടുകയോ സർക്കാരുമായി കൂടിയാലോചിക്കുകയോ വേണം. കെടിയുവിന്റെ  താൽക്കാലിക വിസിയായ സിസ തോമസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്‌ ഗവർണർ  സിൻഡിക്കറ്റ്‌ തീരുമാനം സസ്‌പെൻഡ്‌ ചെയ്‌തത്‌. എന്നാൽ, ഡോ. സിസയെ ഗവർണർ ചട്ടവിരുദ്ധമായാണ്‌ നിയമിച്ചതെന്നും പുതിയ വിസി നിയമനത്തിനുള്ള നടപടിയുമായി സർക്കാരിന്‌ മുന്നോട്ടുപോകാമെന്നും  കഴിഞ്ഞമാസം ഹൈക്കോടതി ഡിവിഷൻ ബെഞ്ച്‌ വിധിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top