26 April Friday

കെ ടി ഇല്ലാത്ത ഒന്നരപ്പതിറ്റാണ്ട്‌

സ്വന്തം ലേഖകൻUpdated: Friday Mar 24, 2023
കോഴിക്കോട്‌> കെ ടി മുഹമ്മദ് അരങ്ങൊഴിഞ്ഞിട്ട്‌ ശനിയാഴ്‌ച ഒന്നരപ്പതിറ്റാണ്ട്‌. കേരളത്തിന്റെ അരങ്ങിന്‌ അടർത്തിയെടുക്കാനാവാത്തത്ര ആഴത്തിലാണ്‌ കെ ടിയും നാടകങ്ങളും പതിഞ്ഞത്‌. മലയാള നാടകവേദിയുടെ നടപ്പുശീലങ്ങളെ പൊളിച്ചെഴുതിയ നാടകങ്ങൾ ആസ്വാദകനെ ഇരുത്തിച്ചിന്തിപ്പിക്കാനും പരിവർത്തനപ്പെടുത്താനും കരുത്തുള്ളതായിരുന്നു.  
 
12ാം വയസ്സിലാണ്‌ കെ ടി നാടകജീവിതത്തിന്‌ തുടക്കംകുറിച്ചത്‌. സ്‌കൂൾ കൈയെഴുത്തുമാസികയിൽ എഴുതാറുണ്ടായിരുന്നു. കഥ 1949ൽ യുവലോകത്തിലാണ്‌ അച്ചടിച്ചുവന്നത്‌. പിന്നീട്‌ എഴുതിയ ‘കണ്ണുകൾ’ ലോക ചെറുകഥാ മത്സരത്തിൽ ഒന്നാംസ്ഥാനം നേടി. എട്ടാം ക്ലാസിൽ പഠനം നിർത്തേണ്ടിവന്ന കുട്ടിക്ക്‌ ബാപ്പ മിഠായിത്തെരുവിലെ കടയിൽ ജോലി തരപ്പെടുത്തി.  പിന്നീട്‌ തപാലാപ്പീസിലെ പ്യൂണായി. 48ൽ പോസ്റ്റ്‌മെൻ ആൻഡ്‌ ക്ലാസ്‌ഫോർ ജീവനക്കാർ അഖിലേന്ത്യാ തലത്തിൽ ആരംഭിച്ച സമരത്തിൽ കെ ടിയും നിലകൊണ്ടു. സമരത്തിൽ പങ്കെടുത്ത പലർക്കും ജോലി നഷ്ടപ്പെട്ടു. കെ ടിക്കെതിരെ അപ്പോൾ നടപടിയുണ്ടായില്ലെങ്കിലും. ജോലി നിഷേധിക്കപ്പെട്ടവരെ പിന്തുണച്ചതിന്‌ പിന്നീട്‌ പിരിച്ചുവിട്ടു. ഇതിനിടയ്‌ക്ക്‌ നാടകത്തിൽ സജീവമായി.
 
മലബാർ കേന്ദ്രകലാസമിതി നാടകമത്സരത്തിൽ ‘കറവറ്റ പശു’ സമ്മാനാർഹമായതോടെ നാടകവേദിയുടെ അനിഷേധ്യസാന്നിധ്യമായി. ബ്രദേഴ്‌സ്‌ മ്യൂസിക്‌ ക്ലബ്‌, ഗ്രീൻ റൂം എക്‌സ്‌പെരിമെന്റൽ ആർട്‌സ്‌ സെന്റർ, സംഗമം, കലിംഗ തുടങ്ങിയ നാടകസംഘങ്ങൾ കെ ടിയോടൊപ്പം വളർന്നു. കാളിദാസ കലാകേന്ദ്രത്തിനും കെപിഎസിക്കുംവേണ്ടി നാടകമെഴുതി. 
 
‘‘നാടകം എന്റെ ജീവിതമാണ്‌. പക്ഷേ ഒരിക്കലും ജീവിതത്തിനുവേണ്ടി ഞാൻ നാടകത്തെ ഉപയോഗപ്പെടുത്താൻ ആഗ്രഹിച്ചിരുന്നില്ല. എന്റെ ഗുരു സ്വന്തം അനുഭവങ്ങളാണ്‌. ഞാൻ ജനങ്ങളുടെ നാടകമാണെഴുതിയത്‌. അവർ സ്വീകരിച്ചു. എനിക്കതുമതി’– കെ ടി ഒരിക്കൽ പറഞ്ഞതിങ്ങനെ. അതായിരുന്നു അദ്ദേഹത്തിന്റെ ജീവിതവീക്ഷണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top