16 September Tuesday

ഖുറാന്‍ കൊടുക്കുന്നത് തെറ്റായി ബിജെപിക്ക് തോന്നാം, ലീഗിന് തോന്നണോ; ജലീലിനോട് ചിലര്‍ക്ക് ഒരുകാലത്തും മാറാത്ത പക: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 15, 2020

തിരുവനന്തപുരം> ഖുർആനെ പോലെ വിശുദ്ധഗ്രന്ഥം വിശ്വാസികൾക്ക്‌ നൽകുന്നത്‌ ബിജെപിക്ക് തെറ്റായി തോന്നാം. എന്നാൽ, മുസ്ലിംലീഗിന് അങ്ങനെ തോന്നണോ എന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ഖുർആൻ വിശ്വാസികൾക്ക്‌ പ്രധാനമാണ്‌. അത്‌ വിതരണം ചെയ്യുന്നത്‌ തെറ്റായി കാണാനാകില്ല. അത്‌ ബിജെപിക്ക്‌ തോന്നാം. എന്നാൽ അതേ വികാരത്തോടെ ലീഗും എടുക്കണോ.

കെ ടി ജലീലാകുമ്പോൾ ഖുർആൻ ആയാലും തൊട്ടുകൂടെന്ന രീതിയിലേക്ക്‌ ലീഗ്‌ മാറുന്നു.  ജലീലിനെതിരെ ആക്ഷേപമുന്നയിച്ച്‌ കേരളത്തിന്റെ പൊതു അന്തരീക്ഷം അട്ടിമറിക്കാനാണ്‌ ശ്രമം. ബിജെപിക്കും ലീഗിനും ഒരേരീതിയിൽ കാര്യങ്ങൾ നീക്കാൻ കഥാപാത്രത്തെ സൃഷ്ടിക്കുകയാണ്‌. ഇരുകൂട്ടർക്കും അവരുടേതായ ഉദ്ദേശ്യങ്ങളുണ്ട്‌. അതിനായി നാട്‌ കുട്ടിച്ചോറാക്കാൻ ശ്രമിക്കുന്നവർ ഇത്‌ കേരളമാണെന്ന്‌ ഓർക്കണമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.

കെ ടി ജലീൽ ഒരു തെറ്റും ചെയ്‌തിട്ടില്ലെന്ന്‌ സമൂഹത്തിന്‌ ബോധ്യമുണ്ട്‌. മന്ത്രിതന്നെ ഇക്കാര്യത്തിൽ വേണ്ടത്ര വ്യക്തത വരുത്തിയിട്ടുണ്ട്‌. ജലീൽ എൽഡിഎഫിനൊപ്പം വന്നതുമുതൽ ചിലർക്ക് അദ്ദേഹത്തോട്‌ പകയാണ്‌. അത്‌ ഒരുകാലത്തും ചിലർക്ക്‌ വിട്ടുമാറുന്നില്ല. അതിന്റെ കൂടെ ചേർന്നവരുടെ ഉദ്ദേശ്യം വ്യക്തമാണ്‌. സമരസപ്പെട്ടുപോകാൻ പ്രയാസമുണ്ടെന്നുവച്ച്‌ വ്യക്തിയെ തേജോവധം ചെയ്യാൻ പാടില്ല. ഇത്‌ രാഷ്‌ട്രീയ പ്രചാരണമല്ല. ഇല്ലാക്കഥ കെട്ടിച്ചമച്ച്‌ നാട്ടിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുകയാണ്‌. ആക്ഷേപം വന്നാൽ ഏത്‌ ഏജൻസിയും പരിശോധന നടത്തും. അതിലെന്താണ്‌ തെറ്റ്‌. കേരളത്തിൽ ഒരു മന്ത്രിയെ ചോദ്യംചെയ്യുന്നത്‌ ആദ്യമായാണോ?

ഇഡി ചോദ്യം ചെയ്തുവെന്നത് വലിയൊരു പ്രശ്നമല്ല. ഇത്തരം ചോദ്യം ചെയ്യലുകൾ കേരളത്തിൽ ആദ്യത്തേതുമല്ല. ഖുർആനും സക്കാത്തും ജലീൽ അങ്ങോട്ട്‌ ചോദിച്ചതല്ല. സാംസ്‌കാരിക രീതിയനുസരിച്ച്‌ ഇക്കാര്യത്തിൽ സഹായിക്കണമെന്ന്‌ കോൺസുലേറ്റ്‌ അദ്ദേഹത്തോട്‌  അഭ്യർഥിച്ചതാണ്‌. ഇക്കാര്യത്തിൽ രാജിവയ്‌ക്കാൻമാത്രം ജലീൽ എന്ത്‌ തെറ്റുചെയ്‌തുവെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ ചോദിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top