19 April Friday

പൊലീസിന് നേരെയുണ്ടായത് ആസൂത്രിത ആക്രമണം: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Thursday Feb 18, 2021

തിരുവനന്തപുരം> സാമൂഹ്യ വിരുദ്ധ രീതിയിലേക്ക്  കെഎസ് യു പ്രക്ഷോഭം വഴിമാറിപ്പോവുകയായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 'പൊലീസ് ആത്മസംയമനം പാലിച്ചു. വളഞ്ഞിട്ട് തല്ലിയാല്‍ എന്ത് ചെയ്യും. കെഎസ് യുവിന്റേത് ആസൂത്രിത ആക്രമണമാണ്'; അദ്ദേഹം വ്യക്തമാക്കി.

 ആയിരം കിലോമീറ്റര്‍ റോഡിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആസൂത്രിതമായ നീക്കം നടക്കുന്നുണ്ടോ എന്ന് സംശയമുണ്ടെന്നും മുഖ്യമന്ത്രി  പറഞ്ഞു. വളഞ്ഞിട്ട് തല്ലിയാല്‍ പൊലീസിന് പ്രതികരിക്കേണ്ടി വരും. അത്തരത്തിലുള്ള ഇടപെടല്‍ മാത്രമെ  പൊലീസിന്റെ ഭാഗത്ത് നിന്നുമുണ്ടായിട്ടുള്ളു. സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം നടത്തുന്ന ഉംബാര വിഭാഗത്തില്‍ പെട്ടവരെ തല്ലി , അവരുടെ മണ്‍പാത്രങ്ങള്‍ തല്ലിപൊട്ടിക്കുക കൂടി ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു

അര മണിക്കൂര്‍ ഇടവിട്ട് വിവിധ പദ്ധതികളാണ് കേരളത്തില്‍ ഉദ്ഘാടനം ചെയ്യുന്നത്. സ്വാഭാവികമായും അതോരോ പ്രദേശത്തും ഉണ്ടാക്കുന്ന പ്രതികരണമുണ്ട്. അത് മറച്ചുവക്കാനുള്ള ഗൂഢാലോചന അരങ്ങേറുന്നു എന്ന് നാം കാണണം.  ഇത് നാടിന്റെ മുന്നോട്ടുപോക്കിന് എതിരായിട്ടുള്ള ദുഷ്ടമനസകളുടെ ഗൂഢാലോചനയുടെ ഭാഗമായി രൂപം കൊള്ളുന്ന ഒന്നാണെന്ന്  തിരിച്ചറിയണം.

 സര്‍ക്കാരിനെ ഇത് ബാധിക്കില്ല.  വികസന കാര്യത്തില്‍ മാത്രമല്ല, ക്ഷേമപ്രവര്‍ത്തനത്തിലും കോവിഡ് ഉള്‍പ്പെടെയുള്ള ദുരന്ത  പ്രതിരോധ പ്രവര്‍ത്തനത്തിലുമൊക്കെ സമാനതകളില്ലാത്ത മാതൃക കാഴ്ചവെക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു എന്ന് എല്ലാവരും  സമ്മതിക്കുന്ന നിലയാണ് കേരളത്തിലുള്ളത്. ജനത്തിന് നേരിട്ട് അനുഭവ വേദ്യമായ ഒട്ടേറെ കാര്യങ്ങള്‍ ഈ കാലയളവില്‍ ചെയ്യാനായി എന്ന സംതൃപ്തി തന്നെയാണ് സര്‍ക്കാരിനുള്ളത്.

അപൂര്‍വ്വം ചിലര്‍ക്കതുകൊണ്ട് മനസിന് വിഷമമുണ്ടാകും. അവര്‍ വിഷമം കൊണ്ട് ഇരിക്കുക എന്നല്ലാതെ ജനമനസുകളിലേക്ക് എത്തിക്കാന്‍ കഴിയുമെന്ന് ധരിക്കേണ്ടതില്ല.  ഇക്കാര്യത്തില്‍ നിരാശപ്പെടല്‍ മാത്രമെ അവര്‍ക്ക് വഴിയുള്ളു.

 വികസനവും ഉല്‍പ്പാദനവും ദുരന്തപ്രതിരോധവും ക്ഷേമപ്രവര്‍ത്തനവും എല്ലാം ഒരുമിച്ച് കൊണ്ടുപോകാന്‍ ഒരുസര്‍ക്കാരിനുമാകില്ല എന്ന  തെറ്റായ ധാരണ നമ്മുടെ നാട്ടിലുണ്ടായിരുന്നു. അത് മാറ്റിയെടുക്കാന്‍ ഈ കാലയളവില്‍ സാധിച്ചു എന്ന അഭിമാനബോധവും സര്‍ക്കാരനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top