29 March Friday

കെഎസ്‌യു സമ്മതിക്കുന്നു ; ആ ചോരയിൽ എസ്‌എഫ്‌ഐക്ക്‌ പങ്കില്ല

പ്രത്യേക ലേഖകൻUpdated: Thursday Jan 13, 2022


തിരുവനന്തപുരം
കൊല്ലപ്പെട്ടവരുടെ ചരിത്രം വിശദീകരിക്കുമ്പോഴും ഒന്നിലും എസ്‌എഫ്‌ഐ പ്രവർത്തകരെ പ്രതിസ്ഥാനത്ത്‌ നിർത്താനാകാതെ കെഎസ്‌യു. ഏഴ്‌ രക്തസാക്ഷികളുടെ ചരിത്രം പറയുന്ന കെഎസ്‌യു അതിൽ ഒരു സംഭവത്തിലും പ്രതി എസ്‌എഫ്‌ഐ ആണെന്ന്‌ ആരോപിക്കുന്നില്ല. കെഎസ്‌യുവിന്റെ ഔദ്യോഗിക ഫെയ്‌സ്‌ബുക്ക്‌ പേജും അത്‌ സാക്ഷ്യപ്പെടുത്തുന്നു.

അതേസമയം, ക്യാമ്പസുകളിൽ പിടഞ്ഞുവീണ 35 എസ്‌എഫ്‌ഐ പ്രവർത്തകരിൽ 12 പേരുടെ രക്തസാക്ഷിത്വത്തിലും കെഎസ്‌യുവിന്റെ ചോരക്കൊതിയുണ്ട്‌. കാസർകോട്‌ സുധാകർ അക്കിദായി, ശാന്തറാം ഷേണായി, കൊച്ചിയിൽ തേവര മുരളി തുടങ്ങിയവർ സംഘർഷസ്ഥലത്തുണ്ടായ പൊലീസ്‌ ലാത്തിച്ചർജിലും വെടിവയ്പിലും കൊല്ലപ്പെട്ടവരാണ്‌. അറയ്‌ക്കൽ സിജു സ്വകാര്യ ബസ്‌ ജീവനക്കാരുമായുണ്ടായ സംഘർഷത്തിനിടെയാണ്‌ കൊല്ലപ്പെട്ടതെങ്കിൽ ആറ്റിങ്ങൽ വിജയകുമാർ സംഘർഷം ചർച്ചചെയ്ത്‌ പരിഹരിക്കാനുള്ള നീക്കത്തിനിടെ കുത്തേറ്റ്‌ മരിക്കുകയായിരുന്നു. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്ന സജിത്‌ലാൽ ക്യാമ്പസിനു പുറത്ത്‌ കൊല്ലപ്പെട്ട സംഭവത്തിലും എസ്‌എഫ്‌ഐക്ക്‌ പങ്കുള്ളതായി കെഎസ്‌യു ആരോപിക്കുന്നില്ല.

കെ സുധാകരന്റെ ഭരണപരിഷ്കാരമായി യൂത്ത്‌ കോൺഗ്രസിലും കെഎസ്‌യുവിലും മാത്രമല്ല സമൂഹമാധ്യമങ്ങളിലും പുതിയ ‘റിക്രൂട്ട്‌മെന്റ്‌’ നടക്കുന്നുണ്ട്‌. സിപിഐ എമ്മിന്റെ രക്തസാക്ഷികളെയടക്കം അപമാനിക്കുന്ന പോസ്റ്റുകളും ട്രോളുകളും പടച്ചുണ്ടാക്കുന്നതും ഇവരാണ്‌. ഇതേ സംഘം തയ്യാറാക്കിയ കെഎസ്‌യു ചരിത്രത്തിലും ക്യാമ്പസ്‌ കൊലക്കേസുകളിൽ എസ്‌എഫ്‌ഐയെ പ്രതിസ്ഥാനത്ത്‌ നിർത്താൻ കഴിഞ്ഞിട്ടില്ല. ക്യാമ്പസുകളിൽ എസ്‌എഫ്‌ഐ സ്വീകരിക്കുന്ന സമീപനം അക്രമത്തിന്റേതല്ലെന്നും അവരുടെ രക്തസാക്ഷിപ്പട്ടിക വിളിച്ചോതുന്നുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top