26 April Friday

കെഎസ്‌ആർടിസിയെ മാത്രമെടുത്ത്‌ കുറ്റംപറയുന്നു: മന്ത്രി ആന്റണി രാജു

വെബ് ഡെസ്‌ക്‌Updated: Wednesday Jul 6, 2022


തിരുവനന്തപുരം
ഖജനാവിലേക്ക്‌ വലിയ തുക നേടിക്കൊടുക്കുന്നതാണ്‌ ഗതാഗത വകുപ്പ്‌ എങ്കിലും കെഎസ്‌ആർടിസിയെ മാത്രമെടുത്ത്‌ കുറ്റംപറയാനാണ്‌ പ്രതിപക്ഷം ശ്രമിക്കുന്നതെന്ന്‌ മന്ത്രി ആന്റണി രാജു പറഞ്ഞു. ധനാഭ്യർഥന ചർച്ചയ്‌ക്ക്‌ മറുപടി പറയുകയായിരുന്നു അദ്ദേഹം. 2021–-22ൽ മാത്രം 3982 കോടി രൂപയാണ്‌ ഗതാഗത വകുപ്പ്‌ ഖജനാവിലേക്ക്‌ നൽകിയത്‌.

അഴിമതി തടയാൻ മോട്ടോർ വാഹനവകുപ്പിൽ കംപ്യൂട്ടർവൽക്കരണം നടപ്പാക്കി. കഴിഞ്ഞവർഷം 15 ലക്ഷംപേർക്ക്‌ ഓഫീസുകളിൽ എത്താതെ സേവനം ലഭിച്ചു. ഹോളോഗ്രാം അടക്കം പതിച്ച എലഗന്റ്‌ ഡ്രൈവിങ്‌ ലൈസൻസ്‌ ഏർപ്പെടുത്തും. ടോൾ പ്ലാസകൾ വഴിയുള്ള ചൂഷണം അവസാനിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കേന്ദ്ര മന്ത്രിയെ കണ്ട്‌ നിവേദനം നൽകി. വാഹനീയം അദാലത്തിലൂടെ 3990 ഫയൽ തീർപ്പാക്കി. ആഗസ്‌തോടെ മുഴുവൻ ഫയലും തീർപ്പാക്കും. നിർമിത ബുദ്ധിയിലൂടെ പ്രവർത്തിക്കുന്ന 726 കാമറയാണ്‌ സ്ഥാപിക്കുന്നത്‌. ജനങ്ങൾക്ക്‌ ബുദ്ധിമുട്ടില്ലാതെ നിയമലംഘകരെ പിടികൂടാൻ ഇതുവഴി സാധിക്കും.

കോവളം–-ബേക്കൽ ദേശീയ ജലപാത മുതൽക്കൂട്ടാകും. കെഎസ്‌ആർടിസിയുടെ ഉന്നമനത്തിന്‌ സുശീൽ ഖന്ന റിപ്പോർട്ട്‌ നടപ്പാക്കും. ഗ്രാമവണ്ടി പദ്ധതിക്ക്‌ 31നു പാറശാലയിലെ കൊല്ലയിൽ പഞ്ചായത്തിൽ തുടക്കമാകുമെന്നും അദ്ദേഹം പറഞ്ഞു.

തുണയായത്‌ എൽഡിഎഫ് സർക്കാർ
കെഎസ്‌ആർടിസിയുടെ നിലനിൽപ്പിന്‌ തുണയായത്‌ തുടർഭരണത്തിൽ അധികാരത്തിലെത്തിയ എൽഡിഎഫ്‌ സർക്കാരാണെന്ന്‌ മന്ത്രി ആന്റണി രാജു.  കെഎസ്‌ആർടിസിക്ക്‌ സഹായമായി സർക്കാർ കഴിഞ്ഞവർഷം നൽകിയത്‌ 2037 കോടി രൂപയാണ്‌. പെൻഷൻ അതത്‌ മാസം നൽകുന്നതും സർക്കാർ സഹായത്താലാണ്‌. പ്രതിസന്ധിയിലും ശമ്പള പരിഷ്‌കരണം നടപ്പാക്കാനായി. ടിക്കറ്റിതര വരുമാനത്തിൽ പ്രതിമാസം 11 കോടി രൂപ  ലഭിക്കുന്നുണ്ട്‌. കോവിഡ്‌ അടച്ചിടലിനുശേഷം  യാത്രക്കാരുടെ എണ്ണം ഭീമമായി കുറഞ്ഞു. 28 ലക്ഷമായിരുന്ന യാത്രക്കാരുടെ എണ്ണം 18 ലക്ഷമായി.

പല റൂട്ടിലും ഡീസലിനുള്ള പണംപോലും വരുമാനമായി ലഭിക്കുന്നില്ല. ഈ സാഹചര്യത്തിലാണ്‌ ചില സർവീസ്‌ റദ്ദാക്കേണ്ടിവന്നത്‌. തദ്ദേശസ്ഥാപനങ്ങൾ ഗ്രാമവണ്ടി പദ്ധതിയിൽ അംഗമായാൽ ഏത്‌ റൂട്ടിലും ബസ്‌ അയക്കാൻ തയ്യാറാണെന്നും മന്ത്രി പറഞ്ഞു.

വൈദ്യുത ബസ്‌ വാങ്ങൽ 
കൂടുതൽ ചർച്ചയ്‌ക്കുശേഷം
കെഎസ്‌ആർടിസിക്കായി കൂടുതൽ വൈദ്യുത ബസ് വാങ്ങുന്നതു സംബന്ധിച്ച്‌  സർക്കാർതലത്തിൽ ചർച്ച നടത്തി തീരുമാനിക്കുമെന്ന്‌ ഗതാഗത മന്ത്രി ആന്റണി രാജു.  700 സിഎൻജി ബസ്‌ വാങ്ങാൻ സർക്കാർ തീരുമാനിച്ചിരുന്നു. 2021ൽ 54 രൂപയായിരുന്നു സിഎൻജി വില  ആറു മാസത്തിനിടെ  83 രൂപയായി. ഈ സാഹചര്യത്തിൽ സിഎൻജി ബസ്‌ ലാഭകരമാണോയെന്ന്‌ പരിശോധിക്കുകയാണ്‌. ആറു  മാസത്തെ സിഎൻജി വില പരിശോധിച്ചശേഷം ഏത്‌ ബസ്‌ വാങ്ങണമെന്നതിൽ അന്തിമ തീരുമാനമെടുക്കും.

ഡീസൽ ബസിന്‌ 32 മുതൽ 35 ലക്ഷം രൂപ വരെയാണ്‌ വില. സിഎൻജിക്ക്‌  37 മുതൽ 40 ലക്ഷം വരെയും വൈദ്യുത ബസുകൾക്ക്‌  പരിപാലനച്ചെലവടക്കം 90 ലക്ഷവുമാണ്‌ വില. ഡീസൽ ബസിന്‌ കിലോമീറ്ററിന്‌ 27 രൂപ ചെലവുവരുമ്പോൾ സിഎൻജിക്ക്‌ 20 രൂപയാണ്‌ ചെലവ്‌. വൈദ്യുത ബസിന്‌  18 രൂപയേ വരുന്നുള്ളൂ. ഡീസൽ ബൾക്ക്‌ പർച്ചേസ്‌ നടത്തുമ്പോൾ 132.94 രൂപ നൽകണം. നേരത്തെ നൽകിയതിനേക്കാൾ 48.2 രൂപ അധികമാണ്‌ ഇത്‌. കെഎസ്‌ആർടിസിയുടെ സ്വന്തം  പമ്പുകളിൽനിന്ന്‌ എണ്ണയടിച്ചാണ്‌ ബൾക്ക്‌ പർച്ചേസ്‌ കൊള്ളയിൽനിന്ന്‌ പിടിച്ചുനിൽക്കുന്നതെന്നും മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top