29 March Friday

കൊച്ചിക്കും കൗതുകമായി ട്രെയിൻ ബസ്‌

വെബ് ഡെസ്‌ക്‌Updated: Friday Jun 24, 2022

മട്ടാഞ്ചേരി> വെള്ളയും നീലയും നിറമുള്ള ട്രെയിൻ ബസ്‌ കൊച്ചിയിൽ എത്തിയപ്പോൾ യാത്രക്കാർക്ക് കൗതുകം. നീളക്കൂടുതൽ കണ്ട്‌ നിരക്ക്‌ കൂടുതലാണെന്നു കരുതി മടിച്ചുനിന്നെങ്കിലും ഓർഡിനറിയാണെന്നു മനസ്സിലായതോടെ യാത്രക്കാരുടെ ഇഷ്‌ടബസായി മാറുകയാണിത്‌. കേരളത്തിലെ ഏറ്റവും നീളംകൂടിയ ബസായ‌ വെസ്റ്റിബ്യൂൾ തോപ്പുംപടിയിൽനിന്നാണ്‌ കരുനാഗപ്പള്ളിയിലേക്ക്‌ സർവീസ്‌ തുടങ്ങിയത്‌.

പതിനേഴുമീറ്റർ നീളമുള്ള ബസ്‌ കണ്ടാൽ രണ്ടു ബസുകൾ കൂട്ടിക്കെട്ടിയതാണെന്നേ തോന്നൂ. സംസ്ഥാനത്ത്‌ കെഎസ്ആർടിസിക്കുമാത്രമാണ് ഇത്തരമൊരു ബസ് സ്വന്തമായുള്ളത്. ആറ്റിങ്ങൽ–-കിഴക്കേകോട്ട റൂട്ടിൽ സർവീസ് നടത്തിയിരുന്ന ബസാണ് പുതിയ ഷെഡ്യൂൾപ്രകാരം കൊച്ചിയിലേക്ക് എത്തിയത്.  60 സീറ്റിലാണ്‌ യാത്ര അനുവദിച്ചിട്ടുള്ളത്. കൂടുതൽ യാത്രക്കാർക്ക് നിന്നു യാത്ര ചെയ്യാൻ സൗകര്യമുണ്ട്.

അശോക് ലെയ്‌ലാൻഡിന്റെ ആറു സിലിണ്ടർ ടർബോ ഇന്റർകൂൾ എൻജിനാണ് ഉപയോഗിക്കുന്നത്. എട്ടു ടയറുകളിലാണ്‌ യാത്ര. ഡീസൽ ഇന്ധനമായ ബസിന്‌ മൂന്നു കിലോമീറ്ററാണ് മൈലേജ്. ബസ്‌ ഓരോ സ്‌റ്റോപ്പിലും എത്തുമ്പോൾ ചില യാത്രക്കാർ ആദ്യം നോക്കുക ബസിനടിയിലേക്കാണ്‌. എത്ര ടയർ ഉണ്ടെന്നാണ്‌ നോട്ടം. വലിയ ബസാണെങ്കിലും ഓടിക്കുന്നതിൽ ഒരു ബുദ്ധിമുട്ടും ഇല്ലെന്ന് ഡ്രൈവർ ലിയാക്കത്ത് അലി ഖാൻ പറഞ്ഞു. ചേർത്തല, ആലപ്പുഴ സ്‌റ്റാൻഡുകളിൽ കയറി വളച്ചുപോകുന്നതിനും ബുദ്ധിമുട്ടില്ല. യാത്രക്കാർ, ബസിന്റെ നീളവും മറ്റും കാണുമ്പോൾ നിരക്ക്‌ കൂടുതലാണെന്നു കരുതി മടിച്ചുനിൽക്കുന്നുണ്ടെന്നും കുറച്ചുദിവസം കഴിയുമ്പോൾ ശരിയാകുമെന്നും കണ്ടക്ടർ ജോൺസൺ തോമസ് പറഞ്ഞു.

കരുനാഗപ്പള്ളിയിൽനിന്ന് രാവിലെ 8.30ന്‌ പുറപ്പെടുന്ന ബസ് തോപ്പുംപടിയിൽ 1.20ന് എത്തും. തോപ്പുംപടിയിൽനിന്ന്‌ രണ്ടിനു പുറപ്പെട്ട് രാത്രി ഏഴിന്‌ കരുനാഗപ്പള്ളിയിലെത്തും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top