29 March Friday

കോഴിക്കോട് കെഎസ്‌ആർടിസി സ്റ്റാൻഡിൽ കുടുങ്ങിയ സ്വിഫ്റ്റ് പുറത്തെടുത്തത്‌ ഇരുമ്പ്‌ വളയങ്ങൾ മുറിച്ച്‌

വെബ് ഡെസ്‌ക്‌Updated: Friday May 27, 2022

കോഴിക്കോട് > കെഎസ്ആർടിസി ബസ്‌ സ്റ്റാൻഡിലെ തൂണുകൾക്കിടയിൽ സ്വിഫ്റ്റ് ബസ്  മണിക്കൂറോളം കുടുങ്ങി. ബംഗളൂരുവിൽനിന്ന് ഓട്ടം പൂർത്തിയാക്കി സ്റ്റാൻഡിലെത്തി നിർത്തിയിട്ട ബസ്‌ തൂണുകൾക്കിടയിൽ കുടുങ്ങുകയായിരുന്നു. വ്യാഴം രാത്രി 9.50 ഓടെ സ്റ്റാൻഡിലെത്തിയ ബസ്സാണ് പിന്നീട് പുറത്തെടുക്കാൻ പറ്റാതായത്. ജീവനക്കാരുടെ ശ്രമത്തിനൊടുവിൽ വെള്ളി പകൽ 12.50ന്‌ പുറത്തെടുത്ത് വർക്ക്‌ഷോപ്പിലേക്ക് മാറ്റി.

കോഴിക്കോട് ഡിപ്പോയിലനുവദിച്ച എട്ട് ബസ്സുകളിലൊന്നാണ് അപകടത്തിൽപ്പെട്ടത്. പകരം ബസ് ഉപയോഗിച്ച്‌ യാത്രാപ്രശ്‌നം പരിഹരിച്ചു.  
തൂണുകൾക്ക് ചുറ്റും സുരക്ഷക്കായി സ്ഥാപിച്ച ഇരുമ്പ് വളയങ്ങൾ വർക്ക് ഷോപ്പ് ജീവനക്കാർ മുറിച്ചുമാറ്റി ഇടമുണ്ടാക്കിയാണ്‌ ബസ് പുറത്തെടുത്തത്‌. കെഎൽ 15 എ 2323 നമ്പറുള്ള കെഎസ് 015 ബസ്സാണ് കുടുങ്ങിയത്.

ബസ് രാത്രി ഡിപ്പോയിലെത്തിയശേഷം പരിശോധനക്കായി അൽപ സമയത്തിനകംതന്നെ മറ്റൊരു ഡ്രൈവർ വർക്ക് ഷോപ്പിലേക്ക് മാറ്റാൻ ശ്രമിച്ചപ്പോഴാണ് പുറത്തെടുക്കാനാവുന്നില്ലെന്ന് കണ്ടത്. സാധാരണ നിർത്തുന്നതിൽനിന്ന് മാറി നിർത്തിയതിനാൽ പുറത്തേക്കെടുത്താൽ ബോഡിയും ചില്ലും തകരുമെന്ന അവസ്ഥ വന്നു. പലതവണ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഡിപ്പോ എൻജിനിയർ കെ പി അബൂബക്കറിന്റെ നേതൃത്വത്തിലുള്ള തൊഴിലാളികൾ തൂണിലെ വളയം പകൽ 11ന്‌ ഇളക്കിയെടുത്ത് താഴേക്കിട്ടെങ്കിലും ബസ്‌ പുറത്തെത്തിക്കാനായില്ല. തുടർന്ന് ഇരുമ്പ്‌ കട്ടറുകൾ എത്തിച്ച് വളയം പൂർണമായും മുറിച്ചുമാറ്റുകയായിരുന്നു. വെഹിക്കിൾ സൂപ്പർവൈസർ എം ജയചന്ദ്രനാണ് ബസ്‌ പുറത്തേക്ക് മാറ്റിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top