29 March Friday

കാട്‌ കണ്ട്‌ ‘ജംഗിള്‍ സഫാരി’ ; കെഎസ്‌ആർടിസിക്ക്‌ അരക്കോടി വരുമാനം

വെബ് ഡെസ്‌ക്‌Updated: Wednesday Jun 29, 2022


കൊച്ചി
ഭൂതത്താൻകെട്ടിലെ ബോട്ടുയാത്ര, ആനക്കുളത്തെ കാട്ടാനക്കാഴ്ചകൾ, ലക്ഷ്മി എസ്റ്റേറ്റിലെ തേയിലഭംഗി, കേട്ടറിഞ്ഞ മാമലക്കണ്ടവും കുട്ടമ്പുഴയും മാങ്കുളവും... മലയോരനാടിന്റെ സൗന്ദര്യം തൊട്ടറിഞ്ഞ കെഎസ്ആർടിസിയുടെ ജംഗിൾ സഫാരിക്ക്‌ സഞ്ചാരികളുടെ ഫുൾ മാർക്ക്‌. പരിചിതമല്ലാത്ത വഴിയിലൂടെയുള്ള മൂന്നാർയാത്രയുടെ വിനോദസഞ്ചാരസാധ്യതകളാണ്‌ ജംഗിൾ സഫാരി തുറന്നിടുന്നത്‌. 197 ട്രിപ്പുകളിലായി 9697 പേരാണ് കെഎസ്ആർടിസിയുടെ വനയാത്ര ആസ്വദിച്ചത്. 51,20,384 രൂപ വരുമാനം ലഭിച്ചു. ഇതുവരെ 45,200 കിലോമീറ്റർ സഞ്ചരിച്ചു. ഏകദേശം 12,800 ലിറ്റർ ഡീസൽ ഉപയോഗിച്ചു. ജീവനക്കാരുടെ ശമ്പളവും മറ്റ്‌ ചെലവുകളുമെല്ലാം കഴിച്ച് 25,20,129 രൂപയാണ് മെയ്‌വരെയുള്ള ലാഭം.

ആറുമാസംകൊണ്ട്‌ 
"സൂപ്പർ ഹിറ്റ്‌'
നവംബർ ഇരുപത്തെട്ടിനാണ്‌ ജംഗിൾ സഫാരി കോതമംഗലം ഡിപ്പോയിൽനിന്ന് ആരംഭിച്ചത്‌. കോതമംഗലത്തുനിന്ന്‌ ബസിൽ യാത്ര ചെയ്ത് ഭൂതത്താൻകെട്ടിൽ എത്തുകയും അവിടെനിന്ന്‌ ബോട്ടിൽ കാനനഭംഗി ആസ്വദിച്ച്‌ തട്ടേക്കാട്ടെത്തി അവിടെനിന്ന്‌ വീണ്ടും കെഎസ്ആർടിസി ബസിൽ യാത്ര തുടരും. കുട്ടമ്പുഴ, മാമലക്കണ്ടം മാങ്കുളം, ആനക്കുളം എന്നീ സ്ഥലങ്ങൾ സന്ദർശിച്ച് പെരുമ്പൻകുത്തിനുസമീപം ഒരു റിസോർട്ടിൽ ഉച്ചഭക്ഷണവും കഴിച്ച് ലക്ഷ്മി എസ്റ്റേറ്റിലൂടെ മൂന്നാറിലേക്ക്. ഒരു ബസായിരുന്നു തുടക്കത്തിൽ. യാത്രികർ വർധിച്ചതോടെ ഏഴു ബസുകൾവരെയായി.

700 രൂപയ്ക്ക്‌ കാട്‌ ചുറ്റാം
ഒരാൾക്ക് 550 രൂപയായിരുന്നു നിരക്ക്. ബോട്ടുയാത്രകൂടി ഉൾപ്പെടുത്തിയശേഷം 700 രൂപയാക്കി. ഭക്ഷണവും വൈകിട്ട് ചായയും ഉൾപ്പെട്ടതാണ് പാക്കേജ്. രാവിലെ എട്ടിന്‌ കോതമംഗലത്തുനിന്ന് പുറപ്പെട്ട് രാത്രി പത്തോടെ തിരിച്ചെത്തും. മടക്കയാത്ര മൂന്നാർ–--ആലുവ റോഡിലൂടെയാണ്‌. പക്ഷികളെയും മൃഗങ്ങളെയും കണ്ട്‌ ബോട്ടിൽ പെരിയാറിലൂടെ, കാടിനെ അടുത്തറിഞ്ഞ്‌ മാമലക്കണ്ടം വനത്തിലൂടെ, തേയിലത്തോട്ടത്തിന്റെ വശ്യഭംഗി ആസ്വദിച്ച് ഒരിക്കലും മറക്കാനാകാത്ത അനുഭവങ്ങളാണ് ജംഗിൾ സഫാരി സമ്മാനിക്കുന്നത്. യാത്ര ചെയ്യാൻ മുൻകൂട്ടി ബുക്ക് ചെയ്യണം. ഫോൺ: 94479 84511, 94465 25773.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top