കൊല്ലം > ജില്ലാ ആസ്ഥാനത്തെ കെഎസ്‌ആർടിസി ഡിപ്പോയുടെ നവീകരണത്തിന് 100 കോടിയുടെ മാസ്‌റ്റർപ്ലാൻ നടപ്പാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണിരാജു. കെഎസ്‌ആർടിഇഎ (സിഐടിയു) സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
പദ്ധതി സംബന്ധിച്ച് അടുത്തിടെ ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ സാന്നിധ്യത്തിൽ തിരുവനന്തപുരത്ത് ചർച്ച നടന്നിരുന്നു. കൊട്ടാരക്കരയിലെ ഡിപ്പോ നവീകരിക്കാനുള്ള പദ്ധതിക്കും രൂപം നൽകിയിട്ടുണ്ട്. അടുത്ത ആഴ്‌ച പദ്ധതികൾക്ക് അന്തിമരൂപം നൽകും. ധനസ്ഥാപനങ്ങളിൽ നിന്നും വായ്‌പ ലഭ്യമാക്കിയാണ് പദ്ധതി നടപ്പാക്കുക. വാണിജ്യസമുച്ചയം, ഡിപ്പോ, വിനോദസഞ്ചാരികൾക്കുള്ള സൗകര്യം എന്നിവ ഉൾപ്പെടുന്നതാണ് കൊല്ലത്തെ പദ്ധതി.
കൊല്ലത്ത് ഒരുവശം അഷ്‌ടമുടിക്കായലും റിങ്റോഡുമാണുള്ളത്. ഈ അനുകൂല അന്തരീക്ഷം കെഎസ്‌ആർടിസിക്ക് അനുകൂലമാണ്. എം മുകേഷ് എംഎൽഎ പത്തുകോടി രൂപ കൊല്ലം ഡിപ്പോ നവീകരണത്തിന് വാഗ്‌ദാനംചെയ്‌തിരുന്നു. എന്നാൽ, ഈ തുകകൊണ്ട് കോർപറേഷൻ ആഗ്രഹിക്കുംവിധം നവീകരണം നടത്താൻകഴിയില്ല. അതുകൊണ്ടാണ് എംഎൽഎയുടെ പ്രാദേശിക വികസനഫണ്ടിന്റെ കാര്യത്തിൽ തീരുമാനമെടുക്കാതിരുന്നതെന്നും മന്ത്രി പറഞ്ഞു.
സ്വാഗതസംഘം ചെയർമാൻ എസ് ജയമോഹൻ അധ്യക്ഷപ്രസംഗത്തിൽ കൊല്ലം ഡിപ്പോയുടെ ശോചനീയാവസ്ഥയെക്കുറിച്ച് സൂചിപ്പിച്ചപ്പോഴാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..