23 April Tuesday
ദിവസം 80 ലക്ഷം രൂപയുടെ അധിക ബാധ്യത

എരിതീയിൽ എണ്ണ ; കെഎസ്ആർടിസിക്ക് ഡീസലിന് അധികവില

വെബ് ഡെസ്‌ക്‌Updated: Friday May 6, 2022


തിരുവനന്തപുരം  
കടക്കെണിയിൽനിന്ന്‌ കരകയറാൻ നെട്ടോട്ടമോടുന്ന കെഎസ്‌ആർടിസിയുടെ വയറ്റത്തടിച്ച്‌ ഹൈക്കോടതി ഡിവിഷൻ ബെഞ്ച്‌ വിധി.  വിധിയുടെ അടിസ്ഥാനത്തിൽ ഡീസൽ കമ്പനിനിശ്‌ചയിക്കുന്ന വിലയ്‌ക്ക്‌ വാങ്ങേണ്ടിവന്നാൽ അത്‌ കെഎസ്ആർടിസിക്ക് മാസം 25 കോടി രൂപയുടെ അധികബാധ്യതയുണ്ടാക്കും.  കോവിഡ്‌ പ്രതിസന്ധിയും ഡീസൽ വിലവർധനയും കാരണം ശമ്പളംപോലും കൃത്യമായി നൽകാനാകാത്ത  അവസ്ഥയ്‌ക്കിടയിലാണ്‌ ഈ പ്രഹരംകൂടി.

103 രൂപയ്‌ക്കാണ്‌ പൊതുജനങ്ങൾക്ക്‌ എണ്ണ കമ്പനികൾ ഡീസൽ നൽകുന്നത്‌. എന്നാൽ കോടതി വിധിയുടെ അടിസ്ഥാനത്തിൽ കെഎസ്‌ആർടിസിക്ക്‌ ഇനി മുതൽ  ഒരു ലിറ്റർ ഡീസലിന്‌ 128 രൂപ നൽകേണ്ടിവരും.  25 രൂപ അധികം. കെഎസ്‌ആർടിസിക്ക്‌ ശരാശരി മൂന്ന്‌ –-മൂന്നര ലക്ഷം ലിറ്റർ ഡീസൽ ദിവസേന ആവശ്യമുണ്ട്‌. ഇതുവഴി  ഒരു ദിവസംമാത്രം 80 ലക്ഷം രൂപയുടെ അധിക ബാധ്യത കോർപറേഷന്‌ വരുന്നു. ഒരുവർഷം 300 കോടി.

കോവിഡിനെത്തുടർന്ന്‌ മാന്ദ്യത്തിലായ പൊതുഗതാഗത മേഖല ഉണർന്നുവരുന്നതിനിടെയായിരുന്നു എണ്ണക്കമ്പനികളുടെ ഇരുട്ടടി. ന്യായവിലയ്‌ക്ക് ഡീസൽ നൽകാൻ എണ്ണക്കമ്പനിക്ക്‌ ബാധ്യതയുണ്ടെന്ന്‌ സിംഗിൾ ബെഞ്ച് അഭിപ്രായപ്പെട്ടിരുന്നു. നിരക്ക്‌ വർധന എല്ലാ പൊതുമേഖലാ ട്രാൻസ്‌പോർട്ടുകളെയും പ്രതികൂലമായി ബാധിച്ചെങ്കിലും കേരളം മാത്രമാണ്‌ കോടതിയെ സമീപിച്ചിരുന്നത്‌. വൻകിട ഗുണഭോക്താവെന്ന പേരിലാണ്‌ എണ്ണക്കമ്പനികൾ ഈ കൊള്ള നടത്തുന്നത്‌. കൂടുതൽ ഇന്ധനം വാങ്ങുന്ന സ്ഥാപനത്തിന്‌ വില കുറച്ച്‌ നൽകുന്നതിനുപകരം കൂട്ടുന്നതിന്റെ യുക്തി വ്യക്തമല്ല. പൊതുമേഖലാ സ്ഥാപനങ്ങളെ തകർക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിന്റെ ഭാഗമായാണ്‌ എണ്ണക്കമ്പനികൾ വിവേചനപരമായ നിലപാട്‌ കൈക്കൊള്ളുന്നതെന്നും ആരോപണമുണ്ട്‌.

സിംഗിൾ ബെഞ്ച്‌ ഉത്തരവ്‌ റദ്ദാക്കി ഡിവിഷൻ ബെഞ്ച്
കെഎസ്ആർടിസിക്ക് സാധാരണവിലയിൽ ഡീസൽ നൽകണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്‌ ഡിവിഷൻ ബെഞ്ച് റദ്ദാക്കി. സിംഗിൾബെഞ്ച്‌ ഉത്തരവ്‌ നിയമപരമായി നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടി എണ്ണക്കമ്പനികൾ നൽകിയ അപ്പീലിലാണ് വിധി.
നയപരമായ കാര്യത്തിൽ ഇടപെടില്ലെന്ന്‌ കോടതി വ്യക്തമാക്കി. സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി. ഡീസലിന് പൊതുവിപണിയേക്കാൾ കൂടിയ നിരക്ക് ഈടാക്കുന്നതിനെതിരെ കോർപറേഷൻ നൽകിയ ഹർജിയിലാണ്‌ നേരത്തേ സിംഗിൾ ബെഞ്ച്  ഇടക്കാല ഉത്തരവിട്ടത്‌. ന്യായവിലയ്‌ക്ക് ഡീസൽ നൽകാൻ എണ്ണക്കമ്പനിക്ക്‌ ബാധ്യതയുണ്ടെന്നായിരുന്നു സിംഗിൾ ബെഞ്ച് അഭിപ്രായപ്പെട്ടത്‌. ആർബിട്രേഷനിലൂടെ പരിഹരിക്കേണ്ട വിഷയമാണിതെന്നും  ഡീസൽ വിലയിനത്തിൽ വൻ കുടിശ്ശിക കെഎസ്ആർടിസി നൽകാനുണ്ടെന്നും എണ്ണക്കമ്പനികൾ ചൂണ്ടിക്കാട്ടി. തുടർന്നാണ്‌ ഇടക്കാല ഉത്തരവ്‌ റദ്ദാക്കിയുള്ള ഡിവിഷൻ ബെഞ്ച്‌ ഉത്തരവ്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top