ചിറയിൻകീഴ് > യാത്രക്കാർക്ക് നേരെ അസഭ്യ വർഷവുമായി കെഎസ്ആർടിസി വനിതാ കണ്ടക്‌ടർ. ശനി ഉച്ചയ്ക്ക് 12 ന് ചിറയിൻകീഴ് ബസ് സ്റ്റാൻഡിലാണ് സംഭവം. ആറ്റിങ്ങലിൽ നിന്നും ചിറയിൻകീഴ് വഴി മെഡിക്കൽ കോളേജിലേയ്ക്കു പോകുന്ന കെഎസ്ആർടിസി ബസിലെ കണ്ടക്‌ടർ ആറ്റിങ്ങൽ ഡിപ്പോയിലെ ഷീബയാണ് യാത്രക്കാർക്കു നേരെ അസഭ്യവർഷം നടത്തിയത്.
ഉച്ചയ്ക്ക് 12 ഓടെ ചിറയിൻകീഴിലെ താൽക്കാലിക സ്റ്റാൻഡിൽ എത്തിയ കെഎസ്ആർടിസി ബസിൽ യാത്ര പുറപ്പെടുന്നതിനു കുറച്ചു സമയം മുൻപ് യാത്രക്കാർ കയറിഇരുന്നതാണ് കണ്ടക്‌ടറെ പ്രകോപിപ്പിച്ചത്. തനിക്ക് ഉച്ചഭക്ഷണം കഴിക്കാനുള്ള സമയമാണെന്ന് ആക്രോശിച്ച് കൊണ്ട് യാത്രക്കാരോട് ബസ്സിൽനിന്ന് ഇറങ്ങിപ്പോകുവാൻ ആവശ്യപ്പെടുകയും ആദ്യം കൂട്ടാക്കാൻ തായ്യാറാകാതിരുന്ന സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള യാത്രക്കാർക്കു നേരെ കേട്ടാലറക്കുന്ന ഭാഷയിൽ അസഭ്യം പറയുകയുമായിരുന്നു. തൊഴിലുറപ്പ് തൊഴിലാളികളെ പോലും അവഹേളിക്കുന്ന തരത്തിൽ യാത്രക്കാരെ ഉപമിച്ചു കൊണ്ടായിരുന്നു അധിക്ഷേപം.
ചിറയിൻകീഴിൽ റെയിൽവേ മേൽപ്പാല നിർമ്മാണം നടക്കുന്നതിനാൽ കഴിഞ്ഞ ആറു മാസമായി ബിഎസ്എൻഎൽ ഓഫീസിനു സമീപം താൽക്കാലികമായി തയ്യാറാക്കിയ ബസ്റ്റാൻഡിൽ നിന്നാണ് ബസുകൾ യാത്ര തിരിക്കുന്നത്. വെയ്റ്റിംഗ് ഷെഡ് ഉൾപ്പെടെ ഇല്ലാത്തതിനാൽ കഠിനമായ ചൂട് കാരണം ബസ് പുറപ്പെടുന്നതിന് കുറച്ചു സമയം മുൻപ് യാത്രക്കാർ ബസ്സിൽ കയറി ഇരുന്നതാണ് കണ്ടക്‌ടറുടെ പ്രകോപനത്തിന് കാരണമായതായി ദൃക്‌സാക്ഷികൾ പറഞ്ഞു. കൈക്കുഞ്ഞുമായി വന്ന സ്ത്രീയുൾപ്പെടെ കുറച്ചു സമയം ഇരുന്നോട്ടെ എന്ന് ചോദിച്ചിട്ടും വഴങ്ങാൻ കൂട്ടാക്കാതെയായിയിരുന്നു ഇവരുടെ അസഭ്യം വിളി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..