25 April Thursday

കേന്ദ്ര അവഗണന അവസാനിപ്പിക്കുക; കാർഷിക മേഖലയെ സംരക്ഷിക്കുക : കെഎസ്‌കെടിയു സംസ്ഥാന സമ്മേളനം

വെബ് ഡെസ്‌ക്‌Updated: Friday May 20, 2022


പാലക്കാട്‌
കാർഷിക മേഖലയെ തകർക്കുന്ന കേന്ദ്ര നടപടി തിരുത്തണമെന്ന്‌ കെഎസ്‌കെടിയു സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. കർഷകർക്കും കർഷക തൊഴിലാളികൾക്കും അനുകൂലമായ രീതിയിൽ കാർഷിക മേഖല പരിഷ്‌കരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാവുന്നില്ല. കാർഷിക ഉൽപ്പാദനോപാധികൾക്ക് ആവശ്യമുള്ള ഫണ്ടും ഉൽപ്പന്നങ്ങൾക്ക്‌  ന്യായ വിലയും  ഉറപ്പാക്കുന്നില്ല.  രാജ്യത്തെ കർഷക വരുമാനം ഇരട്ടിയാക്കുന്നതുമായി ബന്ധപ്പെട്ട്‌ അശോക് ദൽവായ് കമീഷൻ സമർപ്പിച്ച റിപ്പോർട്ട് മൂന്ന് വർഷമായി പൊടിപിടിച്ചു കിടക്കുന്നു. 2022ലെ ബജറ്റിൽ കാർഷിക മേഖലയെ അവഗണിച്ചു. ഭക്ഷ്യ സബ്‌സിഡി 25 ശതമാനമായി കുറച്ചതോടെ ഭക്ഷ്യസാധനങ്ങളുടെ വില  ഉയരുന്നു.

കോർപ്പറേറ്റുകൾക്ക് തീറെഴുതി പരമ്പരാഗത കാർഷിക മേഖലയുടെ ശവക്കുഴി തോണ്ടാൻ പുതിയ   നിയമങ്ങൾ അടിച്ചേൽപ്പിക്കുന്നു. കാർഷികോൽപ്പന്നങ്ങളുടെ ഇറക്കുമതി നിയന്ത്രണം നീക്കി  സ്വകാര്യ മേഖലയ്ക്ക് തീറെഴുതാനുള്ള നടപടികളാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്. ഇത്തരം തെറ്റായ നയങ്ങളെ ചെറുത്ത് തോൽപ്പിക്കാൻ ശക്തിയായ പ്രതിരോധ സമരങ്ങൾ ഇനിയും ഉയർത്തിക്കൊണ്ടുവരണം.

സംസ്ഥാനത്തെ അർഹരായ ഭൂരഹിതർക്ക് ഭൂമി ലഭ്യമാക്കുക, കേന്ദ്രത്തിന്റെ തൊഴിലാളി വിരുദ്ധ മനോഭാവം ഉപേക്ഷിച്ച്‌ തൊഴിലുറപ്പ്‌ പദ്ധതിയെ സംരക്ഷിക്കുക, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ കൈകോർക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.

വ്യാഴാഴ്‌ച സമ്മേളനത്തിൽ പൊതുചർച്ച നടന്നു. തമിഴ്‌നാട്‌ സംസ്ഥാന സെക്രട്ടറി അമൃതലിംഗം, സിഐടിയു സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ കെ കെ ദിവാകരൻ എന്നിവർ അഭിവാദ്യം ചെയ്‌തു. വൈകിട്ട്‌ അയ്യപ്പൻ നഗറിൽ(ചെറിയ കോട്ടമൈതാനം) ചേർന്ന സാംസ്‌കാരിക സദസ്സ്‌ സ്‌പീക്കർ എം ബി രാജേഷ്‌ ഉദ്‌ഘാടനം ചെയ്‌തു. തുടർന്ന്‌ പ്രണവം ശശിയും സംഘവും  നാടൻ പാട്ട്‌ അവതരിപ്പിച്ചു.

വെള്ളിയാഴ്‌ച അഖിലേന്ത്യ ജനറൽ സെക്രട്ടറി ബി വെങ്കട്ട്‌ അഭിവാദ്യം ചെയ്യും. തുടർന്ന്‌ ചർച്ചയ്‌ക്ക്‌ മറുപടിയും പുതിയ കമ്മിറ്റി തെരഞ്ഞെടുപ്പും. 22ന്‌ വൈകിട്ട്‌ അഞ്ചിന്‌ ബി രാഘവൻ നഗറിൽ (വലിയ കോട്ടമൈതാനം) മുഖ്യമന്ത്രി പിണറായി വിജയൻ പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്യും. ഇതിന്‌ മുന്നോടിയായി വിക്ടോറിയ കോളേജ്‌ പരിസരത്തുനിന്ന്‌ റാലി ഉണ്ടാവും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top