24 April Wednesday
സംസ്ഥാനത്തെ വ്യവസായ സൗഹൃദാന്തരീക്ഷം 
 പരിചയപ്പെടുത്താൻ പ്രചാരണം സംഘടിപ്പിക്കും

വ്യവസായ വികസനത്തിന്‌ സമഗ്രപദ്ധതി ; കെഎസ്‌ഐഡിസി 
400 കോടി വായ്‌പ നൽകും

മിൽജിത്‌ രവീന്ദ്രൻUpdated: Saturday Sep 24, 2022


തിരുവനന്തപുരം
ആറ്‌ മാസത്തിനുള്ളിൽ 400 കോടി രൂപയുടെ വായ്‌പ വിതരണം ചെയ്യുമെന്ന്‌ സംസ്ഥാന വ്യവസായ വികസന കോർപറേഷൻ (കെഎസ്‌ഐഡിസി). വ്യവസായം സുഗമമാക്കൽ, നിക്ഷേപം ആകർഷിക്കൽ, വായ്‌പാ വിതരണം, അടിസ്ഥാനസൗകര്യ വികസനം എന്നിവ ഉറപ്പുവരുത്താനുള്ള പദ്ധതികൾ ആവിഷ്‌കരിച്ചു. കഴിഞ്ഞ ആറു മാസത്തിനുള്ളിൽ 100 കോടി രൂപയാണ്‌ വായ്‌പ അനുവദിച്ചത്‌. വ്യവസായ മന്ത്രി പി രാജീവിന്റെ സാന്നിധ്യത്തിൽ ചേർന്ന അവലോകന യോഗത്തിൽ എംഡി എസ്‌ ഹരികിഷോറാണ്‌ പ്രവർത്തനരേഖ അവതരിപ്പിച്ചത്‌.

മെഡിക്കൽ ഉപകരണങ്ങൾ, ഭക്ഷ്യസംസ്‌കരണം, ഇലക്‌ട്രോണിക്‌സ്‌, അപ്പാരൽസ്‌ തുടങ്ങി സെക്ടറുകളായി തിരിച്ച്‌ നിക്ഷേപ സമാഹരണത്തിനുള്ള പ്രത്യേക പദ്ധതികൾ തയ്യാറാക്കി. നിക്ഷേപം ആകർഷിക്കുന്നതിനായി വിദേശ രാജ്യങ്ങളിലടക്കം പരിപാടികളിൽ പങ്കെടുക്കും. സംസ്ഥാനത്തെ വ്യവസായ സൗഹൃദാന്തരീക്ഷം പരിചയപ്പെടുത്താൻ പ്രചാരണം സംഘടിപ്പിക്കും. രാജ്യത്തെ വ്യവസായ സൗഹൃദ സംസ്ഥാനങ്ങളിൽ 23–-ാം സ്ഥാനത്തുനിന്ന്‌ ഈവർഷം കേരളം പതിനഞ്ചാമതായി. അടുത്തവർഷം ആദ്യ പത്തിൽ എത്തുകയാണ്‌ ലക്ഷ്യം.

ലൈഫ്‌ സയൻസ്‌ പാർക്ക്‌, മെഡിക്കൽ സർവീസസ്‌ പാർക്ക്‌ എന്നിവിടങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ വിപുലപ്പെടുത്തി കൂടുതൽ കമ്പനികളെയും നിക്ഷേപങ്ങളും ആകർഷിക്കും. ഓൺലൈൻ ഏകജാലക സംവിധാനമായ കെ–-സ്വിഫ്‌റ്റ്‌ വഴി ഇതുവരെ 25,775 എംഎസ്‌എംഇകൾക്ക്‌ ലൈസൻസ്‌ നൽകി. 2562 വ്യവസായ യൂണിറ്റുകൾക്ക്‌ വിവിധ വകുപ്പുകളിൽനിന്നുള്ള അനുമതി പത്രം ലഭ്യമാക്കി.  കേന്ദ്രീകൃത പരിശോധനയ്‌ക്കുള്ള കെ–-സിസ്‌ പോർട്ടലിൽ 5,02,071 സ്ഥാപനങ്ങളാണ്‌ രജിസ്റ്റർ ചെയ്‌തത്‌. 6950 സ്ഥാപനത്തിൽ പരിശോധന പൂർത്തിയാക്കിയതായും എസ്‌ ഹരികിഷോർ അറിയിച്ചു. വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ലയും യോഗത്തിൽ പങ്കെടുത്തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top