28 March Thursday

വൈദ്യുതി കരാറുകൾ റദ്ദാക്കൽ; കെഎസ്‌ഇബി ട്രിബ്യൂണലിനെ സമീപിക്കും

സ്വന്തം ലേഖകൻUpdated: Monday May 22, 2023

തിരുവനന്തപുരം > ദീർഘകാലത്തേക്കുള്ള നാല്‌ വൈദ്യുതി വാങ്ങൽ കരാർ റെഗുലേറ്ററി കമീഷൻ റദ്ദാക്കിയതിനെതിരെ അപ്പലേറ്റ്‌ ട്രിബ്യൂണലിനെ സമീപിക്കാൻ കെഎസ്‌ഇബി തീരുമാനിച്ചു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണിത്‌. വൈദ്യുതി ഇടപാടുകളിലെ റെഗുലേറ്ററി കമീഷൻ ഉത്തരവുകൾക്കെതിരെ ഡൽഹിയിലുള്ള വൈദ്യുതി അപ്പലേറ്റ്‌ ട്രിബ്യൂണലിനെയാണ്‌ ആദ്യം സമീപിക്കേണ്ടത്‌. അവിടെയും അനുകൂല നിലപാടുണ്ടായില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കും.

2014ൽ ആര്യാടൻ മുഹമ്മദ്‌ വൈദ്യുതിമന്ത്രിയായിരിക്കെയാണ്‌ താപവൈദ്യുതി വാങ്ങാൻ വിവിധ കമ്പനികളുമായി 25 വർഷ കരാർ ഉണ്ടാക്കിയത്‌. കരാറിലെ പിഴവുകൾ ചൂണ്ടിക്കാട്ടി നാലു കരാർ റെഗുലേറ്ററി കമീഷൻ കഴിഞ്ഞ ദിവസം റദ്ദാക്കി. ഇതോടെ കേരളത്തിന്‌ ലഭിക്കുന്ന വൈദ്യുതിയിൽ ദിവസം 465 മെഗാവാട്ടിന്റെ കുറവുണ്ടാകും. ചൂട്‌ കൂടിയതോടെ വൈദ്യുതി ഉപയോഗം സർവകാല റെക്കോഡിലാണ്‌. ലോഡ്‌ ഷെഡിങ്‌ ഒഴിവാക്കാൻ ഹ്രസ്വകാല കരാറിലൂടെ 500 മെഗാവാട്ട്‌ വൈദ്യുതിയാണ്‌ ഏപ്രിൽ - മെയ്‌ മാസങ്ങളിലേക്ക്‌ വാങ്ങിയത്‌. അതിനിടെയാണ്‌ ഇരുട്ടടിപോലെ നാല്‌ ദീർഘകാല കരാറുകൾ റെഗുലേറ്ററി കമീഷൻ റദ്ദാക്കിയത്‌. 15 ദിവസത്തിനകം ഉത്തരവ്‌ നടപ്പാക്കിയാൽ മതിയെങ്കിലും കാലവർഷം കനിഞ്ഞില്ലെങ്കിൽ  വൈദ്യുതി പ്രതിസന്ധി രൂക്ഷമാകും. കാലവർഷം തുടങ്ങിയാൽ കേരളത്തിൽ ഉൽപ്പാദനം വർധിപ്പിക്കാനാകും. വേഗത്തിൽ ട്രിബ്യൂണലിനെ സമീപിച്ച്‌ സ്‌റ്റേ നേടാനായാൽ കെഎസ്‌ഇബിക്ക്‌ ആശ്വസിക്കാം.

ലോഡ്‌ഷെഡിങ് തീരുമാനിച്ചിട്ടില്ല; 24ന്‌ ചർച്ച: മന്ത്രി

നാല്‌ വൈദ്യുതി കരാർ റദ്ദാക്കപ്പെട്ടതിനെത്തുടർന്ന്‌ പ്രതിസന്ധി രൂക്ഷമാണെങ്കിലും ലോഡ്‌ഷെഡിങ്ങ്‌, പവർ കട്ട്‌ എന്നിവയടക്കമുള്ള വൈദ്യുതി നിയന്ത്രണം തീരുമാനിച്ചിട്ടില്ലെന്ന്‌ മന്ത്രി കെ കൃഷ്‌ണൻകുട്ടി ദേശാഭിമാനിയോട്‌ പറഞ്ഞു. പ്രതിസന്ധി വലുതാണ്‌. പ്രശ്‌നം ഉന്നതതലത്തിൽ 24ന്‌ ചർച്ച ചെയ്ത്‌ തീരുമാനം എടുക്കുമെന്നും മന്ത്രി പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top