19 April Friday
യുഡിഎഫ്‌ കാലത്തെ നിയമലംഘനത്തിൽ 
 നഷ്ടമാകുന്നത്‌ 465 മെഗാവാട്ട്‌

വൈദ്യുതി കരാറുകൾ റദ്ദാക്കൽ ; കോടതിയെ സമീപിക്കാൻ 
കെഎസ്‌ഇബി നിയമോപദേശം തേടി

സ്വന്തം ലേഖകൻUpdated: Thursday May 18, 2023


തിരുവനന്തപുരം
യുഡിഎഫ്‌ ഭരണകാലത്തെ നാല്‌ വൈദ്യുതി വാങ്ങൽ കരാറുകൾ റെഗുലേറ്ററി കമീഷൻ റദ്ദാക്കിയതിനെതിരെ കോടതിയെ സമീപിക്കാൻ കെഎസ്‌ഇബി നിയമോപദേശം തേടി. 2014ൽ ആര്യാടൻ മുഹമ്മദ്‌ വൈദ്യുതി മന്ത്രിയായിരിക്കെയാണ്‌ നിരവധി കമ്പനികളിൽനിന്ന്‌  താപവൈദ്യുതി വാങ്ങാൻ ദീർഘകാല കരാറുണ്ടാക്കിയത്‌. ഇതിൽ നാല്‌ കരാറാണ്‌ ഇപ്പോൾ റഗുലേറ്ററി കമീഷൻ റദ്ദാക്കിയത്‌. കേന്ദ്ര സർക്കാർ നിർദേശങ്ങൾക്ക്‌ വിരുദ്ധമായിരുന്നു കരാറുകൾ. പിഴവുകൾ കണ്ടെത്തിയവ റദ്ദാക്കിയതോടെ 465 മെഗാവാട്ട്‌ വൈദ്യുതി ദിവസം ലഭ്യമാകാത്ത സ്ഥിതിവരും. പകരം വൈദ്യുതി വാങ്ങൽ കരാറിൽ ഏർപ്പെടുകയോ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുകയോ അല്ലാതെ ബോർഡിനു മുന്നിൽ വഴിയില്ലാതായി.

യുഡിഎഫ്‌ കാലത്ത്‌ ദീർഘവീക്ഷണമില്ലാതെ ഉണ്ടാക്കിയ കരാർമൂലം ദുരിതം ജനങ്ങളുടെ തലയിലായിരിക്കുകയാണ്‌. കരാറിലെ സാങ്കേതിക പിഴവുകളാണ്‌ റദ്ദാക്കലിലേക്ക്‌ നയിച്ചത്‌. അക്കാലത്ത്‌ യൂണിറ്റിന് 3.60 രൂപയ്ക്ക് വൈദ്യുതി നൽകാൻ ടെൻഡർ വന്നിട്ടും 4.29 രൂപയ്ക്ക് 25 വർഷത്തേക്ക് വൈദ്യുതി വാങ്ങാൻ കരാറിലേർപ്പെടുകയായിരുന്നു. എന്നാൽ, ഇപ്പോൾ ഈ കരാർ റദ്ദാക്കിയപ്പോൾ വിപണിയിൽ യൂണിറ്റിന്‌ ആറുരൂപയ്‌ക്ക്‌ മുകളിലാണ്‌ വൈദ്യുതി വില. കരാറിലെ അഴിമതി ചൂണ്ടിക്കാട്ടിത്തന്നെ വൈദ്യുതി വാങ്ങുന്ന സമീപനമാണ് പിന്നീടും കെഎസ്‌ഇബി തുടർന്നത്‌.

ജിൻഡാൽ പവർ ലിമിറ്റഡിന്റെ- 150 മെഗാവാട്ട്, ജാബുവ പവറിന്റെ- 100 മെഗാവാട്ട്, ജിൻഡാൽ ഇന്ത്യ തെർമൽ പവറിന്റെ- 100 മെഗാവാട്ട്, ജാബുവ പവറിന്റെ- 115 മെഗാവാട്ട്  എന്നീ വൈദ്യുതി കരാറുകൾക്കാണ് കമീഷൻ അനുമതി നിരാകരിച്ചത്. റെഗുലേറ്ററി കമീഷന്റെ ഉത്തരവ്‌ നടപ്പാക്കാൻ 15 ദിവസത്തെ സമയമുണ്ട്‌. ഇതിനകം കാലവർഷമെത്തിയാൽ മഴക്കാലത്ത്‌ പ്രതിസന്ധിയുണ്ടാകില്ല. കാലവർഷം വൈകിയാൽ വൈദ്യുതി നിയന്ത്രണം അനിവാര്യമാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top