18 April Thursday
രജിസ്ട്രേഷന് ഇ കിരൺ , വീടുകൾക്കുമുകളിൽ 
ഏറ്റവും കൂടുതൽ സൗരോർജ നിലയം 
സ്ഥാപിച്ച ജില്ല എറണാകുളം

‘സൗര’ കുതിപ്പിൽ കേരളം ; പുരപ്പുറത്തുനിന്ന്‌ 100 മെഗാവാട്ട്‌

ജെയ്‌സൻ ഫ്രാൻസിസ്‌Updated: Wednesday Dec 7, 2022



കൊച്ചി
പുരപ്പുറങ്ങളിലെ ‘സൗര’ കുതിപ്പിൽ കേരളം നേടി 100 മെഗാവാട്ട്‌. കെഎസ്‌ഇബിയും അനെർട്ടുംകൂടി നടപ്പാക്കുന്ന സൗര പദ്ധതിവഴി പുരപ്പുറങ്ങളിലെ സൗരോർജ വൈദ്യുതോൽപ്പാദനശേഷി 100 മെഗാവാട്ടെത്തി (ഒരു മെഗാവാട്ട്‌=10 ലക്ഷം വാട്ട്‌). ഇതിൽ 80 മെഗാവാട്ട്‌ ഉൽപ്പാദനം വീടുകൾക്കുമുകളിലും 20 മെഗാവാട്ട്‌ സർക്കാർ, സർക്കാരിതര കെട്ടിടങ്ങൾക്കുമുകളിൽ സ്ഥാപിച്ച സൗരനിലയങ്ങളിൽനിന്നുമാണ്‌.

സംസ്ഥാനത്ത് സൗരോർജ വൈദ്യുതി ഉൽപ്പാദനം ഉയർത്താൻ കഴിഞ്ഞ എൽഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ ആവിഷ്‌കരിച്ചതാണ്‌ സൗര. കെഎസ്‌ഇബിയും അനെർട്ടും മുഖേന ഇതിനകം 25,491 പുരപ്പുറ സൗരോർജ നിലയങ്ങൾ സ്ഥാപിച്ച്‌ വൈദ്യുതോൽപ്പാദനം ആരംഭിച്ചു. ഇതിൽ 22,551  എണ്ണം വീടുകളിലാണ്‌.  സൗര പദ്ധതിയിൽ വീടുകൾക്കുമുകളിൽ ഏറ്റവും കൂടുതൽ സൗരോർജനിലയം സ്ഥാപിച്ച ജില്ല എറണാകുളമാണ്. ജില്ലയിലെ 4292 വീടുകൾക്കുമുകളിൽ നിലയം സ്ഥാപിച്ചു.

രണ്ടും മൂന്നും സ്ഥാനങ്ങളിൽ തൃശൂരും (3624), തിരുവനന്തപുരവുമാണ്‌ (2756). കേന്ദ്ര പുനരുപയോഗ ഊർജ മന്ത്രാലയത്തിന്റെ സഹായവും സൗര പദ്ധതിക്കുണ്ട്‌. സൗര പദ്ധതിക്കുകീഴിൽ അല്ലാതെ ഉപയോക്താക്കൾ നേരിട്ടും പുരപ്പുറനിലയങ്ങൾ സ്ഥാപിക്കുന്നുണ്ട്‌.  ഇതുംകൂടി കണക്കിലെടുക്കുമ്പോൾ ശേഷി ഇനിയും ഉയരും.

കെഎസ്‌ഇബി, അനെർട്ട്‌ നേതൃത്വത്തിൽ സൗരോർജനിലയങ്ങൾ സ്ഥാപിച്ച വീടുകളുടെ എണ്ണം(ബ്രാക്കറ്റിൽ) ജില്ല തിരിച്ച്‌: തിരുവനന്തപുരം(2756), കൊല്ലം(1526), പത്തനംതിട്ട  (775), കോട്ടയം(1430), ആലപ്പുഴ(1641), എറണാകുളം(4292), ഇടുക്കി(303), തൃശൂർ(3624), പാലക്കാട്‌ (1702), മലപ്പുറം(1692), കോഴിക്കോട്‌ (1397), വയനാട്‌(194), കണ്ണൂർ(1689), കാസർകോട്‌ (530).

രജിസ്ട്രേഷന് ഇ കിരൺ
സബ്‌സിഡിയോടെ പുരപ്പുറ സൗരോർജ നിലയം സ്ഥാപിക്കാൻ കെഎസ്ഇബിയുടെ ഇ- കിരൺ പോർട്ടലിൽ ( ekiran.kseb.in) രജിസ്‌റ്റർ ചെയ്യാം. ചെലവിന്റെ 40 ശതമാനംവരെ സബ്സിഡി ലഭിക്കും. ഡിസംബർ 31ന്‌ മുമ്പ് രജിസ്റ്റർ ചെയ്യുന്നവർക്ക്  പ്രത്യേക ആനുകൂല്യവുമുണ്ട്‌. സൗരോർജനിലയം സ്ഥാപിക്കാൻ എം  പാനൽ ചെയ്തിട്ടുള്ളവയിൽനിന്നും ഇഷ്ടമുള്ള കമ്പനിയെ ഉപയോക്താവിന്‌ തെരഞ്ഞെടുക്കാം. രജിസ്ട്രേഷന്‌ ഫീസില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top