20 April Saturday
4.76 ലക്ഷം കാർഷിക ഉപയോക്താക്കൾക്കും 
വർധനയില്ല

വൈദ്യുതി നിരക്കില്‍ 6.6 ശതമാനം വര്‍ധന; 50 യൂണിറ്റ്‌ വരെ 
 നിരക്ക്‌ കൂട്ടിയില്ല ; ഇവി സ്‌റ്റേഷനും 
താരിഫ്‌ നിശ്ചയിക്കും

വെബ് ഡെസ്‌ക്‌Updated: Saturday Jun 25, 2022

 

തിരുവനന്തപുരം
സംസ്ഥാനത്തെ വൈദ്യുതി നിരക്കിൽ ശരാശരി 6.6 ശതമാനം വർധന. 2022–-23 വർഷത്തേക്കാണ്‌ പുതിയ നിരക്കെന്ന്‌ വൈദ്യുതി റഗുലേറ്ററി കമീഷൻ അധ്യക്ഷൻ പ്രേമൻ ദിൻരാജ്‌ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കോവിഡ്‌ സാഹചര്യം കണക്കിലെടുത്ത്‌ ഉപയോക്താക്കൾക്ക്‌ പ്രയാസമുണ്ടാകാത്ത വിധമാണ്‌ നിരക്ക്‌ വർധന.

ഞായർമുതൽ പ്രാബല്യത്തിൽ വരും. വിവിധ ഉപഭോക്തൃ വിഭാഗങ്ങളിലായി യൂണിറ്റിന്‌ ശരാശരി 37 പൈസയാണ്‌ കൂട്ടിയത്‌. പ്രതിമാസം 150 യൂണിറ്റുവരെ ഉപയോഗിക്കുന്ന ഗാർഹിക ഉപയോക്താക്കൾക്ക്‌ പരമാവധി വർധന യൂണിറ്റിന്‌ 25 പൈസയിൽ താഴെ മാത്രമാണ്‌.

പ്രതിമാസം 50 യൂണിറ്റുവരെ ഉപയോഗിക്കുന്ന ഗാർഹിക ഉപയോക്താക്കളുടെ നിരക്ക്‌ കൂട്ടിയില്ല. 25 ലക്ഷം ഉപയോക്താക്കൾക്ക്‌ ഈ ആനുകൂല്യം ലഭിക്കും. ദാരിദ്ര്യരേഖയ്‌ക്കു താഴെയുള്ള 1000 വാട്ടുവരെ കണക്ടഡ്‌ ലോഡുള്ള കുടുംബങ്ങളിൽ അർബുദരോഗികളും  അംഗവൈകല്യം സംഭവിച്ചവരുണ്ടെങ്കിൽ നിരക്ക്‌ കൂടില്ല. ഈ വിഭാഗത്തിൽ 40 യൂണിറ്റുവരെ ഉപയോഗമുള്ളവർക്കും വർധന ഇല്ല.

അനാഥാലയം, വൃദ്ധസദനം, അങ്കണവാടികളെയും ഒഴിവാക്കി. 4.76 ലക്ഷം കാർഷിക ഉപയോക്താക്കൾക്കും വർധനയില്ല. ബാങ്ക്‌, തട്ടുകട, പെട്ടിക്കട തുടങ്ങിയ വിഭാഗങ്ങൾക്ക്‌ കുറഞ്ഞ നിരക്കിനുള്ള താരിഫ്‌ ആനുകൂല്യ പരിധി 1000 വാട്ടിൽനിന്ന്‌ 2000 ആക്കി. 10 കിലോവാട്ടുവരെ കണക്ടഡ്‌ ലോഡുള്ള ചെറുകിട സംരംഭങ്ങൾക്ക്‌ ആനുകൂല്യം തുടരും. ഈ വിഭാഗങ്ങൾക്ക്‌ യൂണിറ്റിന്‌ 15 പൈസയുടെ വർധന മാത്രമേയുള്ളൂ. വൻകിട വ്യവസായത്തിന്‌ 40 മുതൽ 50 പൈസവരെ കൂടും. എൻഡോസൾഫാൻ ദുരിതബാധിതർക്ക്‌ സൗജന്യം തുടരും. വിവിധ വിഭാഗങ്ങളിലായി 18 ശതമാനം നിരക്ക്‌ വർധനയാണ്‌ കെഎസ്‌ഇബി ആവശ്യപ്പെട്ടത്‌.

 

ഇവി സ്‌റ്റേഷനും 
താരിഫ്‌ നിശ്ചയിക്കും
സംസ്ഥാനത്തെ വൈദ്യുതി വാഹന (ഇവി) ചാർജിങ്‌ സ്‌റ്റേഷനുകൾക്കും നിരക്ക്‌ നിശ്ചയിക്കാൻ ഒരുങ്ങി  റഗുലേറ്ററി കമീഷൻ. വിതരണ ലൈസൻസില്ലാത്ത ഏജൻസികൾക്ക്‌ വൈദ്യുതി വിൽക്കാൻ അധികാരമില്ല. സ്വകാര്യ ചാർജിങ്‌ സ്‌റ്റേഷനുകൾ ഇഷ്ടമുള്ളരീതിയിൽ വില ഈടാക്കുന്ന സാഹചര്യമുണ്ട്‌. ഇത്‌ കണക്കിലെടുത്താണ്‌ യൂണിറ്റിന്‌ പരമാവധി ഈടാക്കാവുന്ന വില നിശ്ചയിക്കാൻ കമീഷൻ ഒരുങ്ങുന്നത്‌.

ആർക്കെല്ലാം ചാർജിങ്‌ സ്‌റ്റേഷനുകൾവഴി വൈദ്യുതി വിൽക്കാമെന്നും അതിനുള്ള നിരക്ക്‌ ഉൾപ്പെടെയുള്ള കാര്യങ്ങളും തീരുമാനിക്കും. നിലവിൽ വൈദ്യുത വാഹനങ്ങൾ ചാർജ്‌ ചെയ്യാൻ കെഎസ്‌ഇബിക്ക്‌ ഈടാക്കാൻ കഴിയുന്ന താരിഫ്‌ പുതുക്കി. ഫിക്സഡ്‌ ചാർജ്‌ കിലോവാട്ടിന്‌ 250ൽനിന്ന്‌ 270 ആയും എനർജി ചാർജ്‌ യൂണിറ്റിന്‌ അഞ്ച്‌ രൂപയിൽനിന്ന്‌ ആറു രൂപയുമാക്കി.

ബാധ്യത വരുത്താത്ത പരിഷ്‌കരണം: 
മന്ത്രി കൃഷ്‌ണൻകുട്ടി
സാധാരണക്കാരന്‌ സംരക്ഷണം ഉറപ്പാക്കുന്നതാണ്‌ വൈദ്യുതി നിരക്ക്‌ പരിഷ്‌കരണമെന്ന്‌ വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻകുട്ടി. ജനങ്ങൾക്ക്‌ വലിയ ബാധ്യതയില്ലാതെയും കെഎസ്‌ഇബിയുടെ നിലനിൽപ്പും കണക്കാക്കിയാണ്‌ നിരക്ക്‌ പുതുക്കിയത്‌.  
മൂന്നുവർഷത്തിനിടയിൽ മൊത്തവിലസൂചികയിൽ 19 ശതമാനം വർധനയുണ്ടായപ്പോൾ വൈദ്യുതി നിരക്ക്‌ വർധിപ്പിച്ചത്‌ 6.6 ശതമാനം മാത്രമാണ്‌. ദുർബലവിഭാഗങ്ങൾ, കാർഷിക ഉപയോക്താക്കൾ, ചെറുകിട വ്യവസായങ്ങൾ, ചെറുകിട കർഷകർ എന്നിവർക്ക്‌ നിരക്ക്‌ വർധനയില്ലെന്നും മന്ത്രി പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top