26 April Friday

അണക്കെട്ടുകളില്‍ ആശങ്ക വേണ്ട; പ്രധാന ജലസംഭരണികൾ തുറക്കേണ്ട സാഹചര്യമില്ലെന്ന് കെഎസ്ഇബി

സ്വന്തം ലേഖകൻUpdated: Monday Sep 27, 2021

തിരുവനന്തപുരം> കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിൽ കെഎസ്ഇബി അണക്കെട്ടുകളുടെ സ്ഥിതി വിലയിരുത്തി. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല.പ്രധാന ജലസംഭരണികളായ ഇടുക്കി, ഇടമലയാർ, ബാണാസുര സാഗർ എന്നിവിടങ്ങളിൽ ഇപ്പോഴത്തെ സംഭരണശേഷി അപ്പർ റൂൾ ലെവലിനു വളരെയധികം താഴെയാണ്. ഇവിടങ്ങളിൽനിന്ന്‌ താഴേക്ക്‌ ജലം തുറന്ന് വിടേണ്ടതായ സാഹചര്യം ഇപ്പോൾ നിലവിൽ ഇല്ല. ഇടുക്കിയിൽ ആകെ സംഭരണശേഷിയുടെ 79.86, ഇടമലയാർ 81.15, ബാണാസുര സാഗർ 81.07 ശതമാനം ജലമാണുള്ളത്‌.

 മറ്റൊരു പ്രധാന ജലസംഭരണിയായ കക്കിയിൽ ഇപ്പോൾ 79.38 ശതമാനം ജലമുണ്ട്‌. അപ്പർ റൂൾ ലെവലിലേക്ക് എത്താൻ ഇനിയും 1.15 മീറ്റർ (16.42 ദശലക്ഷം ഘനമീറ്റർ) ശേഷിക്കുന്നുണ്ട്. ഇവിടെ നിന്നുള്ള ജലം ഉപയോഗിച്ച്‌  ശബരിഗിരി പദ്ധതിയിൽ പരമാവധി ശേഷിയിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നുണ്ട്. കുണ്ടള, പൊരിങ്ങൽക്കുത്ത്, മൂഴിയാർ ജലസംഭരണികൾ നിറഞ്ഞതോടെ ജില്ലാ ദുരന്തനിവാരണ സമിതി അനുമതിയോടെ നിയന്ത്രിത തോതിൽ ജലം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. ലോവർ പെരിയാറും കല്ലാർക്കുട്ടിയും തുറന്നു. പറമ്പിക്കുളം -ആളിയാർ കരാറിന്റെ ഭാഗമായ കേരള ഷോളയാറിൽ നിലവിലുള്ള രണ്ടു മെഷീനും പൂർണതോതിൽ പ്രവർത്തിപ്പിച്ച് ജലം നിയന്ത്രിക്കുന്നുണ്ട്‌. ഇവിടെ പൂർണജലനിരപ്പിലെത്താൻ ഇനിയും 1.60 അടി കൂടി വേണം. ഇത്‌ തുറക്കാനുള്ള സാധ്യത പരിമിതമാണ്.

 തമിഴ്നാട് സർക്കാരുമായി നിരന്തരം ബന്ധപ്പെട്ട്‌ ചാലക്കുടിപ്പുഴയിലെ ജലനിയന്ത്രണം കെഎസ്ഇബി ലിമിറ്റഡിന്റെ ഡാം സുരക്ഷാ വിഭാഗം നിരന്തരം വിലയിരുത്തി വരുന്നുണ്ട്. നിലവിൽ പറമ്പിക്കുളം ജലസംഭരണിയിൽനിന്ന്‌ 4400 ക്യുബിക്‌സെക്സ് ജലം ചാലക്കുടിപ്പുഴയിലേക്ക് ഒഴുക്കുന്നുണ്ട്. തമിഴ്നാട് ഷോളയാറിൽനിന്ന് കേരള ഷോളയാറിലേക്ക് ഇപ്പോൾ ജലം ഒഴുക്കുന്നില്ല. കേന്ദ്ര ജലകമീഷന്റെ കീഴിലുള്ള അരങ്ങാലി എന്ന ജലം അളക്കുന്ന സ്ഥലത്ത് ചാലക്കുടി പുഴയിൽ 1.32 മീറ്റർമാത്രമാണ് ഇപ്പോഴത്തെ ജലനിരപ്പ് (അപകടനില 8.10 മീറ്റർ). ചാലക്കുടി നദീതടത്തിൽ ആശങ്കാജനകമായ അവസ്ഥ നിലവിൽ ഇല്ലെന്നും കെഎസ്‌ഇബി അറിയിച്ചു.

ഡാം          നിലവിലെ ജലം(സംഭരണശേഷി അടിസ്ഥാനത്തിൽ)

ഇടുക്കി                        79.86%
ഇടമലയാർ                    81.15%
ബാണാസുരസാഗർ          81.07%
കക്കി                               79.38


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top