08 December Friday

വൈദ്യുതി വാങ്ങൽ കരാർ പുനഃസ്ഥാപിക്കണം ; ഉത്തരവ്‌ ഇന്നിറങ്ങും

വെബ് ഡെസ്‌ക്‌Updated: Thursday Oct 5, 2023


തിരുവനന്തപുരം
കെഎസ്‌ഇബിയുടെ നാല്‌ വൈദ്യുതി വാങ്ങൽ കരാറിന്റെ അംഗീകാരം പുനഃസ്ഥാപിക്കണമെന്ന്‌ സംസ്ഥാന സർക്കാർ റഗുലേറ്ററി കമീഷനോട്‌ ആവശ്യപ്പെടും. പൊതുതാൽപ്പര്യം മുൻനിർത്തി കേന്ദ്ര വൈദ്യുതി നിയമത്തിലെ 108–--ാം വകുപ്പ് പ്രകാരമാണ്‌ മന്ത്രിസഭ തീരുമാനമെടുത്തത്‌.  യുഡിഎഫ്‌ കാലത്തെ വീഴ്‌ച ചൂണ്ടിക്കാട്ടിയാണ്‌ കമീഷൻ നിലവിലെ നാല്‌ കരാറുകൾക്ക്‌ അംഗീകാരം നിഷേധിച്ചത്‌. ഇതുമൂലം ദിവസം 465 മെഗാവാട്ടിന്റെ വൈദ്യുതി ലഭ്യത കുറഞ്ഞു.  മഴക്കുറവ്‌ ഉൽപ്പാദനത്തെയും ബാധിച്ചു. റദ്ദാക്കിയ കരാറിന്‌ പകരം താൽക്കാലിക കരാറിലൂടെ കൂടിയ വിലയ്‌ക്ക്‌  വൈദ്യുതി വാങ്ങുകയാണ്‌. ഇത്‌ പ്രതിദിനം എട്ട്‌ മുതൽ 12 കോടി രൂപയുടെ അധിക ബാധ്യതയാണുണ്ടാക്കുന്നത്‌.

സർക്കാർ അംഗീകാരമില്ലെന്ന കാരണം നിരത്തിയാണ്‌ റഗുലേറ്ററി കമീഷൻ  കരാറിന്റെ അംഗീകാരം തടഞ്ഞത്‌. കേന്ദ്ര നിയമത്തിലെ വകുപ്പ്‌ ഉപയോഗിച്ച്‌ സർക്കാർ നിർദേശം നൽകുന്നതോടെ കമീഷന്‌ തീരുമാനം പുനഃപരിശോധിക്കാനാകും. മന്ത്രിസഭാ തീരുമാന പ്രകാരം ഊർജ സെക്രട്ടറി വിശദ ഉത്തരവ്‌ വ്യാഴാഴ്‌ച പ്രസിദ്ധീകരിക്കും.  

കരാറിന്‌ അംഗീകാരം നിഷേധിച്ചതിനെതിരെ കെഎസ്‌ഇബി കേന്ദ്ര അപലറ്റ്‌ ട്രിബ്യൂണലിനെ  സമീപിച്ചിരുന്നു. കേന്ദ്ര ട്രിബ്യൂണലിൽ കെഎസ്‌ഇബിയുടെ ഹർജി വന്നപ്പോൾ റഗുലേറ്ററി കമീഷൻ വാദിച്ചത്‌ സംസ്ഥാന സർക്കാർ അംഗീകരിക്കാത്ത കരാർ എന്നായിരുന്നു.  തുടർ വാദം കേൾക്കാൻ മാറ്റിവച്ച ഈ കേസ്‌ വീണ്ടും പരിഗണിക്കുമ്പോൾ സംസ്ഥാന സർക്കാരിന്റെ അംഗീകാരം ഉണ്ടെന്ന്‌ കെഎസ്‌ഇബിക്ക്‌ വ്യക്തമാക്കാനാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top