18 April Thursday

കോവിഡ് 19: കെഎസ്‌ഡിപിക്ക് 25 കോടി അനുവദിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Mar 23, 2020

തിരുവനന്തപുരം: കോവിഡ് 19 പ്രതിരോധത്തില്‍ സജീവ പങ്കുവഹിക്കുന്ന കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്റ് ഫാര്‍മസ്യുട്ടിക്കല്‍സ് ലിമിറ്റഡിന് (കെഎസ്‌ഡിപി) അടിയന്തര സാഹചര്യം കണക്കിലെടുത്ത് 25 കോടി രൂപ അനുവദിച്ചു. ടെന്‍ഡര്‍ നടപടികള്‍ ഇല്ലാതെ അസംസ്‌കൃത വസ്‌തുക്കള്‍ വാങ്ങാനുള്ള അനുമതിയും നല്‍കി. ഹാന്‍ഡ് സാനിറ്റൈസറിന്റെയും മരുന്നുകളുടെയും നിര്‍മ്മാണം വര്‍ദ്ധിപ്പിക്കാന്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ 100 ജീവനക്കാരെ നിയമിക്കും. കോവിഡ് 19 രോഗികള്‍ക്ക് നല്‍കുന്ന മരുന്നുകളുടെ നിര്‍മ്മാണം വര്‍ദ്ധിപ്പിക്കാനും കെഎസ്‌ഡിപിയ്‌ക്ക് നിര്‍ദേശം നല്‍കി. വ്യവസായ മന്ത്രി ഇ പി ജയരാജന്റെയും ധനമന്ത്രി തോമസ് ഐസകിന്റെയും നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് ഈ തീരുമാനങ്ങള്‍.

ഹാന്‍ഡ് സാനിറ്റൈസര്‍ നിര്‍മ്മാണത്തിന് നാല് ലക്ഷം ലിറ്റര്‍ സ്പിരിറ്റ് എക്സൈസ് വകുപ്പില്‍ നിന്ന് ലഭ്യമാക്കും. എക്സൈസ് കമീഷണര്‍ക്ക് ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കി. ഡ്രോപ്പറോടു കൂടിയ 35 ലക്ഷം സാനിറ്റൈസര്‍ ബോട്ടില്‍ കെ എസ് ഡി പിയ്ക്ക് ലഭ്യമാക്കും. കേരള സ്റ്റേറ്റ് മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന് ആവശ്യമായ സാനിറ്റൈസര്‍ നല്‍കിയ ശേഷം മറ്റു സ്ഥാപനങ്ങള്‍ക്കും ആശുപത്രികള്‍ക്കും കെ എസ് ഡി പി സാനിറ്റൈസര്‍ നല്‍കണം. സ്പിരിറ്റും സാനിറ്റൈസറും സ്റ്റോക്ക് ചെയ്യാന്‍ ആവശ്യമായ സൗകര്യങ്ങള്‍ കെ എസ് ഡി പി ഏര്‍പ്പെടുത്തും. കോവിഡ് 19 രോഗികള്‍ക്ക് ആവശ്യമായ പാരസെറ്റമോള്‍, അസിത്രോമൈസിന്‍, അമോക്സിലിന്‍ തുടങ്ങിയ ഏഴോളം മരുന്നുകള്‍ കെഎസ്ഡി‌‌പി ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. ഇവയുടെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കും. മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ വഴി വിതരണം നിര്‍വഹിക്കും.

ആരോഗ്യ വകുപ്പിന് ആവശ്യമായ ഓക്സിജന്‍ തിരുവനന്തപുരം മേനംകുളത്തെ ഒരു കമ്പനിയില്‍നിന്നും ലഭ്യമാക്കാമെന്ന് വ്യവസായ മന്ത്രി അറിയിച്ചു. ഒരു ദിവസം 700 സിലിണ്ടര്‍ ഓക്സിജന്‍ നല്‍കാന്‍ ഇവര്‍ക്ക് സാധിക്കും. പാലക്കാട് നിന്നുള്ള സ്ഥാപനത്തില്‍നിന്ന് ഓക്സിജന്‍ ലഭ്യമാക്കാന്‍ നേരത്തെ നടപടി സ്വീകരിച്ചിരുന്നു. ആലപ്പുഴ ജില്ലയിലെ കുടുംബശ്രീ ഉള്‍പ്പെടെയുള്ള മാസ്‌ക് നിര്‍മ്മാണ യൂണിറ്റുകളെ ഉപയോഗിച്ച് മെഡിക്കല്‍ മാസ്‌ക് തയ്യാറാക്കാമെന്ന് ധനമന്ത്രി പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡം അനുസരിച്ചുള്ള ഈ മാസ്‌കുകള്‍ സ്റ്റൈറിലൈസ് ചെയ്ത് കെഎസ്‌ഡിപി വഴി വിതരണം ചെയ്യും. ‌


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top