24 April Wednesday

കെഎസ്‌ഡിപിയിൽനിന്ന്‌ പ്രതിദിനം 20,000 കുപ്പി സാനിറ്റൈസർ ; പൊതുജനങ്ങൾക്ക്‌ ലഭ്യമാക്കി തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Friday Mar 20, 2020


ആലപ്പുഴ
പൊതുമേഖലാ മരുന്ന്‌ നിർമാണശാലയായ കെഎസ്‌ഡിപി പ്രതിദിനം ഉൽപ്പാദിപ്പിച്ച്‌ വിതരണംചെയ്യുന്നത്‌ 10,000 ലിറ്റർ സാനിറ്റൈസർ. ഇവ അര ലിറ്ററിന്റെ 20,000 കുപ്പികളിലാക്കിയാണ്‌  ആശുപത്രികൾക്കും മറ്റു സ്ഥാപനങ്ങൾക്കും നൽകുന്നത്‌. എംഡി എസ്‌ ശ്യാമള ഉൾപ്പെടെ 100 ജീവനക്കാരാണ്‌ യുദ്ധകാലാടിസ്ഥാനത്തിൽ പ്ലാന്റിൽ ജോലി ചെയ്യുന്നത്‌. അടിയന്തര പ്രാധാന്യം പരിഗണിച്ച്‌ മറ്റ്‌ വിഭാഗങ്ങളിലെ ജീവനക്കാരെയും ഈ പ്ലാന്റിലേക്ക്‌ മാറ്റി.

സാനിറ്റൈസർ നിർമാണത്തിനുള്ള സ്‌പിരിറ്റ്‌  പ്രദേശികമായി ലഭ്യമാക്കാൻ എക്സൈസ്‌ വകുപ്പ്‌  കെഎസ്‌ഡിപിക്കു അനുമതി നൽകി.  ട്രാവൻകൂർ ഷുഗർ മില്ലിൽനിന്നാണ്‌ സ്പിരിറ്റ്‌ വാങ്ങാൻ  അനുമതി. കഴിഞ്ഞയാഴ്ചയാണ്‌ മുഖ്യമന്ത്രിയുടെയും വ്യവസായ മന്ത്രിയുടെയും നിർദ്ദേശ പ്രകാരം കെഎസ്‌ഡിപി സാനിറ്റൈസർ നിർമാണം ആരംഭിച്ചത്‌. ആദ്യദിനം 500 മില്ലി ലിറ്ററിന്റെ 500 ബോട്ടിലാണ്‌ കൈമാറിയത്‌. തൊട്ടടുത്ത ദിവസം  1500 ബോട്ടിലും. പുറം വിപണിയിൽ 100 മില്ലിലിറ്ററിന്‌ 150 മുതൽ 200 രൂപവരെയാണ്‌ വില. കെഎസ്‌ഡിപി അരലിറ്റർ ബോട്ടിലിന്‌ ഇരുന്നൂറിൽ താഴെയാണ്‌ ഇടാക്കുന്നത്‌.  കലവൂരിലെ കെഎസ്‌ഡിപിയിൽ നിന്ന്‌ പൊതുജനങ്ങൾക്ക്‌ സാനിറ്റൈസർ ലഭ്യമാക്കി തുടങ്ങി. വ്യാഴാഴ്‌ച മുതലാണ്‌ വിൽപ്പന തുടങ്ങിയത്‌.

കെഎസ്‌ഡിപിക്ക്‌  ആൽക്കഹോൾ എക്‌സൈസ്‌ വക
കെഎസ്‌ഡിപിക്ക്‌ സാനിറ്റൈസർ ഉൽപ്പാദിപ്പിക്കാനുള്ള എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോൾ എക്‌സൈസ്‌ വകുപ്പ്‌ നൽകും. ട്രാവൻകൂർ ഷുഗേഴ്സ് വഴിയാണിത്‌ നൽകുക. ആവശ്യമായത്രയും ലിറ്റർ ലഭ്യമാക്കാൻ മന്ത്രി ടി പി രാമകൃഷ്ണൻ എക്സൈസ് കമീഷണർക്ക് നിർദേശം നൽകി. 

ബാറുകൾക്ക്  സുരക്ഷാനിർദേശം
കോവിഡ് –-19 പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച സുരക്ഷാമാനദണ്ഡങ്ങൾ നടപ്പാക്കുന്നതിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകരുതെന്ന്‌ എക്‌സൈസ്‌ കമീഷണറോട്‌ മന്ത്രി നിർദേശിച്ചു.

ബാർ ഹോട്ടൽ, ബിയർ വൈൻ പാർലർ, ക്ലബ്ബുകൾ എന്നിവയുടെ പ്രവേശനകവാടത്തിൽ സാനിറ്റൈസർ, വെള്ളം, സോപ്പ് എന്നിവയടങ്ങുന്ന കിയോസ്കുകൾ സ്ഥാപിക്കണം. ഗ്ലാസ്, പ്ലേറ്റ്, മേശ, പെഗ് മെഷർ, കൗണ്ടറുകൾ എന്നിവ ഓരോ മണിക്കൂർ ഇടവിട്ട് അണുവിമുക്തമാക്കണം.  നിർദേശങ്ങൾ നടപ്പാക്കുന്നതിന്റെ ഉത്തരവാദിത്തം ലൈസൻസിക്കാണ്‌. ഇവ നടപ്പാക്കുന്നുണ്ടെന്ന്‌ ഡെപ്യൂട്ടി എക്സൈസ് കമീഷണർമാർ ഉറപ്പാക്കണം.

ബെവ്‌കോ മദ്യവിൽപ്പനശാലകളിൽ എക്സൈസ് കമീഷണർ പുറപ്പെടുവിച്ച സർക്കുലറിലെ നിർദേശങ്ങൾ നടപ്പാക്കിയെന്ന് ഉറപ്പുവരുത്താനും മന്ത്രി നിർദേശിച്ചു.
കള്ളുഷാപ്പ് വിൽപ്പന നടപടികളിൽ കോവിഡ് പ്രതിരോധത്തിന്‌ പുറപ്പെടുവിച്ച  മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top