02 October Monday

സിൽവർലൈൻ പദ്ധതിയുമായി മുന്നോട്ട് പോകും: കെ റെയിൽ എംഡി

വെബ് ഡെസ്‌ക്‌Updated: Thursday Jun 23, 2022

തിരുവനന്തപുരം> സിൽവർലൈൻ പദ്ധതി മരവിപ്പിക്കുന്നതിന് കെ റെയിലും സർക്കാരും തീരുമാനിച്ചിട്ടില്ലെന്ന് കെ റെയിൽ എംഡി വി അജിത് കുമാർ. സിൽവർലൈൻ പദ്ധതിയുമായി മുന്നോട്ട് പോകുകയാണ്. പദ്ധതിക്കുവേണ്ട സാമൂഹികാഘാത പഠനമാണ് ന‌ടന്നുകൊണ്ടിരിക്കുന്നത്. കല്ലിട്ട സ്ഥലങ്ങളിൽ പഠനം നടന്നുകൊണ്ടിരിക്കുകയാണ്. അത് പൂർത്തിയാകുമ്പോൾ ജിയോടാ​ഗിങ് വഴി അതിർത്തി നിർണയിച്ച് ബാക്കിയുള്ള സ്ഥലങ്ങളിലും പഠനം തുടരുമെന്നും കെ റെയിൽ നടത്തിയ ജനസമക്ഷം 2.0 ഓൺലൈൻ പരിപാടിയിൽ അദ്ദേഹം പറഞ്ഞു.

റെയിൽവേ പ്രോജക്ടുകൾ ചെയ്യുന്നത് കേന്ദ്ര സർക്കാരാണ്. കേന്ദ്ര റെയിൽ പദ്ധതികൾ ഫലപ്രദമായി നടപ്പിലാക്കുന്നതിന് സംസ്ഥാനങ്ങളുമായി ചേർന്ന് പ്രവർത്തിക്കാറുണ്ട്. കെആർഡിസിഎൽ അത്തരത്തിലൊരു സ്ഥാപനമാണ്. പദ്ധതി രേഖ പ്രകാരം കേന്ദ്രസർക്കാർ നൽകുന്ന പലിശരഹിത വായ്‌പയുൾപ്പടെയുള്ള കടങ്ങൾ 50 വർഷത്തിനുള്ളിൽ തിരിച്ച‌‌ടയ്‌ക്കാൻ സാധിക്കും. ഈ കാലത്തിനുള്ളിൽ സംസ്ഥാനത്ത് വലിയ വികസനങ്ങൾ ക‌ടന്നുവരികയും മാറ്റങ്ങളുണ്ടാവുകയും ചെയ്യുമെന്നും എംഡി പറഞ്ഞു. റ്റൈ‌ഡ് വായ്പയും ഇല്ലാത്ത വായ്‌പ‌യും ജൈക്ക നൽകുന്നുണ്ട്. റ്റൈ‌ഡ് വായ്‌പകൾക്ക് പലിശ കുറവാണ്. 0.1 ശതമാനം മുതൽ 0.2 ശതമാനം വരെ മാത്രമാണ് പലിശ. അൺ റ്റൈ‍ഡ് വായ്‌പകൾക്ക് ഒന്ന് മുതൽ രണ്ട് ശതമാനം വരെയാണ് പലിശ. ഇതിലേത് വേണമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല, ചർച്ചകൾ നടക്കുന്നതേയുള്ളു. ഇന്ത്യയിലുള്ള മിക്കവാറു പദ്ധതികൾക്ക് പലിശനിരക്ക വളരെ കുറവായതുകൊണ്ട് റ്റൈഡ് ലോൺ ആണ് എടുത്തിരിക്കുന്നതെന്നും അദ്ദേഹം സംശയങ്ങൾക്ക് മറുപടിയായി പറഞ്ഞു.

നിലവിലുള്ള നിയമനുസരിച്ച് നഷ്ടപരിഹാരത്തുക മുഴുവനും നൽകിയതിനുശേഷം മാത്രമേ ഭൂമി ഏറ്റെടുക്കാനാവുകയുള്ളു. മാത്രവുമല്ല അവരുടെ പുനരധിവാസവും ഉറപ്പാക്കിയതിനുശേഷം മാത്രമേ പണികളും തുടങ്ങനാവു എന്നും എംഡി അറിയിച്ചു. സിൽവർലൈൻ വരുന്നതുകൊണ്ട് ഇന്ത്യൻ റെയിൽവേയ്‌ക്ക് ഒരു നഷ്‌ടവും വരില്ലെന്ന് മാത്രമല്ല ​ഗുണങ്ങളേറെയുണ്ടെന്ന് സിസ്ട്ര പ്രോജക്‌ട് ‍ഡയറക്‌ടർ എം. സ്വയംഭൂലിം​ഗം പറഞ്ഞു. കേരളത്തിൽ കൂടുതൽ വ്യവസായസംരംഭങ്ങൾ വരുന്നുണ്ട്, വിഴിഞ്ഞം പോർട്ട് വരുന്നുണ്ട്. ഇതൊക്കെ കാരണം ഇവിടുത്ത ചരക്ക് ​ഗതാ​ഗതം വർദ്ധിപ്പിക്കും. സിൽവർലൈൻ റോറോ സർവ്വീസും ഉണ്ട്. ഇതുവഴി ഇന്ത്യൻ റെയിൽവേയ്‌ക്ക് കൂടുതൽ ലാഭമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

സിൽവർലൈൻ വന്നാൽ എല്ലാ വിഭാ​ഗം ജനങ്ങൾക്കും പ്രയോജനമുണ്ടാകും. പദ്ധതിയുടെ പേരിൽ ആർക്കും ദ്രോഹമുണ്ടാകില്ലെന്നും സെക്ഷൻ എൻജിനീയർ പ്രശാന്ത് സുബ്രമണ്യൻ പറഞ്ഞു. നേരത്തേ ഈമെയിൽ വഴിയും കെ റെയിൽ വെബ്സൈറ്റിലും ലഭിച്ച ചോദ്യങ്ങൾക്കും തത്സമയം ലഭിച്ച ചോദ്യങ്ങൾക്കും മറുപടി നൽകി. പബ്ലിക് റിലേഷൻസ് കോർഡിനേറ്റർ പി റ്റി മുഹമ്മദ് സാദിഖ് മോഡറേറ്ററായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top