18 April Thursday

കെപിപിഎല്ലും കെഎസ്ഇബിയും 
പുതിയ കരാറുണ്ടാക്കും

വെബ് ഡെസ്‌ക്‌Updated: Friday Jun 17, 2022



തിരുവനന്തപുരം
വെള്ളൂർ കേരള പേപ്പർ പ്രൊഡക്ട്‌സിന്‌ (കെപിപിഎൽ) വൈദ്യുതി ലഭ്യമാക്കാൻ കെഎസ്ഇബിയുമായി പുതിയ കരാർ ഉണ്ടാക്കും. എക്‌സ്‌ട്രാ ഹൈ ടെൻഷൻ (ഇഎച്ച്‌ടി) കണക്‌ഷനാണ് ആവശ്യമുള്ളത്. സംസ്ഥാന സർക്കാർ ഏറ്റെടുത്ത് കെപിപിഎല്ലിന്‌ രൂപംനൽകിയതിനെ തുടർന്ന്‌, പഴയ കമ്പനിയായ എച്ച്എൻഎല്ലും കെഎസ്‌ഇബിയുമായുള്ള മുൻകരാർ അവസാനിച്ചു. ഈ സാഹചര്യത്തിലാണ്‌  പുതിയ കരാർ. രണ്ടു ഘട്ട കരാറുകൾ ഒപ്പുവയ്‌ക്കും. പുനരുജ്ജീവന പദ്ധതി നടപ്പാക്കുന്ന നിലവിലെ ഘട്ടം ഉൾക്കൊള്ളുന്ന ഇടക്കാല കരാറാകും ആദ്യം. പ്ലാന്റ് വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപ്പാദനത്തിന് തയ്യാറാകുമ്പോൾ, പരമാവധി ആവശ്യം പരിഗണിച്ച് പുതുക്കിയ കരാറിലും ഒപ്പുവയ്‌ക്കും. വ്യവസായമന്ത്രി പി രാജീവ്, വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.  

കെപിപിഎല്ലിന് ആവശ്യമായ  മരവും അസംസ്‌കൃത വസ്തുക്കളും മിതമായ നിരക്കിൽ വിതരണം ചെയ്യാൻ വനം വകുപ്പുമായി തത്വത്തിൽ ധാരണയായതായി മന്ത്രി പി രാജീവ് അറിയിച്ചു. നിർദേശം ഉടൻ മന്ത്രിസഭയിൽ സമർപ്പിക്കും. സർക്കാർ ഓഫീസുകൾ, സ്ഥാപനങ്ങൾ, ഏജൻസികൾ എന്നിവിടങ്ങളിലെ പാഴ്‌പേപ്പറും പൾപ്പ് ഉൽപ്പാദിപ്പിക്കാനുള്ള അസംസ്കൃത വസ്തുവാക്കും.  

കെപിപിഎൽ പുനരുജ്ജീവന പദ്ധതിയുടെ ഒന്നാംഘട്ടം വിജയകരമായി പൂർത്തിയാക്കി. പേപ്പർ മെഷീൻ പ്ലാന്റ്, ഡി-ഇൻകിങ്‌ പ്ലാന്റ്, പവർ ബോയിലർ പ്ലാന്റുകൾ എന്നിവ വാണിജ്യാടിസ്ഥാനത്തിൽ ഉൽപ്പാദനം ആരംഭിക്കാവുന്ന നിലയിലെത്തി. ത്വരിതഗതിയിൽ പുരോഗമിക്കുന്ന രണ്ടാംഘട്ടം പൂർത്തിയാകുമ്പോൾ മെക്കാനിക്കൽ പൾപ്പിങ്‌ പ്ലാന്റ്, കെമിക്കൽ പൾപ്പിങ്‌ പ്ലാന്റ്, കെമിക്കൽ റിക്കവറി പ്ലാന്റ്‌ എന്നിവ ഉൽപ്പാദനത്തിന് തയ്യാറാകും. ഒക്‌ടോബറോടെ പൂർണതോതിലുള്ള വാണിജ്യ  ഉൽപ്പാദനം ആരംഭിക്കും. 154.4 കോടി രൂപയാണ് ആദ്യ രണ്ട് ഘട്ടങ്ങൾക്കായി ചെലവഴിക്കുന്നത്. യോഗത്തിൽ വൈദ്യുതി ബോർഡ് ചെയർമാൻ ബി അശോക്, കെപിപിഎൽ സ്പെഷ്യൽ ഓഫീസർ പ്രസാദ് ബാലകൃഷ്ണൻ എന്നിവരും പങ്കെടുത്തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top