09 May Thursday

കെപിസിസി രാഷ്ട്രീയകാര്യ സമിതിയോഗം ഞായറാഴ്‌ച ; കീറാമുട്ടിയായി കത്തും 
അച്ചടക്കലംഘനവും

പ്രത്യേക ലേഖകൻUpdated: Wednesday Dec 7, 2022


തിരുവനന്തപുരം
കെപിസിസി രാഷ്ട്രീയകാര്യ സമിതിയോഗം ഞായറാഴ്‌ച ചേരുമ്പോൾ ശശി തരൂർ വിഷയം വീണ്ടും ചൂടുപിടിക്കും. എറണാകുളം ഡിസിസി ഓഫീസിൽ പകൽ 10.30ന്‌ കെ സുധാകരന്റെ അധ്യക്ഷതയിലാണ്‌ യോഗം. തരൂർ വിഷയം യോഗത്തിൽ ചൂടേറിയ ചർച്ചയ്‌ക്കു കാരണമാകും. തരൂരിനെതിരായ ചിലരുടെ അനാവശ്യ ഇടപെടൽ തടയണമെന്നുമുള്ള ആവശ്യം ചർച്ചയാകുമെന്നുമുള്ള സൂചന കെ മുരളീധരൻ നേരത്തെ നൽകിയിരുന്നു.

തരൂരിന്റെ ഇതുവരെയുള്ള ഒരു പ്രവർത്തനവും പാർടി വിരുദ്ധമല്ലെന്നും പലപ്പോഴും നേട്ടമായെന്നുമാണ്‌ മുരളീധരന്റെ വിലയിരുത്തൽ.  കോട്ടയം ഡിസിസി പ്രസിഡന്റ്‌ നാട്ടകം സുരേഷും തിരുവഞ്ചൂർ രാധാകൃഷ്ണനും പ്രശ്നത്തെ വഷളാക്കാനും വഴിതിരിച്ചുവിടാനുമാണ്‌ പരസ്യപ്രസ്താവനകൾ വഴി ശ്രമിച്ചതെന്ന വികാരവും അദ്ദേഹത്തിനുണ്ട്‌.

തരൂരിന്റെ അച്ചടക്ക ലംഘനത്തിനെതിരെ പരാതി നൽകുമെന്ന്‌ നാട്ടകം സുരേഷും പരാതി ലഭിച്ചാൽ നടപടിയുണ്ടാകുമെന്ന്‌ അച്ചടക്ക സമിതി ചെയർമാൻ തിരുവഞ്ചൂരും പറഞ്ഞിരുന്നു. എന്നാൽ, ആരും പരാതി നൽകാൻ ഇതുവരെ ധൈര്യപ്പെട്ടിട്ടില്ല. ഡിസിസിയെ പരിപാടി അറിയിച്ചില്ലെന്നത്‌ കള്ളപ്രചാരണമായിരുന്നതിനാലാണ്‌ ഇത്‌. സുരേഷിനെ വിളിച്ച്‌ പരിപാടി അറിയിച്ചതിനുള്ള തെളിവുകൾ ഹാജരാക്കാൻ തരൂരിന്റെ ഓഫീസ്‌ സന്നദ്ധവുമാണ്‌. വിഷയം രാഷ്ട്രീയകാര്യ സമിതിയിൽ ചർച്ചയാകുന്നതോടെ തരൂരിനെ അനുകൂലിക്കാൻ കെ മുരളീധരനു പുറമെ മറ്റു നേതാക്കളും മുന്നോട്ടുവരുമെന്ന്‌ ഉറപ്പായി. ഇക്കാര്യത്തിൽ എ ഗ്രൂപ്പിന്റെ അനുകൂല നിലപാട്‌  ബെന്നിബെഹനാൻ വ്യക്തമാക്കിയേക്കും.

കെ സി വേണുഗോപലിന്റെ നേതൃത്വത്തിലാണ്‌ തരൂരിനെതിരായ നീക്കം ശക്തമാക്കിയതെങ്കിലും കെ സുധാകരന്റെ നിലപാട്‌ അതോടൊപ്പമല്ല. തരൂരിനെതിരായി ഏതു തരത്തിലുള്ള നീക്കമാകും പഴയ ഐ ഗ്രൂപ്പുകാർ നടത്തുകയെന്നതും ഈ യോഗത്തോടെ പുറത്തുവരും. പി ജെ കുര്യനെപ്പോലുള്ള മുതിർന്ന നേതാക്കളും തരൂരിന്റെ വരവിനെ പ്രോത്സാഹിപ്പിക്കുകയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top