18 April Thursday
രാഹുലിന്റെ മണ്ഡലമായ വയനാട്ടിൽ രാജിവയ്‌ക്കുന്ന നാലാമത്തെ കെപിസിസി നേതാവ്‌

കോൺഗ്രസിൽ വീണ്ടും രാജി : കെപിസിസി നിർവാഹകസമിതിയംഗം പി വി ബാലചന്ദ്രൻ പാർടി വിട്ടു

സ്വന്തം ലേഖകൻUpdated: Tuesday Oct 5, 2021

പി വി ബാലചന്ദ്രൻ


കൽപ്പറ്റ> ദീർഘകാലം വയനാട്‌  ഡിസിസി പ്രസിഡന്റും നിലവിൽ  കെപിസിസി എക്‌സിക്യുട്ടീവംഗവുമായ പി വി ബാലചന്ദ്രൻ കോൺഗ്രസിൽനിന്ന്‌  രാജിവച്ചു. കോൺഗ്രസ്സിന്‌ ദിശാബോധം നഷ്ടപ്പെട്ടുവെന്നും ശക്തമായ നിലപാടെടുക്കാൻ കേന്ദ്ര–സംസ്ഥാന നേതൃത്വങ്ങൾക്ക്‌ കഴിയുന്നില്ലെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ദിശാബോധം നഷ്ടപ്പെട്ട നേതൃത്വത്തിനൊപ്പം ഇനി  നിൽക്കാൻ കഴിയില്ല.

ആത്മാഭിമാനമുള്ളവർക്ക്‌ നിൽക്കാൻ കഴിയാത്ത പാർടിയായി കോൺഗ്രസ്‌ അധഃപതിച്ചു. ന്യൂനപക്ഷങ്ങളുടെ സംരക്ഷകരാവാൻ കോൺഗ്രസിന്‌ സാധിക്കുന്നില്ല. അത്‌ മുസ്ലിം ലീഗ്‌ തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ സമുദായവും ഭൂരിപക്ഷ സമുദായവും കോൺഗ്രസിൽനിന്നും അകലുകയാണ്‌. അതിന്റെ തെളിവാണ്‌ ഇടതുപക്ഷത്തിന്റെ തുടർഭരണം. അണികൾക്ക്‌ ആത്മവിശ്വാസമോ പ്രതീക്ഷയോ കൊടുക്കാൻ നേതൃത്വത്തിന്‌ കഴിയുന്നില്ല. കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിൽ ബിജെപിയുമായി വോട്ട്‌ കച്ചവടം നടത്തിയിട്ടാണ്‌ ബത്തേരിയിൽ ഐ സി ബാലകൃഷ്‌ണൻ വിജയിച്ചതെന്ന്‌ നേരിട്ടറിയാവുന്ന കാര്യമാണ്‌.

ബിജെപിക്ക്‌ ബൂത്തിൽ ഏജന്റുമാർ പോലുമുണ്ടായിട്ടില്ല. 13000 വോട്ടാണ്‌ ബിജെപിക്ക്‌ കുറഞ്ഞത്‌. ജില്ലയിലെ ബാങ്ക്‌ നിയമനങ്ങളിൽ കോടികളുടെ അഴിമതിയാണ്‌ നടന്നത്‌. നിഷ്‌പക്ഷമായ അന്വേഷണം വേണമെന്ന്‌ കെപിസിസിയോട്‌ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അതിന്‌ മുന്നേ തന്നെ ഐ സി ബാലകൃഷ്‌ണൻ സ്വന്തം നിലക്ക്‌ കമീഷനെ നിയോഗിക്കുകയും അയാളെ വെള്ളപൂശുന്ന റിപ്പോർട്ട്‌ തയ്യാറാക്കുകയുമായിരുന്നു. കെപിസിസി കമീഷൻ വരുന്ന ദിവസംതന്നെ പത്രങ്ങൾക്ക്‌  ചോർത്തി നൽകുകയും ചെയ്‌തു. ഇതിനെയാണ്‌ ഞാൻ ചോദ്യം ചെയ്‌തത്‌. അഴിമതിക്കാരെ സംരക്ഷിക്കുകയും ചോദ്യം ചെയ്യുന്നവരെ സസ്‌പെൻഡും ചെയ്യുകയാണ്‌.  വയനാട്ടിൽ ഡിഐസി തരംഗം ആഞ്ഞടിച്ചപ്പോൾ  പ്രവർത്തകരെ പിടിച്ചുനിർത്തിയത്‌ അന്ന്‌ ഡിസിസി പ്രസിഡന്റായിരുന്ന ഞാനുൾപ്പെടെയുള്ള നേതൃത്വമാണ്‌.

ഇന്നത്തെ ഡിസിസി പ്രസിഡന്റ്‌ അന്ന്‌ ഡിഐസിയോടൊപ്പമായിരുന്നു. 52 വർഷക്കാലത്തെ കോൺ്ഗ്രസ്‌ പ്രവർത്തനമാണ്‌ ഇന്നവസാനിപ്പിക്കുന്നത്‌. 70 മുതൽ അഞ്ച്‌ വർഷം വയനാടുൾപ്പെടുന്ന കോഴിക്കോട്‌ ജില്ലയുടെ കെഎസ്‌യു പ്രസിഡന്റായിരുന്നു. ദീർഘകാലം ജില്ലാ ബാങ്ക്‌ പ്രസിഡന്റായിരുന്നു.  സിഎംപി നേതാവായിരുന്ന ടി മോഹനനുമായി ചേർന്ന്‌ അതർ ക്രെഡിറ്റ്‌ സൊസൈറ്റികൾക്ക്‌ വോട്ട്‌ ചേർത്ത്‌ പിടിച്ചെടുത്താണ്‌ ജില്ലാ ബാങ്ക്‌ പ്രസിഡന്റായത്‌. ചോർന്നൊലിക്കുന്ന ഓഫീസിന്‌ പകരം ഡിസിസിക്ക്‌ നല്ല കെട്ടിടമുണ്ടാക്കിയതും ഞാൻ പ്രസിഡന്റായിരിക്കുമ്പോഴാണ്‌. 

സ്ഥാനം നേടാനായി ആരുടെ മുമ്പിലും പോയിട്ടില്ലെന്നും അതിന്റെ പേരിലല്ല രാജിയെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രവർത്തനം ശ്ലാഘനീയമാണ്‌. രണ്ടുപ്രളയവും കോവിഡും സമ്പദ്‌ വ്യവസ്ഥയെ തകർത്തിട്ടും ഒരാൾ പോലും പട്ടിണി കിടക്കേണ്ടി വന്നിട്ടില്ല. അടുത്ത കാലത്തായി ജില്ലയിൽ  രാജിവയ്‌ക്കുന്ന നാലാമത്തെ   കെപിസിസി നേതാവാണ്‌ ബാലചന്ദ്രൻ. മുൻ എംഎൽഎ കെ സി റോസക്കുട്ടി, കെപിസിസി സെക്രട്ടറി എം എസ്‌ വിശ്വനാഥൻ, കെപിസിസി അംഗം പി കെ അനിൽകുമാർ എന്നിവരാണ്‌ രാജിവച്ചവർ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top