24 April Wednesday
രമണി പി നായരെ വെട്ടി , ഡി സുഗതനെ ട്രഷറർ ആക്കാൻ നീക്കം

വേണുഗോപാലിനെതിരെ ഉമ്മൻചാണ്ടിയും ചെന്നിത്തലയും ; പാർടി വിടുമെന്ന ഭീഷണിയുമായി വി എസ്‌ ശിവകുമാർ

പ്രത്യേക ലേഖകൻUpdated: Saturday Oct 16, 2021

തിരുവനന്തപുരം > കെപിസിസി ഭാരവാഹി  പ്രഖ്യാപനം നീളുന്നതിനിടെ കെ സി വേണുഗോപാലിനെതിരെ ഹൈക്കമാൻഡിനെ അതൃപ്‌തി അറിയിക്കാൻ ഉമ്മൻചാണ്ടിയും രമേശ്‌ ചെന്നിത്തലയും. പട്ടികയിൽ ഉൾപ്പെടുത്തിയില്ലെങ്കിൽ പാർടി വിടുമെന്ന ഭീഷണിയുമായി വി എസ്‌ ശിവകുമാർ അടക്കമുള്ള മുതിർന്ന നേതാക്കൾ. വൈസ്‌ പ്രസിഡന്റ്‌, ജനറൽ സെക്രട്ടറി സ്ഥാനങ്ങളിൽ പരിഗണിച്ച രമണി പി നായരെ പട്ടികയിൽനിന്ന്‌ ഒഴിവാക്കിയെന്ന്‌ പരാതി. രാജി ഭീഷണി മുഴക്കിയ ആലപ്പുഴയിലെ ഡി സുഗതനെ ട്രഷററാക്കാമെന്ന്‌ വാഗ്‌ദാനം.

വേണുഗോപാൽ പദവി ദുരുപയോഗം ചെയ്‌ത്‌ വിശ്വസ്‌തരെ തിരുകിക്കയറ്റാൻ ശ്രമിക്കുന്നെന്നാണ്‌ ചെന്നിത്തലയുടെയും ഉമ്മൻചാണ്ടിയുടെയും പരാതി. ചികിത്സയിലുള്ള ഉമ്മൻചാണ്ടിയുമായി ചെന്നിത്തല ആശയവിനിമയം നടത്തി.

സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കുമെന്ന്‌ ആവർത്തിക്കുമ്പോഴും വേണുഗോപാൽ പട്ടിക വെട്ടിത്തിരുത്തുകയാണ്‌. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ്‌ അൻവർ വേണുഗോപാലിന്‌ ഒത്താശ ചെയ്യുകയാണെന്നും എ, ഐ ഗ്രൂപ്പുകൾ ആരോപിച്ചു. പുനഃസംഘടനയിൽ സാമുദായിക സമവാക്യം പാലിച്ചില്ലെന്നും പരാതി ഉയർന്നു.

ഐ ഗ്രൂപ്പ്‌ പട്ടികയിൽനിന്ന്‌ ഒഴിവാക്കിയെന്ന്‌ വ്യക്തമായതോടെയാണ്‌ സുഗതനും ശിവകുമാറും ഇടഞ്ഞത്‌. ശിവകുമാറിനെ അവഗണിക്കാനാണ്‌ കെപിസിസി നേതൃത്വത്തിന്റെ തീരുമാനം. ചെന്നിത്തലയുടെ പിന്തുണയുമില്ല.

അതേസമയം, കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ സുഗതന്റെ വസതിയിലെത്തി കൂടിക്കാഴ്‌ച നടത്തി. തുടർന്നാണ്‌ ട്രഷറർ സ്ഥാനത്തേക്ക്‌ പരിഗണിക്കുന്നത്‌. നിയമസഭാ തെരഞ്ഞെടുപ്പിൽ പാലം വലിച്ചെന്ന പരാതി വീണ്ടും ഉയർന്നതിനാലാണ്‌ രമണി പി നായരെ അവസാന നിമിഷം വെട്ടിയത്‌. പാർടി വിടുമെന്ന പ്രചാരണം വാസ്‌തവവിരുദ്ധമാണെന്ന്‌ ശിവകുമാർ പറഞ്ഞു.

വേണുഗോപാലിനെതിരെ മുതിർന്ന നേതാക്കൾതന്നെ രൂക്ഷവിമർശം ഉയർത്തുന്നതിനാൽ ഭാരവാഹി പ്രഖ്യാപനം നീളാനാണ്‌ സാധ്യത. പട്ടിക വൈകാൻ കാരണം വേണുഗോപാലിന്റെ ഇടപെടലാണെന്ന്‌ ഗ്രൂപ്പുകൾ ആരോപിച്ചിരുന്നു.  താൻ പെട്ടെന്ന്‌ പൊട്ടിമുളച്ചതല്ലെന്നായിരുന്നു വേണുഗോപാലിന്റെ മറുപടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top