17 April Wednesday
‘ സമുദായ പരിഗണന ’വാദവും സൂത്രം

പാർടി വേണുഗോപാൽ പിടിച്ചു , നിർവാഹക സമിതിയിലും ആധിപത്യം ; പുകഞ്ഞ്‌ കോൺഗ്രസ്‌

പ്രത്യേക ലേഖകൻUpdated: Friday Oct 22, 2021


തിരുവനന്തപുരം
കെപിസിസി ഭാരവാഹി പട്ടികയിൽ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ആധിപത്യം ഉറപ്പിച്ചതിൽ എ, ഐ ഗ്രൂപ്പുകൾക്ക്‌ അമർഷം. സംഘടനാ തെരഞ്ഞെടുപ്പിലൂടെ തിരിച്ചടിക്കാനും ഡിസിസി ഭാരവാഹി പുനഃസംഘടനയെ സർവശക്തിയുമെടുത്ത്‌ എതിർക്കാനുമാണ്‌ നീക്കം. പരസ്യപ്രതികരണത്തിന്‌ നേതാക്കൾ തയ്യാറായിട്ടില്ലെങ്കിലും അസ്വസ്ഥത പുകയുന്നു. പട്ടികയെ അനുകൂലിക്കുന്നില്ലെന്ന്‌ കെ മുരളീധരൻ പരസ്യമായി പറഞ്ഞു. രാഷ്ട്രീയകാര്യസമിതി യോഗം ചേരുന്നതുവരെ കാക്കാനാണ്‌ ഗ്രൂപ്പുകളുടെ തീരുമാനം. 

ഡിസിസി പ്രസിഡന്റ്‌ നിയമനത്തെതുടർന്ന്‌ പൊട്ടിപ്പുറപ്പെട്ട കലാപം മുന്നിൽക്കണ്ടാണ്‌ ഗ്രൂപ്പുകൾ നൽകിയ പേരുകളിൽ ചിലത്‌ പരിഗണിച്ചത്‌. ഇവരിൽ ഏറെയും പുതിയ നേതൃത്വത്തോട്‌ കൂറു പുലർത്തുന്നവരുമാണ്‌. മെച്ചപ്പെട്ടവരെ തഴഞ്ഞെന്നാണ്‌ ഗ്രൂപ്പ്‌ നേതൃത്വത്തിന്റെ പരാതി. എ, ഐ ഗ്രൂപ്പുകളെ തൃപ്‌തിപ്പെടുത്തിയെന്നു വരുത്തി തങ്ങളുടെ വിശ്വസ്‌തരെ ഭാരവാഹികളാക്കിയുള്ള തന്ത്രമാണ്‌ വേണുഗോപാലും കെ സുധാകരനും വി ഡി സതീശനും നടപ്പാക്കിയത്.

നാല്‌ വൈസ്‌ പ്രസിഡന്റുമാരിൽ എ, ഐ ഗ്രൂപ്പുകളിൽനിന്നുള്ള ഓരോരുത്തരെ ഉൾക്കൊള്ളിച്ചപ്പോൾ രണ്ടു പേർ വേണുഗോപാലിനൊപ്പമുള്ളവരാണ്‌. 23 ജനറൽ സെക്രട്ടറിമാരിൽ എയ്‌ക്ക്‌ അഞ്ചും ഐയ്‌ക്ക്‌ നാലുമാണ്‌ നൽകിയത്‌. മുരളീധരനും തിരുവഞ്ചൂർ രാധാകൃഷ്‌ണനും ഓരോന്ന്‌ നൽകി. ബാക്കിയുള്ള 12 പേർ വേണുഗോപാൽ അനുകൂലികളാണ്‌.

നിർവാഹക സമിതിയിലും വേണുഗോപാലിന്‌ ആധിപത്യം
കെപിസിസി നിർവാഹക സമിതിയിലും കെ സി വേണുഗോപാലിന്‌ ആധിപത്യം. 11 പേർ ഐ ഗ്രൂപ്പുകാരായി ഉണ്ടെങ്കിലും ഭൂരിപക്ഷം മനസ്സുകൊണ്ട്‌ പുതിയ നേതൃത്വത്തെ അനുകൂലിക്കുന്നവരാണ്‌. എ ഗ്രൂപ്പിൽനിന്ന്‌ അഞ്ചു പേരാണ്‌. അഞ്ചുപേർ പുതിയ നേതൃത്വത്തിന്റെ വിശ്വസ്‌തരാണ്‌. ഇവരെക്കൂടി ചേർക്കുമ്പോൾ നിർവാഹക സമിതിയിൽ വേണുഗോപാലിന്‌ അനായാസം പിടിമുറുക്കാം.

എ, ഐ ഗ്രൂപ്പുകൾ നൽകിയ പട്ടികയിലുള്ള ചിലരെ ഭാരവാഹിത്വത്തിൽനിന്ന്‌ ഒഴിവാക്കി നിർവാഹക സമിതിയിൽ ഒതുക്കിയെന്ന വികാരവും ശക്തമാണ്‌. വേണുഗോപാലിനെ ഉന്നംവച്ചാണ്‌ ഗ്രൂപ്പുകൾ നീങ്ങുന്നതെങ്കിലും സുധാകരനെയും സതീശനെയും വിടാൻ ഒരുക്കമല്ല. മുല്ലപ്പള്ളി പുതിയ നേതൃത്വത്തിന്‌ ഇതുവരെ മുഖംകൊടുക്കാൻപോലും തയ്യാറായിട്ടില്ല. സുധീരനും പൂർണ അകൽച്ചയിലാണ്‌.

‘ സമുദായ പരിഗണന ’വാദവും സൂത്രം
പുനഃസംഘടനയിൽ നേതാക്കളെ കണ്ടെത്തിയത്‌ സാമുദായിക പരിഗണനകൂടി കണക്കിലെടുത്താണെന്ന കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ വാദം ചോദ്യംചെയ്യപ്പെടുന്നു. സമുദായ പ്രാതിനിധ്യത്തിന്റെ പേരിൽ കെ സി വേണുഗോപാലടക്കമുള്ള പുതിയ ചേരിക്ക്‌ സുസമ്മതരായവരെമാത്രം തിരുകിക്കയറ്റിയെന്നാണ്‌ ഗ്രൂപ്പ്‌ നേതാക്കളുടെ പരാതി. സെക്രട്ടറിമാരുടെ പ്രഖ്യാപനത്തിനുശേഷം കൂടുതൽ പ്രതികരിക്കാനാണ്‌ നീക്കം.

തിരുവനന്തപുരത്തുനിന്ന്‌ നാടാർസമുദായത്തിന്റെ പേരിലാണ്‌ എൻ ശക്തനെ ഉൾപ്പെടുത്തിയതെന്നു പറയുന്നുണ്ടെങ്കിലും സമുദായം നേരത്തേ നിലപാട്‌ വ്യക്തമാക്കിയിട്ടുണ്ട്‌. സ്പീക്കറായിരിക്കെ നേരിട്ട അഴിമതിയാരോപണങ്ങളും സ്റ്റാഫിനെക്കൊണ്ട്‌ അടിമപ്പണി  ചെയ്യിച്ചതടക്കമുള്ള വിവാദങ്ങളും ശക്തനെതിരെ രോഷത്തിന്‌ കാരണമായിരുന്നു. സമുദായത്തിൽ യുവനേതാക്കളെ പരിഗണിക്കാനുണ്ടായിട്ടും അവഗണിച്ചു.

ഇതിനെതിരെ പ്രതികരണമുണ്ടാകും. മറ്റു സമുദായങ്ങളുടെ കാര്യത്തിലും കഴിവോ പാർടിയിലെ പ്രവർത്തനപരിചയമോ നോക്കിയല്ല ഭാരവാഹികളെ തീരുമാനിച്ചതെന്ന്‌ ഐ ഗ്രൂപ്പ്‌ നേതാവ്‌ പറഞ്ഞു. ന്യൂനപക്ഷങ്ങൾ കോൺഗ്രസിൽനിന്ന്‌ അകന്നു. അവരെ തിരികെ കൊണ്ടുവരാൻ കഴിവുള്ള എത്ര നേതാക്കളെ പുനഃസംഘടനയിൽ പരിഗണിച്ചിട്ടുണ്ടെന്ന്‌ പുതിയ ചേരിയിലുള്ളവർ വ്യക്തമാക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.

ന്യൂനപക്ഷങ്ങളിലടക്കം സ്വാധീനമുള്ള നേതാക്കൾ ഇപ്പോഴും പുറത്താണ്‌. പാർടി നേതൃത്വത്തിനെതിരെ പരസ്യമായി പ്രതികരിച്ചതിനാണ്‌ പലരെയും മാറ്റിനിർത്തിയതെന്നും പറയുന്നു. അങ്ങനെയെങ്കിൽ സുധാകരനും സതീശനും തൽസ്ഥാനങ്ങളിൽ തുടരാൻ അർഹതയുണ്ടോ എന്നും ഗ്രൂപ്പ്‌ നേതാക്കൾ ചോദിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top