29 March Friday
ഫണ്ട്‌ ചോർച്ച പതിവ്‌

കെപിസിസിയിൽ നിയമനത്തിന്‌ ‘മാനദണ്ഡം’

സ്വന്തം ലേഖകൻUpdated: Sunday Jan 15, 2023

തിരുവനന്തപുരം> കെപിസിസി ഓഫീസിൽ കാലങ്ങളായി നടക്കുന്ന ‘ഫണ്ട്‌ വെട്ടിപ്പ്‌’ കണ്ടുപിടിച്ചതോടെ നിയമനത്തിന്‌ മാനദണ്ഡവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കെപിസിസിയിൽ 18 പേരെയും ഡിസിസികളിൽ എട്ടുപേരെയും മാത്രമേ നിയമിക്കാവൂവെന്നും ഇതിന്‌ പ്രാദേശിക ഘടകവും ഡിസിസിയും അന്വേഷിച്ച്‌ റിപ്പോർട്ട്‌ നൽകണമെന്നുമാണ്‌ നിബന്ധന. നിയമനം കെപിസിസി അധ്യക്ഷൻ വീണ്ടും പരിശോധിക്കും. അഞ്ച്‌ വർഷം പരിശീലന കാലമായിരിക്കും.  തൃപ്തികരമെങ്കിൽമാത്രം സ്ഥിരംനിയമനം നൽകും.  

സുധാകരൻതന്നെ നിയമിച്ച ചില ജീവനക്കാരുടെ പ്രവർത്തനങ്ങൾ സംബന്ധിച്ചാണ്‌ കൂടുതൽ ആക്ഷേപം ഉള്ളത്‌. സിയുസി സംഘവും പേഴ്‌സണൽ സ്‌റ്റാഫിൽപ്പെട്ടവരും നടത്തുന്ന ധൂർത്തിന്റെ വിവരങ്ങൾ പുറത്തുവന്നിരുന്നു. ഫണ്ട്‌ ചോർച്ച വാർത്തയായതോടെ പണം നഷ്ടപ്പെട്ട പഴയ സംഭവങ്ങൾ പുറത്തുവന്നു. ഡിസിസികൾക്കും സ്ഥാനാർഥികൾക്കും കൊടുത്തയച്ച നോട്ടുകെട്ടുകളിൽ ചോർച്ചയുണ്ടായതും പുറത്തുവന്നു. തുടർന്ന്‌ ഓഡിറ്ററുടെ സാന്നിധ്യത്തിൽ കണക്കുകൾ പരിശോധിച്ചു. കൊടുത്തുവിടുന്ന നോട്ടുകെട്ടുകളുടെ എണ്ണം കൃത്യമായിരുന്നുവെന്നും പല കെട്ടിൽനിന്നും നോട്ട്‌ വലിച്ചൂരി മാറ്റുകയായിരുന്നുവെന്നും കണ്ടെത്തി. തുടർന്നാണ്‌ കെപിസിസിയിലെ ജീവനക്കാരെ മാറ്റാൻ തുടങ്ങിയത്‌.
കെ കരുണാകരൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ സ്റ്റാഫിലുണ്ടായിരുന്ന, 20 വർഷമായി കെപിസിസിയിൽ ജോലി നോക്കിയ ജീവനക്കാരനെയടക്കം മാറ്റി. രമേശ്‌ ചെന്നിത്തല മന്ത്രിയായിരുന്നപ്പോൾ സ്‌റ്റാഫിൽ ഉണ്ടായിരുന്നയാളെ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസറായി നിയമിച്ചു.

കെപിസിസി ട്രഷറർ ആയിരുന്ന വി പ്രതാപചന്ദ്രനെതിരെ സിയുസി സംഘം നടത്തിയ പ്രചാരണം ഫണ്ട്‌ വെട്ടിപ്പുമായി ബന്ധിപ്പിച്ചായിരുന്നു. ഇത്‌ കടുത്ത മാനസിക പീഡനവും നാണക്കേടും ഉണ്ടാക്കിയതായും പ്രചരിപ്പിച്ചവർക്കെതിരെ പരാതിനൽകാനും പ്രതാപചന്ദ്രൻ തീരുമാനിച്ചിരുന്നു. അതിനിടെയാണ്‌ മരണം. ധൂർത്തിന്‌ പണം അനുവദിക്കാത്തതും വാങ്ങിച്ചതിന്‌ കണക്കു ചോദിച്ചതുമാണ്‌ സിയുസിക്കാർ പ്രതാപചന്ദ്രനെതിരെ തിരിയാൻ കാരണം. പ്രതാപചന്ദ്രന്റെ മക്കൾ ഡിജിപിക്ക്‌ അടക്കം പരാതി നൽകിയിട്ടും സിയുസിക്കാരെ സംരക്ഷിക്കുന്ന നിലപാടാണ്‌ സുധാകരൻ സ്വീകരിക്കുന്നതെന്നും ആക്ഷേപമുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top