19 April Friday

പുനഃസംഘടന : ഗ്രൂപ്പുകൾ ഇടഞ്ഞുതന്നെ ; തിരക്കിട്ട നീക്കവുമായി കെപിസിസി നേതൃത്വം

പ്രത്യേക ലേഖകൻUpdated: Wednesday Dec 8, 2021


തിരുവനന്തപുരം
കെപിസിസി സെക്രട്ടറിമാരുടെയും ഡിസിസി ഭാരവാഹികളുടെയും പട്ടിക ഈ മാസംതന്നെ പുറത്തിറക്കാൻ നേതൃത്വം തിരക്കിട്ട നീക്കം തുടങ്ങി. സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ  പുനഃസംഘടന നടത്തരുതെന്ന ആവശ്യം ഗ്രൂപ്പ് നേതൃത്വം ആവർത്തിക്കുമ്പോഴാണ്‌  ഹൈക്കമാൻഡ് പിന്തുണയോടെ മുന്നോട്ട് നീങ്ങുന്നത്‌.

ചുമതലക്കാരായ  കെപിസിസി ജനറൽസെക്രട്ടറിമാരുടെ നേതൃത്വത്തിൽ ജില്ലകളിലെത്തി ഡിസിസി ഭാരവാഹി ചർച്ച തുടങ്ങി. ഈയാഴ്ച അവസാനം പട്ടിക കൈമാറാനാണ് കെപിസിസി നേതൃത്വം നൽകിയിരിക്കുന്ന നിർദേശം. ബ്ലോക്ക് പ്രസിഡന്റുമാരുടെ പട്ടികയും നൽകണം. ഇതിനിടെ മഹിളാ കോൺഗ്രസ് അധ്യക്ഷയായി അഡ്വ. ജെബി മേത്തർ നിയമിക്കപ്പെട്ടത് എ ഗ്രൂപ്പിന്റെ നേട്ടമായി ചിത്രീകരിക്കുന്നത്‌ പുതിയ നേതൃത്വത്തിന്‌ തിരിച്ചടിയായി. എ ഗ്രൂപ്പ് അവകാശവാദത്തെ കെപിസിസി നേതൃത്വം തള്ളി.  കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷനേതാവ് വി ഡി സതീശനും സംയുക്തമായി ഹൈക്കമാൻഡിന് നൽകിയ കത്ത് പരിഗണിച്ചാണ് നിയമനമെന്നാണ്‌ നേതൃത്വത്തിന്റെ വാദം. 

എറണാകുളത്തുനിന്നുതന്നെയുള്ള ആശ സനലിന്റെ പേരായിരുന്നു ഗ്രൂപ്പുകൾ നൽകിയതെന്നാണ്‌ നേതൃത്വം പറയുന്നത്‌. ഗ്രൂപ്പ് ഭേദമന്യേ എല്ലാവർക്കും താൽപ്പര്യമുള്ള പേരുകളിലൊന്ന് ജെബി മേത്തറിന്റേതായിരുന്നുവെന്നും വാദമുണ്ട്. അവസാന റൗണ്ടിൽ ഹൈക്കമാൻഡ് പരിഗണിച്ച മൂന്ന് പേരുകളിലൊന്ന് ജെബിയുടേതുമാണ്. ആശ സനലും ദീപ്തി മേരി വർഗീസുമാണ് മറ്റു രണ്ടുപേർ. ദീപ്തി കെപിസിസി ജനറൽ സെക്രട്ടറിയായതിനാൽ ഒഴിവാക്കിയത്രേ. മഹിളാ കോൺഗ്രസ്‌ പ്രസിഡന്റ്‌ നിയമനവും ഗ്രൂപ്പുകളും നേതൃത്വവും തമ്മിൽ പുതിയ ഏറ്റുമുട്ടലിന്‌ വഴിതുറന്നിരിക്കുകയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top