02 May Thursday

ആര്‍ എസ് ഉണ്ണിയുടെ സ്വത്ത് തട്ടൽ: മുൻകൂര്‍ ജാമ്യംതേടി 
കെ പി ഉണ്ണിക്കൃഷ്ണൻ ഹൈക്കോടതിയിൽ

സ്വന്തം ലേഖകൻUpdated: Sunday Jan 23, 2022

ആർ എസ്‌ ഉണ്ണി ഫൗണ്ടേഷൻ കൈയേറിയ ശക്തികുളങ്ങരയിലെ വീട്ടിൽനിന്ന്‌ പൊലീസ്‌ നിർദേശപ്രകാരം സാധനങ്ങൾ മാറ്റുന്നു. 
ആർ എസ്‌ ഉണ്ണിയുടെ ചെറുമക്കൾ അമൃത, അഞ്ജന എന്നിവർ സമീപം (ഫയൽ ചിത്രം)

കൊല്ലം > ഫൗണ്ടേഷന്റെ മറവിൽ മുൻ മന്ത്രിയും ആർഎസ്​പി സംസ്ഥാന സെക്രട്ടറിയുമായിരുന്ന ആർ എസ്‌ ഉണ്ണിയുടെ കോടികളുടെ സ്വത്ത്​ തട്ടാൻ ശ്രമിച്ച കേസിൽ സെക്രട്ടറി കെ പി ഉണ്ണിക്കൃഷ്ണൻ മുൻകൂർ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചു.  കഴിഞ്ഞ ദിവസമാണ് കൊല്ലത്തെ അഭിഭാഷകൻ മുഖേന മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. എൻ കെ പ്രേമചന്ദ്രൻ ഉൾപ്പെടെയുള്ള മറ്റു പ്രതികൾ ഹർജി നൽകിയിട്ടില്ല. ദേവസ്വം ബോർഡ് ഉ​ദ്യോ​ഗസ്ഥനായിരിക്കെ ക്രമക്കേട് നടത്തിയെന്ന മറ്റൊരു കേസിൽ നിലവിൽ ജാമ്യത്തിലാണ് ആർഎസ്‌പി നേതാവായ കെ പി ഉണ്ണികൃഷ്ണൻ.
 
എൻ കെ പ്രേമചന്ദ്രൻ എംപി ചെയർമാനും കെ പി ഉണ്ണിക്കൃഷ്ണൻ സെക്രട്ടറിയുമായി 2016ൽ രൂപീകരിച്ച ആർ എസ്‌ ഉണ്ണി ഫൗണ്ടേഷന്റെ മറവിൽ തങ്ങൾക്ക് അവകാശപ്പെട്ട ശക്തികുളങ്ങരയിലെ 24 സെന്റും വീടും തട്ടിയെടുക്കാൻ ശ്രമിച്ചെന്നാണ് ആർ എസ് ഉണ്ണിയുടെ ചെറുമക്കളായ അമൃത വി ജയ്, അഞ്ജന വി ജയ് എന്നിവരുടെ പരാതി. ഇതിൽ  ഭീഷണിപ്പെടുത്തൽ, അസഭ്യം പറയൽ, ക്രിമിനൽ ​ഗൂഢാലോചന, വഞ്ചന, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് എൻ കെ പ്രേമചന്ദ്രൻ, കെ പി ഉണ്ണിക്കൃഷ്ണൻ തുടങ്ങി നാലുപേർക്കെതിരെ ശക്തികുളങ്ങര പൊലീസ് കേസെടുത്തത്.

രേഖകൾ ശേഖരിച്ച് 
അന്വേഷക സംഘം
 
സ്വത്ത് തട്ടൽ കേസിൽ ശക്തികുളങ്ങര ഇൻസ്പെക്‌ടർ യു ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം റവന്യൂ, രജിസ്ട്രേഷൻ വകുപ്പുകളിൽ നിന്നുള്ള രേഖകൾ ശേഖരിച്ചു. അനധികൃതമായി വൈദ്യുതി കണക്‍ഷൻ എടുത്തത് സംബന്ധിച്ച് രേഖകളും പൊലീസ് തേടിയിട്ടുണ്ട്. ഇവ പരിശോധിച്ച ശേഷം തുടർ നടപടികളിലേക്ക് കടക്കും. നേരത്തെ അഞ്ജന വി ജയ് ശക്തികുളങ്ങര സ്റ്റേഷനിലെത്തി വിശദമായ മൊഴി നൽകിയിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top