കൊച്ചി
എലത്തൂർ ട്രെയിൻ തീവയ്‌പുകേസിലെ പ്രതി ഷാരൂഖ് സെയ്‌ഫിക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. കൊച്ചിയിലെ എൻഐഎ പ്രത്യേക കോടതിയിലാണ് കുറ്റപത്രം നൽകിയത്. കേസിൽ ഷാരൂഖ് മാത്രമാണ് പ്രതി. ജിഹാദി പ്രവർത്തനമാണ് നടത്തിയതെന്നും കേരളം തെരഞ്ഞെടുത്തത് തിരിച്ചറിയപ്പെടാതിരിക്കാനാണെന്നും ഇതിലുണ്ട്. ജനങ്ങളിൽ ഭീതിപരത്തുകയാണ് പ്രതിയുടെ ലക്ഷ്യം. പാകിസ്ഥാൻ ആസ്ഥാനമായുള്ള തീവ്ര ഇസ്ലാമിക് പ്രബോധകരെ ഇയാൾ സമൂഹമാധ്യമങ്ങളിലൂടെ പിന്തുടർന്നിരുന്നു.
പെട്രോൾ വാങ്ങിയത് ഷൊർണൂരിൽ നിന്നാണ്. ഷൊർണൂർ റെയിൽവേ സ്‌റ്റേഷനുസമീപമുള്ള കടയിൽനിന്നാണ് ലൈറ്റർ വാങ്ങിയത്. യാത്രക്കാരെ കൊല്ലാൻ തീരുമാനിച്ചിരുന്നു. മാർച്ച് 31ന് ഡൽഹിയിൽനിന്ന് യാത്രതിരിച്ച് ഏപ്രിൽ രണ്ടിന് കേരളത്തിൽ എത്തി. രണ്ടിനാണ് കേസിനാസ്‌പദമായ സംഭവം. ആലപ്പുഴ–-കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്‌പ്രസിലാണ് തീയിട്ടത്. സംഭവത്തിൽ കുട്ടിയടക്കം മൂന്നുപേർ കൊല്ലപ്പെട്ടു. ഒമ്പതുപേർക്ക് പരിക്കേറ്റു. കണ്ണൂർ മട്ടന്നൂർ പാലോട്ട് പള്ളി ബദ്‌രിയ മൻസിലിലെ റഹ്മത്ത് (45), സഹോദരിയുടെ മകൾ ചാലിയം കുന്നുമ്മൽവീട്ടിൽ സഹ്‌റ ബത്തൂൽ (രണ്ട്), മട്ടന്നൂർ കൊടോളിപുറം പുതിയപുര കൊട്ടാരത്തിൽവീട്ടിൽ കെ പി നൗഫീഖ് (35) എന്നിവരാണ് മരിച്ചത്.
കേരള പൊലീസും കേരള–-മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡും ചേർന്ന് നടത്തിയ നീക്കത്തിൽ മൂന്നാംദിവസം മഹാരാഷ്ട്രയിലെ രത്‌നഗിരിയിൽ നിന്ന് പ്രതി പിടിയിലായി. കൃത്യം നടത്തി തിരിച്ചെത്തി സാധാരണനിലയിൽ ജീവിതം നയിക്കാനാണ് പദ്ധതിയിട്ടതെന്നും കുറ്റപത്രത്തിലുണ്ട്. ഇന്ത്യൻ ശിക്ഷാനിയമം, യുഎപിഎ, പൊതുമുതൽ നശീകരണ നിരോധന നിയമം എന്നിവയിലെ വകുപ്പുകൾപ്രകാരമാണ് കുറ്റം ചുമത്തിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..