29 March Friday

VIDEO:- മണ്ണുമാന്തിക്ക് ഇനി പോകാം; മന്ത്രി റിയാസിന്റെ ഒറ്റ ചോദ്യത്തില്‍ പ്രശ്‌നത്തിന് പരിഹാരമായി

വെബ് ഡെസ്‌ക്‌Updated: Monday May 22, 2023

പരാതി പരിഹരിച്ചതിൽ മന്ത്രി പി എ മുഹമ്മദ് റിയാസിനോട് നന്ദി പറയുന്ന അബ്‌ദുള്ള അദാലത്ത്‌

കോഴിക്കോട്> "നമ്മുടെ നാടിന് വേണ്ടത് ഇതുപോലുള്ള മന്ത്രിമാരാണ്"- പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ കൈപ്പിടിച്ച് പറയുമ്പോൾ സഹോദരങ്ങളായ അബ്ദുല്ലയുടെയും അമ്മദിന്റെയും കണ്ഠമിടറുന്നുണ്ടായിരുന്നു. കച്ചേരി പറമ്പത്ത് അമ്മദിന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ സ്ഥലത്ത് വീട്ടിനു  മുമ്പിലായി അഞ്ചു വർഷമായി വഴിമുടക്കിയായി നിന്ന മണ്ണുമാന്തി യന്ത്രം എത്രയും പെട്ടെന്ന്  മാറ്റിക്കൊടുക്കാൻ മന്ത്രി നിർദ്ദേശിച്ചതാണ് അബ്ദുല്ലയുടെയും അമ്മദിന്റെയും സന്തോഷത്തിന് കാരണം.



2018ൽ പാലേരി വടക്കുമ്പാട് പ്രദേശത്ത് വയൽ നികത്തുന്നുവെന്ന പരാതിയിൽ കെ എൽ 56 ജി-  2087 നമ്പർ മണ്ണുമാന്തി യന്ത്രം  റവന്യു വകുപ്പും പേരാമ്പ്ര  പൊലീസും ചേർന്ന് പിടിച്ചെടുത്താണ്‌ ഇവിടെ കൊണ്ടിട്ടത്‌. വർഷങ്ങൾ പിന്നിട്ടപ്പോൾ യന്ത്രം കേടായി.  മാറ്റണമെങ്കിൽ പ്രത്യേക ഫണ്ട്‌ ആവശ്യമായി. ഇതിനായി കുടുംബം നിരവധി ഓഫീസുകൾ  കയറിയിറങ്ങി.

സഹോദരങ്ങളായ കെ പി അമ്മദും അബ്ദുള്ളയുമാണ്‌ അദാലത്തിനെത്തിയത്‌. ആകെയുള്ള അഞ്ച് സെന്റ് ഭൂമിയിൽ കടമുറി പണിയാൻ പ്ലാൻ പാസായെങ്കിലും മണ്ണുമാന്തി യന്ത്രം കാരണം  പ്രവൃത്തി നടത്താനായില്ല. കെട്ടിട നിർമാണ  പെർമിറ്റ് കാലാവധി തീരാനായതോടെയാണ്  പരിഹാരം തേടി അദാലത്തിനെത്തിയത്‌.

പരാതി വായിച്ച മന്ത്രി റവന്യു വകുപ്പ്  ഉദ്യോഗസ്ഥരെയും പൊലീസ് മേധാവികളെയും വിളിച്ചുവരുത്തി വിശദീകരണം തേടി. മന്ത്രി ഉദ്യോഗസ്ഥരോട് ഒരു ചോദ്യമേ ചോദിച്ചുള്ളൂ, "നിങ്ങളുടെ വീടിന് മുൻപിലാണ് ഇങ്ങനെ വന്നതെങ്കിൽ എന്ത് ചെയ്യുമായിരുന്നു.?". ഉടനടി പരിഹാരത്തിന്‌ നിർദേശിച്ച മന്ത്രി യന്ത്രം മാറ്റാൻ പ്രത്യേക ഫണ്ട്‌ അനുവദിക്കാനും കലക്ടറോട്‌ നിർദേശിക്കുകയും ചെയ്തു. എന്തെങ്കിലും പ്രയാസം ഇനി ഉണ്ടായാൽ നേരിട്ട് വിളിക്കണമെന്ന് പറഞ്ഞ് അമ്മദിന് ഫോൺ നമ്പറും എഴുതി നൽകിയാണ് മന്ത്രി പറഞ്ഞയച്ചത്. മന്ത്രിയുടെ ഉത്തരവിന് പിന്നാലെ മണ്ണുമന്തി യന്ത്രം നീക്കികിട്ടി. അഞ്ച് കൊല്ലമായിട്ട് എല്ലാ ഓഫീസും കയറിയിറങ്ങിയിട്ട് നടക്കാത്ത സംഗതി അദാലത്തിൽ പരിഹാരമായതിന്റെ സന്തോഷത്തിലാണ് ഈ സഹോദരങ്ങൾ.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top