26 April Friday

കോഴിക്കോട‌് ബൈപാസ‌്: കരാർ പൊട്ടിപ്പാളീസായ കമ്പനിക്ക‌്

എം കെ പത്മകുമാർUpdated: Sunday May 5, 2019

തിരുവനന്തപുരം> പ്രതിസന്ധിയിലായ കമ്പനിക്ക‌് നിർമാണകരാർ നൽകിയാണ‌് ദേശീയപാതാ വികസനത്തിന്റെ ഭാഗമായ കോഴിക്കോട‌് ബൈപാസ‌് നിർമാണം കേന്ദ്രസർക്കാർ അട്ടിമറിച്ചത‌്. ജീവനക്കാർക്ക‌്  ശമ്പളംപോലും നൽകാനാകാത്ത കമ്പനിയായ ഹൈദരാബാദിലെ കൃഷ‌്ണമോഹൻ കൺസ‌്ട്രക‌്ഷൻ കമ്പനിക്കായിരുന്നു കരാർ (കെഎംസി). ഇതാകട്ടെ ഏഷ്യയിലെ ഏറ്റവും വലിയ ലേബർ കോൺട്രാക്ട‌് സഹകരണസംഘമായ ഊരാളുങ്കൽ സൊസൈറ്റിയുടെ ഉൾപ്പെടെ അപേക്ഷ സാങ്കേതിക കാരണങ്ങളാൽ തള്ളിയശേഷവും. വടക്കാഞ്ചേരി–-മണ്ണുത്തി ദേശീയപാതയുടെ നിർമാണം പാതിവഴിയിൽ അവസാനിപ്പിച്ച കമ്പനികൂടിയാണ‌് കെഎംസി.

ബാങ്ക‌് ഗ്യാരണ്ടി നൽകിയില്ല; പുറംകരാർ നൽകാനും ശ്രമം

വെങ്ങളം–-രാമനാട്ടുകര റീച്ചിൽ 28.4 കിലോമീറ്റർ ആറുവരി പാതയാക്കാൻ 1710 കോടിക്കാണ‌് ദേശീയപാതാ വികസന അതോറിറ്റി കഴിഞ്ഞവർഷം കരാർ നൽകിയത‌്. ഒരുമാസത്തിനകം ബാങ്ക‌് ഗ്യാരണ്ടിയായ 85.50 കോടി രൂപ അടച്ച‌്  30 മാസത്തിനകം പൂർത്തിയാക്കണം എന്നായിരുന്നു വ്യവസ്ഥ. എന്നാൽ, സാമ്പത്തിക ക്കുഴപ്പത്തിലായ കമ്പനിക്ക‌് ബാങ്ക‌് ഗ്യാരണ്ടി നൽകാനായില്ല. പിന്നീട‌് സെപ‌്തംബറിൽ പണി ആരംഭിക്കും എന്നായി അറിയിപ്പ‌്. എന്നാൽ, കരാർ ലഭിച്ച‌് ഒരുവർഷം കഴിഞ്ഞിട്ടും ജോലി ആരംഭിച്ചില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ  കമ്പനി ബൈപാസ‌് നിർമാണം പുറംകരാർ നൽകാൻ പലതവണ ശ്രമിച്ചു. എന്നാൽ, കെഎംസിയുടെ ട്രാക്ക‌് റെക്കോഡ‌് അറിയാവുന്ന മറ്റ‌് നിർമാണ കമ്പനികൾ ഏറ്റെടുക്കാൻ തയ്യാറായില്ല. സാമ്പത്തികസ്ഥിതിയെക്കുറിച്ച‌് കൃത്യമായ ബോധ്യമുള്ള ബാങ്കുകൾ വായ്പ നൽകിയതുമില്ല. ഇതോടെ അടുത്തൊന്നും ബൈപാസ‌് നിർമാണം ആരംഭിക്കില്ലെന്നുറപ്പായി.

2010-ൽ ആരംഭിച്ച വടക്കഞ്ചേരി –മണ്ണുത്തി ദേശീയപാതയുടെ നിർമാണം കെഎംസി പണമില്ലാത്തതിനാൽ നിർത്തിവച്ച അതേകാലയളവിലാണ‌് കോഴിക്കോടിന്റെ കരാറും ദേശീയപാത അതോറിറ്റി നൽകിയത‌്. കേന്ദ്രസർക്കാരിലുള്ള  സ്വാധീനം ഉപയോഗിച്ചാണ‌് അർഹതയില്ലാതിത്‌. അനുഭവസമ്പത്തും മെച്ചപ്പെട്ട സാമ്പത്തികസ്ഥിതിയും ഉള്ള കമ്പനികളെ പലകാരണങ്ങൾ പറഞ്ഞാണ‌് ടെൻഡറിൽനിന്നൊഴിവാക്കിയത‌്.

ഇന്ത്യയിലെ ഏറ്റവും വലിയ പദ്ധതി

ഒരുകിലോമീറ്ററിനു മുടക്കേണ്ടുന്ന തുക കണക്കാക്കുമ്പോൾ ദേശീയപാത അതോറിറ്റിയുടെ ഇന്ത്യയിലെതന്നെ ഏറ്റവും വലിയ പദ്ധതിയാണിത‌്. ഇവിടെ ഒരുകിലോമീറ്റർ റോഡ‌് നിർമിക്കാൻ 22.79 കോടി രൂപയാണ‌് ചെലവ‌്. മലാപ്പറമ്പ, തൊണ്ടയാട‌്, രാമനാട്ടുകര തുടങ്ങിയ സ്ഥലങ്ങളിലെ ഗതാഗതക്കുരുക്കിന‌് പരിഹാരമാകുന്ന നിർദിഷ്ട ബൈപാസിന‌് 127.80 ഹെക്ടർ സ്ഥലമാണ‌് ഏറ്റെടുക്കേണ്ടത‌്.

ഇതിൽ 125.94 ഹെക്ടർ സംസ്ഥാന സർക്കാർ  ഏറ്റെടുത്തിരുന്നു. ബൈപാസിൽ നാലു വലിയ പാലങ്ങളും ഒരുചെറിയ പാലവുമുണ്ടാകും. ഏഴു മേൽപ്പാലങ്ങൾ, വാഹനങ്ങൾക്കുവേണ്ടി രണ്ടും കാൽനടയാത്രക്കാർക്കായി 16 അടിപ്പാതയുമുണ്ടാകും. ഇതിനുപുറമെ 103 കൾവർട്ടും 27.30 കിലോമീറ്റർ സർവീസ‌് റോഡും നിർമിക്കേണ്ടതുണ്ട‌്.

2016ലെ നിർമാണച്ചെലവ‌് കണക്കാക്കിയാണ‌് 1710 കോടിക്ക‌് കഴിഞ്ഞ വർഷം കരാർ നൽകിയത‌്. മൂന്നുവർഷത്തിനകം നിർമാണ സാമഗ്രികളിലും കൂലിച്ചെലവിലും വർധനയുണ്ടായതിനാൽ ഈ തുകയ്ക്ക‌് നിർമാണം പൂർത്തിയാക്കാൻ കഴിയില്ലെന്നുറപ്പാണ‌്. കൈയിൽ പണമില്ലാത്ത കെഎംസിക്കാകട്ടെ പണി തുടങ്ങാനുമാകില്ല. കെഎംസിയെ ബാധിച്ച ഗുരുതരമായ പ്രതിസന്ധിയുടെ തെളിവായി  കമ്പനിയുടെ വെബ‌്സൈറ്റ‌് ഇപ്പോൾ പ്രവർത്തനരഹിതമാണ‌്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top