20 April Saturday

ഉപതെരഞ്ഞെടുപ്പ്: കോഴിക്കോട് എൽഡിഎഫ് മുന്നേറ്റം; മൂന്നിൽ രണ്ട് സീറ്റും പിടിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday May 31, 2023

കോഴിക്കോട്‌> കോഴിക്കോട് ജില്ലയിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ട് സീറ്റും പിടിച്ച് എൽഡിഎഫ് മുന്നേറ്റം. വേളം പഞ്ചായത്തിലെ കുറിച്ചകം, പുതുപ്പാടിയിലെ കണലാട്, ചെങ്ങോട്ടുകാവ് ചേലിയ എന്നിവിടങ്ങളിലാണ്‌ ഉപതെരഞ്ഞെടുപ്പ്‌ നടന്നത്. പുതുപ്പാടി അഞ്ചാം വാർഡ് യുഡിഎഫിൽ നിന്ന് പിടിച്ചെടുത്ത എൽഡിഎഫ്, വേളം കുറിച്ചകം വാർഡ് നിലനിർത്തി. ചെങ്ങോട്ടുകാവ് സിറ്റിം​ഗ് സീറ്റ് യുഡിഎഫ് ജയിച്ചു കയറി.

പുതുപ്പാടി പഞ്ചായത്ത് അഞ്ചാം വാർഡിൽ സിപിഐ എമ്മിലെ അജിത മനോജ് 154 വോട്ടിനാണ് വിജയിച്ചത്. പുതുപ്പാടി കണലാട് വാർഡിൽ യുഡിഎഫ്‌ വാർഡ്‌ അംഗം സിന്ധു സർക്കാർ ജോലി ലഭിച്ചതിനെ തുടർന്ന് രാജിവച്ച ഒഴിവിലാണ്‌ ഉപതെരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ തവണ 95 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു യുഡിഎഫ് ജയം.  

കോഴിക്കോട് വേളം കുറിച്ചകം വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ സിപിഐ എമ്മിലെ പി എം കുമാരൻ മാസ്റ്റർ 126 വോട്ടിനാണ് വിജയിച്ചത്. വേളം കുറിച്ചകം വാർഡിൽ എൽഡിഎഫ്‌ അംഗം കെ കെ മനോജന്‌ സർക്കാർ ജോലി ലഭിച്ചതിനെ തുടർന്നാണ്‌ തെരഞ്ഞെടുപ്പ്‌ നടന്നത്.

ചെങ്ങോട്ടുകാവ് ചേലിയയിൽ യുഡിഎഫ്‌ വാർഡ്‌ അംഗം ടി കെ മജീദിന്റെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പിൽ 112 വോട്ടിനാണ് കോൺഗ്രസിലെ അബ്ദുൾ ഷുക്കൂർ ജയിച്ചു കയറിയത്. എൽഡിഎഫാണ് നിലവിൽ പഞ്ചായത്ത്‌ ഭരിക്കുന്നത്. എൽഡിഎഫ് -9, യുഡിഎഫ്-6, ബിജെപി- 2 ആണ് കക്ഷി നില.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top