26 April Friday

കോഴിക്കോട് ഇരട്ട സ്‌ഫോടനം: തടിയന്റവിട നസീർ അടക്കമുള്ള പ്രതികളെ വെറുതെവിട്ടു

വെബ് ഡെസ്‌ക്‌Updated: Thursday Jan 27, 2022


കൊച്ചി
കോഴിക്കോട് ഇരട്ടസ്ഫോടന കേസിലെ പ്രതികളായ തടിയന്റവിട നസീർ, ഷഫാസ് എന്നിവരെ ഹൈക്കോടതി വെറുതേ വിട്ടു. പ്രതികൾക്ക് വിചാരണക്കോടതി വിധിച്ച ഇരട്ടജീവപര്യന്തം റദ്ദാക്കി. പ്രതികളുടെ അപ്പീൽ അനുവദിച്ചാണ് ജസ്റ്റിസുമാരായ കെ വിനോദചന്ദ്രനും സിയാദ് റഹ്മാനും അടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. മറ്റു പ്രതികളെ വെറുതെ വിട്ടതിനെതിരെയുള്ള എൻഐഎയുടെ അപ്പീലും തള്ളി.

കുറ്റകൃത്യത്തിൽ പ്രതികളുടെ പങ്ക് സംശയാതീതമായി തെളിയിക്കാൻ എൻഐഎക്ക് കഴിഞ്ഞില്ലെന്ന് കോടതി വ്യക്തമാക്കി. മാപ്പുസാക്ഷി ഷമ്മി ഫിറോസിന്റെ മൊഴിയുടെമാത്രം അടിസ്ഥാനത്തിലാണ് വിചാരണക്കോടതി പ്രതികളെ ശിക്ഷിച്ചത്. സാക്ഷിമൊഴിയും ടെലിഫോൺ രേഖകളും തെളിവായി ഉണ്ടെന്നായിരുന്നു എൻഐഎയുടെ വാദം. നസീർ അടക്കുള്ളവർ തന്നെ ഫോണിൽ ബന്ധപ്പെട്ടിരുന്നു എന്ന ഫിറോസിന്റെ മൊഴിയല്ലാതെ മറ്റ് തെളിവൊന്നും കണ്ടെത്താൻ എൻഐഎക്കായില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ നാലുവർഷത്തോളം ഇരുട്ടിൽ തപ്പുകയായിരുന്നെന്നും കോടതി നിരീക്ഷിച്ചു.

മറ്റൊരു സ്ഫോടനക്കേസിൽ അറസ്റ്റിലായ മൂന്നാംപ്രതിയെ ചോദ്യം ചെയ്തപ്പോഴാണ് അയാൾക്ക് സ്ഫോടനവുമായി ബന്ധമുണ്ടെന്ന് മനസ്സിലായതെന്നും ഈ പ്രതി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്നും കോടതി വ്യക്തമാക്കി. മറ്റൊരു കേസിൽ പിടിയിലായ പ്രതിയുടെ വെളിപ്പെടുത്തലാണ് കേസിന് ആധാരമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറയുന്നത് കണക്കിലെടുക്കാനാകില്ലെന്നും ചൂണ്ടിക്കാട്ടി.

കോഴിക്കോട് മൊഫ്യൂസിൽ ബസ് സ്റ്റാൻഡിലും കെഎസ്ആർടിസി സ്റ്റാൻഡിലും 2006 മാർച്ച് മൂന്നിന്‌ നടന്ന സ്‌ഫോടനത്തിൽ ഒന്നും രണ്ടും പ്രതികളായിരുന്നു നസീറും ഷഫാസും. മൂന്നാംപ്രതി അബ്ദുൾ ഹാലിമിനെയും നാലാംപ്രതി അബുബക്കർ യൂസഫിനെയുമാണ് വിചാരണക്കോടതി വെറുതെ വിട്ടത്. മൊത്തം ഒമ്പതു പ്രതികൾ. 2003 മാറാട് കേസിലെ പ്രതികൾക്ക് ജാമ്യം നിഷേധിച്ചതിൽ പ്രതിഷേധിച്ച്‌ സ്ഫോടനം നടത്തിയെന്നാണ് കേസ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top