01 December Friday

കോവളം ബേക്കൽ ജലപാത 62 ശതമാനം 
പൂർത്തിയായി, 2026ൽ പദ്ധതി കമീഷൻ ചെയ്യും

സുനീഷ്‌ ജോUpdated: Saturday Sep 30, 2023


തിരുവനന്തപുരം
സംസ്ഥാനത്തിന്റെ അഭിമാന പദ്ധതിയായ കോവളം ബേക്കൽ പശ്ചിമതീര ജലപാതയുടെ നിർമാണം 62 ശതമാനം പൂർത്തിയായി. 616 കിലോമീറ്റർ നീളമുള്ള പാതയുടെ 381 കിലോമീറ്ററാണ് പൂർത്തിയായത്‌. 2026ൽ പദ്ധതി കമീഷൻ ചെയ്യും. പുനരധിവാസത്തിനും ഭൂമി ഏറ്റെടുക്കലിനുമായി കിഫ്‌ബിയിൽനിന്ന്‌ 2500 കോടിരൂപ അനുവദിച്ചിട്ടുണ്ട്‌. 6500 കോടി രൂപയാണ്‌ ആകെ ചെലവ്. പുഴകളും കനാലുമായി ബന്ധിപ്പിക്കുന്നതാണ്‌ നിർദിഷ്ടപാത. ഉൾനാടൻ ജലഗതാഗതവകുപ്പും കേരള വാട്ടർവെയ്‌സ്‌ ആൻഡ്‌ ഇൻഫ്രാസ്‌ട്രക്‌ചേഴ്‌സ്‌ ലിമിറ്റഡും (ക്വിൽ) ചേർന്നാണ്‌ നടപ്പാക്കുന്നത്‌.
ഒന്നാംഘട്ടത്തിൽ 520 കിലോമീറ്റർ പാത ശുചീകരിച്ചിരുന്നു. രണ്ടാംഘട്ടത്തിൽ ആഴവും വീതിയും കൂട്ടുകയാണ്‌. ബോട്ടും ജങ്കാറും പോകുന്നതിന്‌ 25 മീറ്റർ വീതിയും 2.2 മീറ്റർ ആഴവും വേണം. പാതയ്ക്കായി 1200 കോടി രൂപയുടെ വിശദ പദ്ധതിരേഖ കേന്ദ്രസർക്കാരിന്‌ സമർപ്പിച്ചിരുന്നെങ്കിലും അംഗീകാരം നൽകിയില്ല.

തുടർന്നാണ് സംസ്ഥാന സർക്കാർ സ്വന്തംനിലയിൽ പാത വികസിപ്പിക്കുന്നത്‌. കല്ലായി മുതൽ എരഞ്ഞിക്കൽവരെയുള്ള 11  കിലോമീറ്റർ വികസിപ്പിക്കുന്നതിന്‌ കോഴിക്കോട്‌ കനാൽ സിറ്റി പ്രോജക്ട്‌ എന്ന പേരിൽ  1118 കോടിയുടെ പ്രത്യേക പദ്ധതി തയ്യാറാക്കിയിട്ടുണ്ട്‌.
കോവളംമുതൽ കൊല്ലംവരെയുള്ള 76.18 കിലോമീറ്ററിൽ 60.18 കിലോമീറ്ററും ചാവക്കാടുമുതൽ കോഴിക്കോടുവരെയുള്ള 100 കിലോമീറ്റർവരെയുള്ള ഭാഗവും അടുത്ത വർഷം അവസാനത്തോടെ ദേശീയജലപാത നിലവാരത്തിലാക്കും. വിവിധ ഇടങ്ങളിലായി 85 കിലോമീറ്റർ കനാലാണ്‌ പുതുതായി നിർമിക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top