03 July Thursday

യുവാവിനെ കടലിൽ തിരഞ്ഞത്‌ 2 മണിക്കൂർ; ഒടുവിൽ 
ബന്ധുവീട്ടിൽനിന്ന്‌ കണ്ടെത്തി

വെബ് ഡെസ്‌ക്‌Updated: Saturday Sep 23, 2023
കോവളം > കടൽത്തീരത്തെത്തിയ യുവാവിനെ രണ്ടുമണിക്കൂർ "കാണാതായത്‌' ബന്ധുക്കളെ ആശങ്കയിലാഴ്‌ത്തി. കാറിലെത്തിയ യുവാവ് കടൽ തീരത്തേക്ക്‌ പോയശേഷം കാണാതായി എന്നായിരുന്നു വിവരം. തുടർന്ന്‌ കടലിലും കരയിലും തിരച്ചിൽനടത്തി. രണ്ട് മണിക്കൂർ നീണ്ട ആശങ്കയ്ക്കൊടുവിലാണ്‌ യുവാവ് ബന്ധുവീട്ടിൽ ഉണ്ടെന്ന് വിവരം ലഭിച്ചത്‌. തുടർന്ന് തിരച്ചിൽ അവസാനിപ്പിച്ചു.
 
മുല്ലൂർ ക്ഷേത്രത്തിനുസമീപം കഴിഞ്ഞ രാത്രി 12 ഓടെയായിരുന്നു സംഭവം. പൊലീസിനെയും മറൈൻഫോഴ്‌സിനെയും മണിക്കൂറുകളോളം വട്ടംചുറ്റിച്ച യുവാവ് സുരക്ഷിതനാണെന്ന് അറിഞ്ഞതോടെയാണ് ഏവർക്കും ആശ്വാസമായത്. കൊല്ലം രജിസ്ട്രേഷനിലുള്ള കാർ ക്ഷേത്രത്തിനുസമീപം നിർത്തി കടൽ ഭാഗത്തേക്ക് നടന്നു പോകുന്നത് കണ്ട ആരോ ആണ് പൊലീസിലറിയിച്ചത്. ഉടൻ പൊലീസെത്തി പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. മറൈൻ എൻഫോഴ്സ്മെന്റ് ആംബുലൻസ് എത്തി കടലിലും തിരച്ചിൽ നടത്തി.
 
ഒടുവിൽ കാർ രജിസ്ട്രേഷൻ നമ്പർ മുഖാന്തരം കാറിൽ എത്തിയ ആളുടെ മൊബൈൽ നമ്പർ സംഘടിപ്പിച്ച് രാത്രി രണ്ടോടെ ബന്ധപ്പെടാനായപ്പോഴാണ്‌ ബന്ധുവീട്ടിൽ ഉണ്ടെന്ന് അറിഞ്ഞത്‌. ഇതോടെ കടലിലെ തിരച്ചിൽ നിർത്തി ആംബുലൻസ് പിൻവാങ്ങി. രാവിലെ യുവാവിനെ സ്റ്റേഷൻ വിളിച്ചുവരുത്തി വിശദാംശങ്ങൾ ആരാഞ്ഞു. സംഭവത്തിൽ ദുരൂഹത ഇല്ലെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top